കാഞ്ഞങ്ങാട്: ശബ്ദസംവിധാനത്തില്‍ വീഴ്ചയുണ്ടെന്നാരോപിച്ച് നാടന്‍പാട്ട് വേദിക്കു മുന്നില്‍ നാടന്‍പാട്ട് പാടി പ്രതിഷേധം. ഇടുങ്ങിയ വേദിയില്‍ മുഴക്കമുണ്ടെന്നാരോപിച്ചും 2000 വാട്‌സ് ശബ്ദസംവിധാനം അപര്യാപ്തമാണെന്നുമാരോപിച്ചാണ് പരിശീലകരുടെ നേതൃത്വത്തില്‍ വേദിക്കു മുന്നില്‍ പ്രതിഷേധം അരങ്ങേറിയത്.

മാനുവലില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് പരാതിയില്ലാത്ത ശബ്ദ സംവിധാനം സംഘാടകര്‍ ഏര്‍പ്പെടുത്തിയില്ലെന്നാണ് അവര്‍ ആരോപിക്കുന്നത്. 5000 വാട്‌സ് ശബ്ദസംവിധാനം ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് മണിക്കൂറുകള്‍ എടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞപ്പോള്‍ പ്രതിഷേധം തുടങ്ങി. 

കുറച്ചുപേര്‍ വേദിക്ക് മുന്നില്‍ കുത്തിയിരുന്ന് നാടന്‍പാട്ട് പാടി പ്രതിഷേധിച്ചു. ഇതോടെ പോലീസിന് ഇടപെടേണ്ടി വന്നു. 

സ്റ്റേജ് മാനേജരുടെ നിര്‍ദേശപ്രകാരം കോഴിക്കോട് ഡിവൈഎസ്പി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നാല് പേരെ ബലം പ്രയോഗിച്ച് മാറ്റി. എന്നാല്‍ ഇവരെ പിന്നീട് അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചു. ഒരു മണിക്കൂറോളമാണ് പരിപാടി വൈകിയത്. 

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം

Conent highlights: Protest in Folk Song competition Kalolsavam, Kanjangad