നാലാംവേദിയായ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച ഉച്ചയോടെ ഒരു സ്റ്റാളുയര്‍ന്നു. 'ചുക്കുകാപ്പി', അതും ബണ്ണെ ചുക്കുകാപ്പി' എന്നായിരുന്നു ബാനറിലെ എഴുത്ത്. വ്യാപാരി വ്യവസായി ഏകോപനസമിതി നീലേശ്വരം യൂണിറ്റിന്റെതായിരുന്നു സ്റ്റാള്‍.

കുറേയാളുകള്‍ സംഭവമെന്തെന്നറിയാതെ അതിനുമുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ചുക്കുകാപ്പിയുടെ മണം പരിസരത്തൊക്കെ ഒഴുകിനടക്കാന്‍തുടങ്ങിയെങ്കിലും സൗജന്യമാണോ പണം കൊടുക്കണോ എന്നറിയാത്ത ആശങ്ക. ചിലര്‍ക്ക് ചോദിക്കാനും മടി. ഒടുവില്‍ കാസര്‍കോട്ടുകാര്‍ നേരേചെന്ന് കാപ്പിയും കുടിച്ച് ചുണ്ടുംതുടച്ച് പോകുന്നതുകണ്ടപ്പോഴാണ് മറ്റുജില്ലക്കാര്‍ക്ക് കാര്യംപിടികിട്ടിയത്, പണം കൊടുക്കേണ്ട! അതോടെ സ്റ്റാളിനുമുന്നില്‍ തിരക്കായി. കുറ്റംപറയാന്‍ പറ്റില്ല, നല്ല ഒന്നാന്തരം ചുക്കുകാപ്പി.

അങ്ങനെ കാപ്പികുടിച്ചുകൊണ്ട് ആളുകള്‍ അന്വേഷിക്കാന്‍ തുടങ്ങി. 'ബണ്ണെ' എന്നാല്‍ വെറുതേ, സൗജന്യം എന്നൊക്കെയാണ് അര്‍ഥം. പക്ഷേ, അത് ഏതുഭാഷയാണെന്ന് വ്യാപാരികള്‍ക്കും അറിയില്ല. കാസര്‍കോട്ടുകാര്‍ സാധാരണമായി ഉപയോഗിക്കാറുണ്ട്. അങ്ങനെ ബണ്ണെയുടെ വേരന്വേഷിച്ച് അവസാനം ഗൂഗിളിന്റെ മടയില്‍ത്തന്നെയെത്തി. അപ്പോഴാണ് 1872-ലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ആദ്യത്തെ മലയാളനിഘണ്ടുവില്‍ 'വണ്ണേ' എന്ന പദത്തെ പരാമര്‍ശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഫ്രീലി, അണ്‍ ആസ്‌ക്ഡ് എന്നൊക്കെയാണ് അര്‍ഥം. ഇതുതന്നെയാണ് കാസ്രോട്ടാരുടെ ബണ്ണെ. ഈവാക്ക് ഏതുഭാഷയാണെന്ന് പറയുന്നില്ല. എന്തായാലും ചുക്കുകാപ്പിയുടെ മധുരത്തോടും എരിവിനോടുമൊപ്പം ഒരു കാസര്‍കോടന്‍ വാക്കും സ്വന്തമാക്കിയ സന്തോഷത്തോടെയാണ് കാണികള്‍ കാപ്പികുടിച്ചുപിരിഞ്ഞത്.

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: Kasaragod slang and free dried ginger coffee Kalolsavam 2019