കാഞ്ഞങ്ങാട്:ഇരുപത്തിയെട്ട് വര്‍ഷത്തിന് ശേഷം കാസര്‍കോട് വിരുന്നെത്തിയ സ്‌കൂള്‍ കലോത്സവത്തെ അതിന്റെ എല്ലാ ആവേശത്തോടെയും കാസര്‍കോടുകാര്‍ ഏറ്റെടുത്തെങ്കിലും കുടിവെള്ളവും ഭക്ഷണവും കിട്ടാതെ വിദ്യാര്‍ഥികളും രക്ഷിതാക്കളും വലഞ്ഞപ്പോള്‍ രക്ഷയായത് കേരള പോലീസ്. കലോത്സവവുമായി ബന്ധപ്പെട്ട് തട്ടുകടകള്‍ പോലും അധികൃതര്‍ അടച്ച്  പൂട്ടാന്‍ ഉത്തരവിട്ടതോടെയാണ് പ്രധാന വേദിയില്‍ മത്സരത്തിനെത്തിയ വിദ്യാര്‍ഥികളും രക്ഷിതാക്കളുമടങ്ങുന്നവര്‍ കുടുങ്ങിയത്.

പ്രധാന വേദിയായ ഐങ്ങോത്ത് ഗ്രൗണ്ടിലാണ് ആദ്യ ദിവസത്തെ ഗ്ലാമര്‍ മത്സരങ്ങളെല്ലാം നടക്കുന്നത്. മോഹിനിയാട്ടവും സംഘനൃത്തവുമാണ് ഇവിടെ നടന്നത്. മത്സരം താമസിച്ചാണ് നടന്നതെങ്കിലും വന്‍ ജനക്കൂട്ടമായിരുന്നു രാവിലെ  മുതല്‍ എത്തിക്കൊണ്ടിരുന്നതും. പക്ഷെ കടകളെല്ലാം അടച്ചതോടെ ഭക്ഷണം കഴിക്കാനോ മറ്റോ പറ്റാത്ത അവസ്ഥയുമായി. കലോത്സവത്തിന്റെ ഉട്ടുപുരയും പ്രധാന വേദിയും തമ്മിലുള്ള വലിയ ദൂരംകൂടി വില്ലനായതോടെ പരിപാടിക്കെത്തിയവരെല്ലാം കുടുങ്ങി. ആകെ ആശ്വാസമായത് കേരള പോലീസ് ഒരുക്കിയ സൗജന്യ ചൂടുവെള്ള വിതരണം മാത്രമാണ്.

ആയുര്‍വേദ മരുന്നുകള്‍ ഇട്ട് ചൂടാക്കിയ വെള്ളം കൗണ്ടറില്‍ നിന്നും തന്നെ ഒരുക്കിയാണ് ആവശ്യക്കാര്‍ക്ക് സൗജന്യമായി നാല് ദിവസവും വിതരണം ചെയ്യുന്നത്. കുടുംബശ്രീക്കാര്‍ ഭക്ഷണവും വെള്ളവും ഒരുക്കുമെന്നാണ് അറിയിച്ചതെങ്കിലും  അതും ആവശ്യത്തിനില്ലാതായതോടെ മാധ്യമപ്രവര്‍ത്തകരും രക്ഷിതാക്കളുമെല്ലാം പട്ടിണിയിലാവുകയും ചെയ്തു.

kalolsavam

ഊട്ടുപുരയിലേക്കെത്താന്‍ സ്‌കൂള്‍ ബസ് സേവനം ഒരുക്കിയിട്ടുണ്ടെങ്കിലും നീണ്ട ക്യൂ കടന്ന് കിലോമീറ്ററുകള്‍ താണ്ടി ഭക്ഷണ ശാലയിലേക്കെത്തുമ്പോഴേക്കും പരിപാടികള്‍ക്ക് സമയത്തിന് എത്താന്‍ കഴിയില്ല എന്നത് കൊണ്ട് പലരും ഭക്ഷണ ശാലയിലേക്ക്  പോവുന്നത് ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെയാണ് പോലീസിന്റെ കുടിവെള്ളം കുടിച്ച് ആളുകള്‍ വിശപ്പിനെ മാറ്റിവെച്ചത്. കുടിവെളളത്തിന് പുറമെ രാത്രികാലങ്ങളില്‍ ചുക്കുവെള്ളവും കൗണ്ടറില്‍ നിന്ന് വിതരണം ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. എല്ലാ വര്‍ഷവും കേരള പോലീസ് കുടിവെള്ള വിതരണവുമായി എത്താറുണ്ടെങ്കിലും  ഇത്തവണ മാത്രമാണ് ആദ്യ ദിവസം തന്നെ ഇത്രയുമേറെ ആവശ്യക്കാരെത്തിയതെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: police distributing drinking water at Kerala School Kalolsavam Venue