കാഞ്ഞങ്ങാട്: മേള തുടങ്ങും മുമ്പേ കൊവ്വല്‍പ്പള്ളിയിലെ ഭക്ഷണശാലയില്‍ തിരക്കോടുതിരക്ക്. സ്റ്റാളുകളുടെ അവസാനഘട്ട നിര്‍മാണവും ശുചീകരണവും ചൊവ്വാഴ്ച രാവിലേതുടങ്ങി.

വൈകീട്ട് കലവറനിറയ്ക്കല്‍ നടന്നു. പച്ചക്കറിയും മറ്റും തരംതിരിച്ചിരിക്കുകയാണ്. പാചകപ്പുരയുടെ ചുമതലയുള്ള പഴയിടം മോഹനന്‍ നമ്പൂതിരി ബുധനാഴ്ച രാവിലെ പാലുകാച്ചും.

ദിവസം 8000 പേര്‍ക്ക് പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് 15,000 പേര്‍ക്കുള്ള സദ്യയുമാണ് ഒരുക്കുന്നത്. വൈകീട്ട് ചായയ്ക്ക് ആറായിരം പേരെയും രാത്രിഭക്ഷണത്തിന് എട്ടായിരം പേരെയു പ്രതീക്ഷിക്കുന്നു. ഒരേസമയം 3,000 പേര്‍ക്ക് കഴിക്കാവുന്ന ശാലയാണ് ഒരുങ്ങിയത്. 150 പേര്‍ക്ക് ഒന്നിച്ചിരിക്കാവുന്ന 20 നിരകള്‍.

ഒരു ക്യാബിനില്‍ വിളമ്പാന്‍ 15 അധ്യാപകരും അഞ്ച് വൊളന്റിയര്‍മാരും ഉണ്ടാകും. പ്രഭാതഭക്ഷണ സമയം മുതല്‍ ഉച്ചഭക്ഷണം വരെയും വൈകീട്ട് ചായസമയം മുതല്‍ രാത്രി അത്താഴംവരെയും രണ്ട് ഷിഫ്റ്റുകളിലാണ് അധ്യാപകര്‍ പ്രവര്‍ത്തിക്കുക.

ഭക്ഷണ കമ്മിറ്റിക്ക് കീഴില്‍ 21 ഉപസമതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

1.2 ലക്ഷം ഇല, അരലക്ഷം ലിറ്റര്‍ വെള്ളം

നല്ല കുറുവയരിയുടെ ചോറ് പായസംകൂട്ടി ഇലയിലുണ്ണാം... ഇതിനായി 1.2 ലക്ഷം ഇലകളാണ് ഇറക്കുന്നത്. ഹോര്‍ട്ടി കോര്‍പിനാണ് ഇത് എത്തിക്കേണ്ട ചുമതല. ഭക്ഷണം പാകംചെയ്യാന്‍ ദിവസേന വേണ്ടത് 50,000 ലിറ്റര്‍ വെള്ളം. വാട്ടര്‍ അതോറിറ്റി ചാമുണ്ഡിക്കുന്നിലെ പ്ലാന്റില്‍നിന്ന് വെള്ളം എത്തിക്കും. 5,000 ലിറ്ററിന്റെ രണ്ട് ടാങ്കുകള്‍ പാചകശാലയ്ക്ക് സമീപം സ്ഥാപിക്കും.

ഭക്ഷണ അവശിഷ്ടങ്ങളുടെ സംസ്‌കരണം കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യവിഭാഗം ഏറ്റെടുത്തിട്ടുണ്ട്. പാചകത്തിനുള്ള പച്ചക്കറികളും അരിയും മറ്റും കഴുകിയ വെള്ളം രണ്ട് കുഴികളിലേക്ക് വിടും. ഇവിടെനിന്ന് വെള്ളവും പുറത്തേക്ക് കൊണ്ടുപോകും. കൈകഴുകുന്ന വെള്ളം ഒഴുക്കിവിടാന്‍ പുറത്ത് സംവിധാനമുണ്ട്. ഭക്ഷണശാലയ്ക് സമീപം ഇ-ടോയലറ്റുകളും സ്ഥാപിക്കും.

പഴമ ചോരാതെ പഴയിടം

നാല് ദിവസം മൂന്നുതരം പ്രഥമനും പാല്‍പ്പായസവുമാണ് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ രുചിക്കൂട്ടില്‍ പിറക്കുന്നത്. കാസര്‍കോടന്‍ രുചിയായ ഗോളിക ഉദ്ഘാടനദിവസം വിളമ്പും. പാചകത്തിനായി മൂന്ന് ലോഡ് പാത്രങ്ങളും അമ്പതംഗ സംഘവുമായാണ് പഴയിടം മോഹനന്‍ നമ്പൂതിരി കാഞ്ഞങ്ങാട്ടെത്തുന്നത്. രാവിലെ 7.30 മുതല്‍ പ്രഭാതഭക്ഷണം കഴിക്കാം. പാലട പ്രഥമനും ഗോളികയും അവിയലും പുളിശ്ശേരിയും കൂട്ടിയാണ് ആദ്യദിനത്തെ ഉച്ചഭക്ഷണം.

കൂട്ടുകറിയും കിച്ചടിയ്ക്കുമൊപ്പം പരിപ്പ് പ്രഥമനും കൂട്ടിയാണ് രണ്ടാംദിനം സദ്യ. 30-ന് മിക്‌സഡ് തീയലും പഴം പ്രഥമനും അവസാനദിവസം പാല്‍പായസവും കൂട്ടിയാണ് സദ്യ.

11.30 മുതല്‍ 2.30 വരെ ഉച്ചഭക്ഷണം കഴിക്കാം. വൈകീട്ട് നാലുമുതല്‍ ഒന്നര മണിക്കൂറാണ് വൈകുന്നേരത്തെ ചായ. പരിപ്പ് വടയും സുഹിയനും ബജിയുമാണ് കൂട്ട്. അത്താഴം രാത്രി ഏഴുമണി മുതല്‍ 9.30 വരെ. അവസാനദിവസം രാത്രി പച്ചക്കറി ബിരിയാണിയുടെ പായ്ക്കറ്റ് നല്‍കും.

Content Highlights: State School Youth Festival 2019