കാഞ്ഞങ്ങാട്: അറുപതാം സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളിലെ മത്സരങ്ങള്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ തകൃതിയായി മുന്നേറുമ്പോള്‍ പ്രധാന വേദിക്ക് പുറമേ ഒരുകൂട്ടം അധ്യാപകര്‍ ഭിക്ഷ യാചിച്ച് പ്രതിഷേധിക്കുകയാണ്. സ്ഥിരം നിയമനമില്ലാത്ത അധ്യാപകരോട് കാലങ്ങളായി സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അനീതിക്കെതിരേയാണ് നോണ്‍ അപ്രൂവല്‍ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അധ്യാപകരുടെ പ്രതിഷേധം.

kalolsavam

കലോത്സവം കാണാനെത്തുവരോട് ഭിക്ഷ യാചിച്ചും കഴുത്തില്‍ കയല്‍കെട്ടി പ്രതീകാത്മക മരണം വരിക്കലും നടത്തിയാണ് അധ്യാപകര്‍ പ്രതിഷേധിക്കുന്നത്. ഭിക്ഷാടനത്തിലൂടെ ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് അധ്യാപകരുടെ തീരുമാനം. 

തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ തുറന്നുകാണിക്കുന്ന വാചകങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പൊരുവെയിലത്തായിരുന്നു ഇവരുടെ പ്രതിഷേധ കൂട്ടായ്മ. സ്‌കൂളിലെ ജോലി സമയത്തിന് ശേഷം മറ്റുജോലികള്‍ ചെയ്ത് പണം കണ്ടെത്തി കുടുംബം നോക്കേണ്ട അവസ്ഥയാണ് ഞങ്ങള്‍ക്കുള്ളതെന്നും ഇവര്‍ പറയുന്നു.

kalolsavam

നാല് മുതല്‍ ആറ് വര്‍ഷമായി ശബളം പോലും കിട്ടാതെ പണിയെടുക്കുന്ന അധ്യാപകര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. 2016-17 വര്‍ഷം മുതല്‍ അഡീഷ്ണല്‍ പോസ്റ്റില്‍ നിയമിതരായ അധ്യാപര്‍ക്ക് നിയമനാഗീകാരം നല്‍കുക, എയ്ഡഡ് മേഖലയിലെ 100 ശതമാനം തസ്തികകളിലും സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്ന കെഇആര്‍ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിക്കുക, കായിക അധ്യാപകരുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലയിലുള്ള അധ്യാപകരുടെ ഈ പ്രതിഷേധം. 

ഇനിയെങ്കിലും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂലമായ പരിഗണനയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ അധ്യാപകര്‍.

Content Highlights: non approval teachers association protest kerala school kalolsavam venue