കാഞ്ഞങ്ങാട്/ചെറുവത്തൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ ചാമ്പ്യന്‍മാര്‍ക്ക് സമ്മാനിക്കാനുള്ള 117 പവന്‍ സ്വര്‍ണക്കപ്പ് തിങ്കളാഴ്ച രാവിലെ 10 ന് കണ്ണൂര്‍-കാസര്‍കോട് ജില്ലകള്‍ അതിരിടുന്ന കാലിക്കടവിലെത്തിയപ്പോള്‍ അസാധാരണ ജനസഞ്ചയമാണ് തടിച്ചുകൂടിയത്. കാഞ്ഞങ്ങാട്ട് കപ്പെത്തുംവരെ ഏറിയും കുറഞ്ഞും അലകടല്‍പോലെ നാട്ടുകാരും വിദ്യാര്‍ഥികളും ഒഴുകിയെത്തി. സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പുതിയകോട്ടയില്‍ കപ്പ് ഏറ്റുവാങ്ങി.

കാലിക്കടവില്‍ ആയിരങ്ങളെ സാക്ഷിയാക്കി എം.രാജഗോപാലന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.പുഷ്പ, ട്രോഫിക്കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് വിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം.കെ.ഷൈന്‍മോനില്‍നിന്ന് ഏറ്റുവാങ്ങി. കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യന്‍മാരായ കോഴിക്കോട്ടുനിന്നാണ് പ്രയാണം തുടങ്ങിയത്.

കാലിക്കടവില്‍ അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തെ അനുസ്മരിച്ച് 60 വീതം മുത്തുക്കുടകള്‍, സ്റ്റുഡന്റ് പോലീസ്, ജേസീസ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ അണിരന്ന ഘോഷയാത്രയോടെ പിലിക്കോട് ഗവ. ഹയര്‍സക്കന്‍ഡറി സ്‌കളില്‍ വരവേറ്റു. തൃക്കരിപ്പൂര്‍ സെയ്ന്റ് പോള്‍സ് സ്‌കൂള്‍ കുട്ടികളുടെ ബാന്‍ഡ് മേളം മുന്നിലായി താളമിട്ടു. ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ അണിനിരന്ന ഘോഷയാത്ര കാലിക്കടവിന്റെ രാജവീഥികളെ അക്ഷരാര്‍ഥത്തില്‍ പുളകമണിയിച്ചു.

school students
സ്വര്‍ണകപ്പ് ഘോഷയാത്ര കാണാന്‍ കാത്തുനിന്ന സ്‌കൂള്‍ കുട്ടികള്‍

പിലിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തങ്കയം എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്വര്‍ണക്കപ്പില്‍ പുഷ്പവര്‍ഷം നടത്തി. രണ്ടാമത്തെ സ്വീകരണകേന്ദ്രമായ ചെറുവത്തൂര്‍ കൊവ്വല്‍ എ.യു.പി. സ്‌കൂളിലേക്ക് രാജോചിത വരവേല്‍പ്പായിരുന്നു. ചെറുവത്തൂര്‍ ടൗണ്‍ വലംവെച്ച് നീങ്ങിയ ഘോഷയാത്രയുടെ മുന്‍നിരയില്‍ കുട്ടമത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മദര്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ ഇരുചക്രവാഹനങ്ങള്‍ അകമ്പടി സേവിച്ചു. സ്വീകരണയോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. നീലേശ്വരത്ത് കരുവാച്ചേരി കാര്‍ഷിക ഗവേഷണകേന്ദ്ര പരിസരത്തു നിന്ന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജയരാജന്‍, വൈസ് ചെയര്‍പേഴ്സണ്‍ വി.ഗൗരി, പി.പി.മുഹമ്മദ് റാഫി, പി.എം.സന്ധ്യ, എറുവാട്ട് മോഹനന്‍, പി.രാധ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഘോഷയാത്രയ്ക്ക് മുന്‍പിലായി അണിനിരന്ന ദഫ്മുട്ട് ശ്രദ്ധേയമായി. ഘോഷയാത്രയില്‍ അണിനിരന്ന മുത്തുക്കുടകളും സ്വീകരിക്കാനെത്തിയ മുത്തുക്കുടകളും മുഖമുഖാമെത്തിയപ്പോള്‍ കുടമാറ്റത്തിന്റെ പ്രതീതി ജനിപ്പിച്ചു.

നീലേശ്വരത്ത് ഘോഷയാത്ര വഴിമാറി

നീലേശ്വരത്ത് സ്വര്‍ണക്കപ്പ് ഘോഷയാത്ര രണ്ടായി തിരിഞ്ഞത് ആവേശത്തിന് മങ്ങലേല്‍പ്പിച്ചു. ചെറുവത്തൂരിലെ സ്വീകരണത്തിനുശേഷം രണ്ടുമണിയോടെയാണ് നീലേശ്വരം നഗരസഭയിലെ കരുവാച്ചേരിയിലെത്തിയത്.

യാത്ര എത്തുന്ന സമയത്തിലെ ആശയക്കുഴപ്പം കാരണം ഏതാനും വിദ്യാര്‍ഥികളേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. മൂന്നരെയ്ക്കത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെന്ന് നഗരസഭാധ്യക്ഷന്‍ പ്രൊഫ. കെ.പി.ജയരാജന്‍ പറയുന്നു. എന്നാല്‍, നേരത്തെ നിശ്ചയിച്ചത് രണ്ടുമണിയാണെന്ന് ട്രോഫി-സ്വീകരണക്കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. മുക്കാല്‍ മണിക്കൂറോളം കപ്പും വഹിച്ച് ഘോഷയാത്ര കരുവാച്ചേരിയില്‍ കാത്തുനിന്നു. നഗരസഭാ ഭാരവാഹികള്‍ എത്തിയശേഷം മുത്തുക്കുടയും ബാന്‍ഡുമേളവും മറ്റുമായി സ്വീകരണം ഭംഗിയായി മുന്നേറി. നീലേശ്വരത്തെ പൊതുയോഗവേദി എന്‍.കെ.ബാലകൃഷ്ണന്‍ സ്മാരക സ്‌കൂളായിരുന്നു. അവിടെ വന്‍ ജനാവലി തടിച്ചുകൂടി. മാര്‍ക്കറ്റ് ജങ്ഷന്‍ വലംവെച്ച് സ്വീകരണവേദിയിലേക്ക് ഒരു വിഭാഗം നീങ്ങിയപ്പോള്‍ നഗരസഭാഭാരവാഹികള്‍ കപ്പുമായി നേരെ ബസ്സ്റ്റാന്‍ഡിലേക്ക് നീങ്ങി. ഇവര്‍ ബസ്സ്റ്റാന്‍ഡ് ചുറ്റി തിരികെ വരാന്‍ അരമണിക്കൂറെടുത്തു. തുടര്‍ന്നാണ് യോഗം തുടങ്ങിയത്.

ഘോഷയാത്ര നഗരപ്രദക്ഷിണം നടത്തണമെന്ന് നേരത്തെ തീരുമാനിച്ചതാണെന്നും കലോത്സവവേദിയുള്ള രാജാസ് സ്‌കൂള്‍ സ്പര്‍ശിക്കാതെ ഘോഷയാത്ര കടന്നുപോകുന്നത് അനൗചിത്യമാകുമായിരുന്നെന്നും പ്രൊഫ. ജയരാജന്‍ പറഞ്ഞു.