1997ലെ സംസ്ഥാന കലോത്സവത്തിലെ ഒന്നാംസ്ഥാനത്തിന്റെ ഓര്‍മയുമായാണ് മാപ്പിളപ്പാട്ട് കലാകാരന്‍ ഷംസദ് എടരിക്കോട് ഇത്തവണ കാഞ്ഞങ്ങാട് എത്തിയത്.  താത്കാലിക ചിത്രകലാ അധ്യാപകനാണെങ്കിലും മാപ്പിളപ്പാട്ടുകളോടാണ് ഷംസദിന് എന്നും പ്രിയം. ഒപ്പം കഴിഞ്ഞ പതിനേഴ് വര്‍ഷങ്ങളായി വിവിധ ജില്ലകളില്‍ നിന്നുള്ള വട്ടപ്പാട്ട് ടീമുകളുടെ പരിശീലകന്‍ കൂടിയാണ് ഷംസദ്.

ഇന്ന് കലോത്സവ വേദിയിലെ ഗ്ലാമര്‍ ഇനങ്ങളിലൊന്നാണ് വട്ടപ്പാട്ട്. വട്ടപ്പാട്ട് എന്ന കല ജനകീയമല്ലാതിരുന്ന കാലത്താണ് ഷംസദ് വട്ടപ്പാട്ടിലേക്ക് എത്തുന്നത്. എന്നാല്‍ ഇന്ന് അതില്‍ നിന്നെല്ലാം വളരെ മാറ്റം സംഭവിച്ചിട്ടുണ്ട്. ഒപ്പം കലാരൂപത്തിനും കാലത്തിനനുസരിച്ച് പലമാറ്റങ്ങളും വന്നുകഴിഞ്ഞതായി പറയുകയാണ് ഷംസദ്.

കഴിഞ്ഞ പതിനേഴ് വര്‍ഷമായി സംസ്ഥാന, ജില്ലാ കലോത്സവങ്ങളില്‍ വിവിധ ടീമുകളുടെ മലപ്പുറം ജില്ലയിലെ എടരിക്കോട് സ്വദേശിയായ ഷംസദ്. പരിശീലകനാണ് ഷംസദ്. മാപ്പിളകലയില്‍ രണ്ടാം റാങ്കോടുകൂടി ഫെലോഷിപ്പ് ജോതാവ് കൂടിയാണ്. അതോടൊപ്പം തന്നെ ഷംസദിന്റെ പലവരികളും ഇന്ന് സംസ്ഥാന കലോത്സവവേദിയിലെ വട്ടപ്പാട്ട് മത്സരത്തിലെ പാട്ടുകളായി മാറിയപ്പോള്‍ അതിന്റെ സന്തോഷവും ഇരട്ടിയാണ്. നാല്പ്പതിലേറെ സെറ്റ് പാട്ടുകളാണ് ഷംസദ് ഇതിനോടകം തന്നെ എഴുതിയിട്ടുള്ളത്.  

സിനിമാപ്പാട്ടിന്റെ സ്വാധീനം പ്രകടമാണ്

യൂട്യൂബിലൂടെ കണ്ടും അല്ലാതെയുമൊക്കെയാണ് പലപ്പോഴും വരികള്‍ പല ടീമുകളും കണ്ടെത്താറുള്ളത്. ചിലര്‍ നേരിട്ട് തന്നെ മാപ്പിളപ്പാട്ട് ഗാനത്തിന്റെ വരികള്‍ ചോദിച്ച് വാങ്ങാറുമുണ്ട്. പക്ഷേ പലപ്പോഴും ആ വരികള്‍ തെറ്റിച്ച് പാരായണം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ഓരോ വാക്കിനും ഓരോ അര്‍ഥമാണ് ഉള്ളത്. അതുകൊണ്ട് തന്നെ വരികള്‍ തെറ്റിച്ച് കേള്‍ക്കുമ്പോള്‍ പ്രയാസം തോന്നാറുണ്ട്. കൂടാതെ പാട്ടിന്റെ ശൈലിയിലും ഈണത്തിലും ഇപ്പോള്‍ സിനിമപ്പാട്ട് വലിയൊരു സ്വാധീനവും കണ്ടുവരുന്നുണ്ട്. 'വാരായോ വെണ്ണിലാവേ' എന്ന പഴയ തമിഴ്പാട്ട് മാപ്പിളപ്പാട്ട് ഈണത്തില്‍ പാടി കേട്ടിട്ടുണ്ട്. പക്ഷേ അത് പല വട്ടപ്പാട്ട് ടീമുകളും ആ പാട്ട് പാടി കേട്ടിട്ടുണ്ട്.എന്നാല്‍ അത് തെറ്റാണെന്നല്ല, എന്നാല്‍ വട്ടപ്പാട്ട് പോലുള്ള തനത് കലാരൂപങ്ങളില്‍ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതിരിക്കണമെന്നാണ് അഭിപ്രായം. പരിശീലനം നല്‍കുമ്പോള്‍ ഇത്തരംകാര്യങ്ങളില്‍ കൃത്യമായി വ്യക്തത വരുത്താറുണ്ടെന്നും ഷംസദ് പറയുന്നു.
 
മോഡി എത്ര കൂട്ടിയാലും തനിമ വിടാറില്ല

വട്ടപ്പാട്ട് പോലുള്ള ഇനങ്ങളില്‍ പലപ്പോഴും പലരീതിയിലും മോഡി കൂട്ടാന്‍ ശ്രമിക്കാറുണ്ട്. പാട്ട് വലിയൊരു ഘടകമാണ്. അത് കൂടാതെ പ്രകടമായ മറ്റൊന്നാണ് വസ്ത്രത്തിലേത്. പലപ്പോഴും മാലയിലും തൊപ്പിയിലുമൊക്കെ പ്രകടമാകാറുമുണ്ട്. കൂടാതെ അടുത്തിടെയായി അലങ്കാരങ്ങളൊക്കെ കൂട്ടിയിട്ടുണ്ട്. എന്നാല്‍ വട്ടപ്പാട്ട് പോലുള്ള കലകളില്‍ അതിന്റെ തനിമ ഒട്ടും ചോരാതെ വേണം കലോത്സവ വേദികളിലെത്തിക്കാന്‍.  

Content highlights: mappilappattu performer shamsad at kerala school kalolsavam