കാഞ്ഞങ്ങാട്: ആറ്റുനോറ്റിരുന്ന് കാസര്‍കോടിന്റെ മണ്ണിലെത്തിയ കലോത്സവത്തിന് നാണക്കേടായ ഗതാഗതക്കുരുക്ക് തീര്‍ക്കാന്‍ ജില്ലാ കളക്ടര്‍ നേരിട്ട് ഇടപെടുന്നു. കാഞ്ഞങ്ങാടിനും നീലേശ്വരത്തിനുമിടയില്‍ ഗതാഗത നിയന്ത്രണം വരുത്താന്‍ കളക്ടര്‍ ഡോ.ഡി.സജിത് ബാബു നിര്‍ദേശം നല്‍കി.

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന സാഹചര്യത്തിലാണ് കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന്റെ ഇടപെടല്‍. ഡിസംബര്‍ ഒന്നു വരെ പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി 9.30 വരെയാണ് നിയന്ത്രണം. കണ്ണൂര്‍ ഭാഗത്തുനിന്നും കാസര്‍കോട്, മംഗ്‌ളൂരു ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നീലേശ്വരം മാര്‍ക്കറ്റ് റോഡുനിന്നും തെറ്റി നീലേശ്വരം ബസ് സ്റ്റാന്‍ഡ്‌, കോണ്‍വെന്റ് ജംഗ്ഷന്‍, ആലിന്‍കീഴില്‍, കൂലോം റോഡ്, മടിക്കൈ അമ്പലത്തിന്‍കര, കല്യാണ്‍ റോഡ് വഴി എന്‍.എച്ചില്‍ പ്രവേശിച്ചു യാത്ര തുടരേണ്ടതാണ്.

 കാസറഗോഡ് ഭാഗത്തുനിന്നും പയ്യന്നൂര്‍, കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട യാത്രാവാഹനങ്ങള്‍ എന്‍.എച്ച് കൂളിയങ്കാല്‍ റോഡ് വഴി തിരിച്ച് അരയി റോഡ്, കൂലോം റോഡ്, ആലീന്‍കീഴില്‍, കോണ്‍വെന്റ് ജംഗ്ഷന്‍ വഴി നീലേശ്വരം മാര്‍ക്കറ്റില്‍ എത്തി കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.

kalolsavam

ടാങ്കര്‍, ചരക്കുവാഹനങ്ങള്‍ക്ക് ഒരു കാരണവശാലും രാവിലെ 8 മണിമുതല്‍ രാത്രി 9.30 മണിവരെ നീലേശ്വരം മുതല്‍ മാവുങ്കാല്‍ വരെയും നീലേശ്വരം മുതല്‍ ചാമുണ്ഡികുന്നുവരെയും പ്രവേശനം ഇല്ല.

പൊതുജനങ്ങള്‍ കഴിവതും ഈ ദിനങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതുവാഹനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് ഗതാഗതകുരുക്ക് കുറയ്ക്കണം.

Content Highlights: heavy traffic jam in kasaragod state school kalolsavam