വേദി ഒന്ന്, ഐങ്ങോത്ത് മൈതാനം. മണവാട്ടിയും മൊഞ്ചത്തിമാരും വേദിനിറഞ്ഞ് കയ്യടിച്ച് പാടിയാടിയപ്പോള്‍ താളം പിടിച്ച് സദസ്സും ഒപ്പം ചേര്‍ന്നു. മാരനെ കാത്തിരിക്കുന്ന മണവാട്ടിയേയും മൊഞ്ചത്തിമാരേയും കാണാനുള്ള തിരക്കില്‍ വീര്‍പ്പുമുട്ടുകയായിരുന്നു അക്ഷരാര്‍ഥത്തില്‍ ഐങ്ങോത്ത് ഗ്രൗണ്ട്. ഓരോ ഒപ്പന മത്സരം കഴിയുമ്പോഴും കാണികളില്‍ പലരും മൊഞ്ചത്തിമാരെ കാണാന്‍ സ്റ്റേജിനു പിന്നിലെത്തി. സെല്‍ഫിയെടുക്കാനും വിശേഷം ചോദിക്കാനുമുള്ള തിരക്കായിരുന്നു പിന്നെ. 

മറ്റൊരു മത്സരത്തിനുമില്ലാത്ത തിരക്കായിരുന്നു സംസ്ഥാന കലോത്സവത്തിന്റെ ഒന്നാം വേദിക്കരികെ ഇന്ന് ഉച്ചമുതല്‍ അനുഭവപ്പെട്ടത്.

oppana
ഒപ്പന സദസ്സിലെ തിരക്ക്‌

26 മത്സരാര്‍ഥികളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. കൃത്യസമയത്ത് തുടങ്ങിയതിനാല്‍ രാത്രി ഏറെ വൈകാതെ മത്സരം അവസാനിപ്പിക്കാനായി. രണ്ടരയോടെ ആരംഭിച്ച മത്സരം രാത്രി 10 മണിക്കുള്ളില്‍ അവസാനിച്ചിരുന്നു. അതിനാല്‍ തന്നെ കുട്ടികളുടേയും രക്ഷിതാക്കളുടേയും ഭാഗത്ത് നിന്നും മുന്‍വര്‍ഷങ്ങളിലേത് പോലെ വ്യാപകമായ പരാതികളും ഉയര്‍ന്നില്ല. 

oppana state school kalolsavam kanhangad
മത്സരത്തിനുശേഷം സ്‌റ്റേജിനു പിന്നില്‍ കുട്ടികള്‍ തളര്‍ന്നുകിടക്കുന്നു

എന്നാല്‍ കുട്ടികളില്‍ ചിലര്‍ മത്സരത്തിന് ശേഷം കുഴഞ്ഞുവീണത് അല്‍പം പരിഭ്രാന്തി പരത്തി. മേക്കപ്പും ഡ്രസ്സും ഇട്ട് കാത്തിരിക്കുന്നതിലെ ക്ഷീണവും കളിക്കിടെ ടെന്‍ഷന്‍ കൂടുന്നതുമാണ് കുഴഞ്ഞുവീഴുന്നതിന് കാരണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. തളര്‍ന്നുവീണ കുട്ടികള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. 

oppana
മത്സരത്തിനുശേഷം തളര്‍ന്നുകിടക്കുന്ന മത്സരാര്‍ഥി: ചിത്രം: ശംഭു വിഎസ്‌

Content Highlights: State School Youth Festival, Oppana