കാഞ്ഞങ്ങാട്: വിധികർത്താക്കളുടെയും പ്രധാന സംഘാടകരുടെയും മൊബൈൽ നമ്പറുകൾ വിജിലൻസിന് കൈമാറിയിട്ടുണ്ടെന്നും ഇവർ സദാ നിരീക്ഷണത്തിലായിരിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു അറിയിച്ചു.

സംസ്ഥാന കലോത്സവത്തിൽ രണ്ടുതവണ വിധികർത്താക്കളായവർക്ക് മൂന്നാംതവണ അവസരം നൽകില്ല. മത്സരാർഥികളെ പരിശീലിപ്പിച്ചവരെയും ഒഴിവാക്കിയിട്ടുണ്ട്. പരമാവധി മുൻകരുതൽ എടുത്തിട്ടുണ്ട്.

Logoമത്സരം തീർന്ന് ഫലപ്രഖ്യാപനം വരുന്നവരെ വിധികർത്താക്കളെപ്പറ്റി പരാതി ഉണ്ടാകാറില്ല. തങ്ങൾ ഉദ്ദേശിച്ച ഫലം കിട്ടിയില്ലെങ്കിലാണ് അധികപേരും ആക്ഷേപവുമായി വരുന്നത്- അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

2017-ൽ അപ്പീൽ പ്രളയമായിരുന്നു. കഴിഞ്ഞവർഷം കർശന നിബന്ധനകൾ കൊണ്ടുവന്നതിനാൽ കാര്യമായി കുറയ്ക്കാൻ കഴിഞ്ഞു. ഇത്തവണ അപ്പീൽ പരിഗണിക്കാൻ വിദഗ്ധരും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും അടങ്ങുന്ന പ്രത്യേകസമിതി ലിറ്റിൽ ഫ്ളവർ സ്കൂളിൽ പ്രവർത്തിക്കും.

ആദിവാസികളുടെ പരമ്പരാഗത ഇനങ്ങൾ മത്സരത്തിൽ ഉൽപ്പെടുത്താൻ പരിമതിയുണ്ട്. മിക്കവയും അനുഷ്ഠാനങ്ങളായി നടത്തുന്നവയാണ്. അത് മത്സര ഇനങ്ങളാക്കിയാൽ തടസ്സങ്ങൾ ഉയർന്നേക്കാം.

തെയ്യം പ്രദർശനവത്‌കരിക്കുന്നതിനെതിരേ ഇപ്പോൾത്തന്നെ ആക്ഷേപമുണ്ട് -അദ്ദേഹം ചൂണ്ടിക്കാട്ടി. ബല്ല ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ദിശ വിദ്യാഭ്യാസ പ്രദർശനം പരമാവധി പേർ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, സ്പേസ് ടെക്ക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാനപങ്ങളിലെ അവസരങ്ങൾ പരിചയപ്പെടുത്തുന്നതാണ്.

പ്ലസ് ടു വിദ്യാർഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. വിദഗ്ധരുടെ സെമിനാറും ഉണ്ടാകും. 2017-ൽ പരിഷ്കരിച്ച കലോത്സവ മാന്വൽ പ്രകാരമാണ് ഇപ്പോൾ കലോത്സവം നടക്കുന്നത്. പുതിയ നിർദേശം വന്നാൽ മാന്വൽ കമ്മിറ്റിക്ക് സമർപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്രസമ്മേളനത്തിൽ അഡീഷണൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സി.എ.സന്തോഷ്, ജോയിന്റ് ഡയരക്ടർ എം.കെ.ഷൈമോൻ ഡോ. പി.പി.പ്രകാശൻ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.വി.പുഷ്പ, ജിജി തോമസ്, സദാശിവൻ എന്നിവരും പങ്കെടത്തു.

Contnet highlights: Mobile Number of Judges are collected by Vigilance State Youth Festival 2019