കാഞ്ഞങ്ങാട് നഗരത്തില്‍ കേവലമൊരു ഗ്രാമമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ഐങ്ങോത്ത് കലാകേരളത്തിന്റെ ഹൃദയമാണിപ്പോള്‍. പുരുഷാരം തിങ്ങിനിറഞ്ഞിരിക്കുന്നു. മുഖ്യവേദിയിലെ ആറായിരം പേരുടെ ഇരിപ്പിടം കവിഞ്ഞൊഴുകി. അധികവും സ്ത്രീകളും കൗമാരക്കാരും.

മിക്ക വേദികളിലും ഇതാണ് സ്ഥിതി. ഈ ആള്‍ക്കൂട്ടം കാഞ്ഞങ്ങാട്ട് മുന്‍പ് കണ്ടിട്ടില്ല. വെള്ളിയാഴ്ച റവന്യൂജില്ലയിലെ സ്‌കൂളിന് അവധിനല്‍കിയത് വേദികളിലെ തിരക്ക് കൂട്ടി. കാഞ്ഞങ്ങാട്-നീലേശ്വരം പാതയില്‍ ഗാതഗതക്കുരുക്കൊഴിവാക്കാന്‍ നടത്തിയ പരിഷ്‌കാരം ഫലംകണ്ടെങ്കിലും പതിനായിരങ്ങള്‍ അധികമായി എത്തിയതോടെ അത് പാളി. 'എല്ലാ ഇടവഴികളിലൂടെയും വാഹനങ്ങള്‍ തിരിച്ചുവിട്ടു. പക്ഷേ, അതിനെ കവച്ചുവെക്കുന്നതായിരുന്നു ജനപ്രവാഹം' -ട്രാഫിക് നിയന്ത്രിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഐങ്ങോത്ത് മാത്രമല്ല, കാഞ്ഞങ്ങാട് നഗരമാകെ തിരക്കില്‍മുങ്ങി. 'ഓണത്തിനും വിഷുവിനുമില്ലാത്ത തിരക്കാണിവിടെ' -നഗരത്തിലെ ഒരു വ്യാപാരി പറയുന്നു. പകല്‍മുഴുവന്‍ ഓരോ സര്‍വീസിലും ഇത്രയധികം ആളുകള്‍ തിങ്ങിനിറഞ്ഞുള്ള അനുഭവം ഇതാദ്യമാണെന്ന് ബസ് കണ്ടക്ടര്‍മാര്‍. കുട്ടികളാണെങ്കിലും ഫുള്‍ടിക്കറ്റെടുത്തുള്ള യാത്ര. എപ്പോഴും നഷ്ടക്കണക്ക് പറയുന്ന ബസുകാര്‍ക്ക് ആനന്ദത്തിന്റെ മിന്നലാട്ടം.

കാഞ്ഞങ്ങാട്ടുനിന്ന് ഏഴുകിലോമീറ്റര്‍ അകലെ ഐങ്ങോത്തെ പ്രധാനവേദിയിലേക്കും മറ്റുള്ള വേദികളിലേക്കുമെല്ലാം നിര്‍ത്താതെ ഓട്ടംപോകേണ്ടിവരുന്ന ഓട്ടോറിക്ഷക്കാര്‍. ഇന്ധനവിലവര്‍ധനവും സ്‌പെയര്‍ പാര്‍ട്‌സ് സാധനങ്ങളുടെ വിലക്കയറ്റവും ഓട്ടമില്ലാത്ത ദുരവസ്ഥയും പരിഭവങ്ങളായിപ്പറയുന്ന ഓട്ടോറിക്ഷക്കാര്‍ക്ക് കീശനിറയുന്ന ദിവസങ്ങള്‍. കാഞ്ഞങ്ങാട്ടെ തട്ടുകടകളെല്ലാം രാത്രി ഒമ്പതുവരെ, അതാണ് പതിവ്. എന്നാല്‍, രണ്ടുദിവസമായി പുലരുവോളം ഇവ സജീവമാണ്.

ഹോട്ടലുകാര്‍ക്കുമുണ്ട് മേശവലിപ്പില്‍ പണംനിറയുന്ന അനുഭവം പറയാന്‍. കാലേക്കൂട്ടി സാധനങ്ങള്‍ ശേഖരിച്ചുവെച്ച് പുതുവിഭവങ്ങളിലേക്കും വെവ്വേറെ രുചിക്കൂട്ടിലേക്കും കടന്നുചെന്നു ഹോട്ടലുകാര്‍. രാത്രി 12 മണിവരെ ചില ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നു.

പട്ടണത്തിലെ കടകമ്പോളങ്ങള്‍ മിക്കതും അലങ്കാരദീപങ്ങളാല്‍ നിറഞ്ഞു. സന്ധ്യമയങ്ങുന്നതോടെ പെരുങ്കളിയാട്ടഭൂമിയിലേക്ക് പോകുന്ന അനുഭവമാണ് രണ്ടുദിവസമായി കാഞ്ഞങ്ങാടിനെന്ന് ജില്ലയിലെ മറ്റിടങ്ങളില്‍നിന്നുള്ളവര്‍ പറയുന്നു. സിനിമാശാലകളില്‍ ടിക്കറ്റ് കിട്ടാനില്ല. ക്ഷേത്രങ്ങളിലും പള്ളികളിലും ചര്‍ച്ചുകളിലുമെല്ലാം അതിരാവിലേ തിരക്കനുഭവപ്പെടുന്നു. പെട്രോള്‍ പമ്പുകളില്‍ ക്യൂ. ഐസ്‌ക്രീം പാര്‍ലറുകളില്‍ നിന്നുതിരിയാനിടമില്ലാത്തത്രയും തിരക്കാണ്. 

'കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ഏതെങ്കിലും ഹോട്ടലില്‍ മുറിയെടുക്കും. നേരേ മത്സരത്തിലേക്ക്. കഴിഞ്ഞാല്‍ മടക്കം. ഇതാണ് പതിവ്. ഇതിപ്പോള്‍ വീട്ടിലായതിനാല്‍ ഞങ്ങള്‍ക്ക് വലിയ സുരക്ഷിതത്വം തോന്നുന്നു. വീട്ടുകാര്‍തന്നെ ഞങ്ങളെ ആനന്ദാശ്രമത്തിലേക്കും നിത്യാനന്ദാശ്രമത്തിലേക്കും കടലോരത്തേക്കും, എന്തിനേറെപ്പറയുന്നു, കുറച്ചകലെ ബേക്കല്‍ കോട്ടയിലേക്കുവരെ കൂട്ടിക്കൊണ്ടുപോകുന്നു. ശരിക്കുമൊരു ഉല്ലാസയാത്രയ്ക്കു വന്നതുപോലുണ്ട്...' -അതിയാമ്പൂരിലെ ഒന്നിലേറെ വീടുകളില്‍ താമസിക്കുന്ന തെക്കന്‍ ജില്ലയില്‍നിന്നെത്തിയവര്‍ ഒരേസ്വരത്തില്‍ പറഞ്ഞു.

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: Kerala State School Kalolsavam 2019 Special Story