കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വ്യാഴാഴ്ച ഐങ്ങോത്തെ പ്രധാനവേദിയില്‍ തിരിതെളിയും. നീലേശ്വരത്തെ രണ്ടെണ്ണമടക്കം 28 വേദികളിലാണ് മത്സരങ്ങള്‍.

വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ ഒന്നുവരെ നടക്കുന്ന കലോത്സവത്തില്‍ 14 ജില്ലകളില്‍ നിന്നായി എണ്ണായിരത്തിലേറെ പ്രതിഭകളാണ് പങ്കെടുക്കുന്നത്. കലോത്സവചരിത്രത്തിലാദ്യമായി മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും ട്രോഫിനല്‍കുന്ന മേളകൂടിയാണിത്. രജിസ്ട്രേഷന്‍ സമയത്തുതന്നെ ട്രോഫി നല്‍കാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസവകുപ്പുദ്യോഗസ്ഥരും ട്രോഫിക്കമ്മിറ്റിയും അറിയിച്ചു. ബുധനാഴ്ച രജിസ്ട്രേഷന്‍ തുടങ്ങും.

തെക്കന്‍ ജില്ലകളില്‍നിന്നുള്ള മത്സരാര്‍ഥികള്‍ രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസില്‍ കാഞ്ഞങ്ങാട്ടെത്തും. ഇവരെ സംഘാടകസമിതി ചെയര്‍മാന്‍കൂടിയായ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.

വേദികളുടെയും പരിസരങ്ങളുടെയും ശുചീകരണത്തിന് ചൊവ്വാഴ്ച രാവിലെ മന്ത്രി തുടക്കമിട്ടു. ശുചീകരണം പൂര്‍ത്തിയാക്കി ബുധനാഴ്ച വൈകിട്ട് പ്രോഗ്രാം കമ്മിറ്റിക്ക് കൈമാറും. ഹരിത പ്രോട്ടോക്കോള്‍ പ്രകാരം നടക്കുന്ന മേളയില്‍ പാളക്കഷ്ണത്തിലാണ് മത്സരാര്‍ഥികളുടെ കോഡ് നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഐങ്ങോത്ത് മൈതാനത്ത് 6000പേര്‍ക്കിരിക്കാന്‍ സൗകര്യമുണ്ട്. എതിര്‍വശത്ത് വിസ്മയസഞ്ചാരപ്രദര്‍ശനമുണ്ട്. കലോത്സവചരിത്രമുള്‍പ്പെടുന്ന മാതൃഭൂമിയുടെ പ്രദര്‍ശനവുമുണ്ടാവും. 239 ഇനങ്ങളിലായി 8760പേരാണ് മത്സരിക്കാനെത്തുന്നത്. അപ്പീല്‍വഴി എത്തുന്നവരെക്കൂടി കണക്കിലെടുത്ത് 10,000-ത്തിലേറെ ട്രോഫികളാണ് ഒരുക്കിയിട്ടുള്ളത്. 28-ന് രാവിലെ ഒമ്പതുമണിക്ക് കാസര്‍കോടിന്റെ ഭാഷയും ദേശത്തിന്റെ സവിശേഷതയും എടുത്തുപറഞ്ഞുള്ള സ്വാഗതഗാനത്തോടെ കൗമാരമേളയ്ക്ക് തുടക്കമാകും.

ഊട്ടുപുര കൊവ്വല്‍പ്പള്ളിയില്‍

കൊവ്വല്‍പ്പള്ളിയിലെ ഊട്ടുപുരയില്‍ ഒരേസമയം 3000പേര്‍ക്ക് ഭക്ഷണംകഴിക്കാം. പാലുകാച്ചല്‍ ബുധനാഴ്ച രാവിലെ മുഖ്യപാചകക്കാരന്‍ പഴയിടം മോഹനന്‍ നമ്പൂതിരി നിര്‍വഹിക്കും. ചൊവ്വാഴ്ച വൈകിട്ട് കലവറനിറച്ചു.

നൃത്തത്തിനും സംഗീതത്തിനും വൈവ: പറഞ്ഞതെല്ലാം വെറുതേ

തൃശ്ശൂര്‍: സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തത്തിനും സംഗീതത്തിനും വൈവ ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞത് പാഴ്വാക്കായി മാറി. ഗുണനിലവാരം മെച്ചപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പാണ് ഒരു കൊല്ലം മുമ്പ് ഇത്തരമൊരു വ്യവസ്ഥ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.

നൃത്തം, സംഗീതം എന്നീ ഇനങ്ങളില്‍ മത്സരശേഷം കുട്ടിയോട് ചോദ്യം ചോദിക്കുന്ന രീതിയാണ്(വൈവ) പരിഗണിച്ചത്.

മത്സരിക്കുന്ന ഇനങ്ങളെക്കുറിച്ചുള്ള അറിവുകൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമമായി മാര്‍ക്കിടുകയെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഇത്തരം നടപടികളില്‍നിന്ന് അധികൃതരെ പിന്തിരിപ്പിക്കാനുള്ള നീക്കം പല കോണുകളില്‍നിന്നുണ്ടായെന്നാണ് ലഭ്യമായ വിവരം. കലാരംഗത്തെ വിദഗ്ധര്‍ മുമ്പ് പല വേദികളിലും പറഞ്ഞിട്ടുള്ള അഭിപ്രായങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റത്തിലേക്ക് അന്ന് വിദ്യാഭ്യാസ വകുപ്പ് നീങ്ങിയത്. ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമില്‍ (ക്യൂ.ഐ.പി.) ഇത് അവതരിപ്പിച്ചിരുന്നു. ഡി.പി.ഐ.യുടെ നേതൃത്വത്തില്‍ ഒമ്പത് അധ്യാപക സംഘടനകളും എസ്.സി.ഇ.ആര്‍.ടി. പ്രതിനിധിയുമാണ് ക്യു.ഐ.പി.യിലുള്ളത്. ക്യു.ഐ.പി.യില്‍ ഈ വിഷയം ചര്‍ച്ചചെയ്തതുമാണ്.

Content Highlights: kerala school kalolsavam 2019