കാഞ്ഞങ്ങാട്: അറുപതാമത് കൗമാരകലാവസന്തത്തെ വരവേല്‍ക്കാന്‍ മഹാകവികളുടെയും കലാകാരന്‍മാരുടെയും കര്‍ഷകസമരങ്ങളുടെയും നാടൊരുങ്ങി. ചെറുനഗരമായ കാഞ്ഞങ്ങാടിന് പുരുഷാരത്തെ ഉള്‍കൊള്ളാന്‍ പരിമിതികളുണ്ട്, പക്ഷേ, ഉത്സാഹം ബഹുദൂരം മുന്നിലാണ്. രണ്ടുവേദികളുള്ള നീലേശ്വരവും കലയുടെ ആവേശത്തില്‍ കണ്ണിചേരുന്നുണ്ട്. സംസ്ഥാനകലോത്സവം ജില്ലയില്‍ രണ്ടാംതവണയാണ്. 1991-ല്‍ കാസര്‍കോട്ടായിരുന്നു ആദ്യം. 28 വര്‍ഷത്തിനുശേഷം വീണ്ടുമെത്തുന്നത് കാഞ്ഞങ്ങാട്ടും.

നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ നടക്കുന്ന കലാമാമാങ്കത്തിന് മണ്‍മറഞ്ഞ മഹാരഥന്‍മാരുടെ പേരുവഹിക്കുന്ന 31 വേദികള്‍. ബല്ലാ ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വേദിയില്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ വിദ്യാഭ്യാസപ്രദര്‍ശനം 'ദിശ'. പുതിയ ബസ്സ്റ്റാന്‍ഡിലെ ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക വേദിയില്‍ സാംസ്‌കാരികപരിപാടികളും മറ്റൊന്നില്‍ പ്രദര്‍ശനവും. ബാക്കി 28 എണ്ണത്തിലാണ് പുതുനാമ്പുകള്‍ മികവുപരീക്ഷിക്കുന്നത്. പ്രധാന വേദിയായ ഐങ്ങോത്തെ ഒന്നാംവേദി മഹാകവി പിയുടെ പേരിലാണ്. രണ്ടാംവേദി മഹാകവി പി.കുട്ടമത്തിന്റെ പേരിലും. സ്റ്റാര്‍ ഇനങ്ങളായ മോഹിനിയാട്ടം, ഭരതനാട്യം, സംഘനൃത്തം, ഒപ്പന തുടങ്ങിയവ ഈ വേദികളിലാണ്.

വ്യാഴാഴ്ച രാവിലെ എട്ടിന് പ്രധാനവേദിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു പതാകയുയര്‍ത്തും. 9-ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.