യര്‍ സെക്കന്‍ഡറി വിഭാഗം ചെണ്ടമേളവേദിയായ മേലാങ്കോട്ടെ എ.സി.കെ.എന്‍.എസ്. സ്‌കൂളില്‍ 'ലഹള'മേളമായി. വിധിപ്രഖ്യാപനം വന്നപ്പോള്‍ 16 ടീമില്‍ രണ്ടുപേര്‍ക്ക് മാത്രം എ ഗ്രേഡ്. കുറേപ്പേര്‍ക്ക് ബിയും സിയും ഡിയുമെല്ലാം കിട്ടി. അതോടെയാണ് കുട്ടികളും രക്ഷിതാക്കളും ആശാന്‍മാരുമെല്ലാം കച്ചമുറുക്കി വേദിക്ക് മുന്നിലെത്തി പ്രതിഷേധം തുടങ്ങിയത്.

ആദ്യം പതിഞ്ഞകാലത്തിലായിരുന്നെങ്കിലും വൈകാതെ ദ്രുതതാളമായി കാലം മുറുകി. എന്തു കാരണംകൊണ്ടാണ് തങ്ങള്‍ക്ക് താഴ്ന്ന ഗ്രേഡ് വന്നതെന്ന് വിധികര്‍ത്താക്കള്‍ വിശദീകരിക്കണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടു. അതിനിടയില്‍ വിധികര്‍ത്താക്കള്‍ കാറില്‍ കയറി പോവുകയും ചെയ്തു. പ്രശ്‌നം സ്റ്റേജ് മാനേജരില്‍നിന്നൊക്കെ പിടിവിട്ടു. വിദ്യാര്‍ഥികള്‍ വേദിക്കുമുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിതുടങ്ങി. ആശാന്‍മാരുടെ രോഷപ്രകടനങ്ങള്‍, രക്ഷിതാക്കളുടെ പ്രതിഷേധം, കുട്ടികളുടെ സങ്കടം, മുദ്രാവാക്യം... സമയം കഴിഞ്ഞും മേളം തുടര്‍ന്ന ടീമിനും പഞ്ചാരി ആറാംകാലത്തിനുശേഷം എട്ടാംകാലം കൊട്ടിയവര്‍ക്കുമെല്ലാം എ ഗ്രേഡ് നല്‍കിയെന്നായിരുന്നു പ്രധാന ആരോപണം.

പാലക്കാട് ജില്ലയുടെ ചരിത്രത്തിലാദ്യമാണ് ബി ഗ്രേഡെന്ന് അവരുടെ ആശാന്‍ രാമദാസ് കളരിക്കല്‍ പറയുന്നു. ഈ വിധികര്‍ത്താക്കളാണ് അടുത്തദിവസത്തെ ഹൈസ്‌കൂള്‍വിഭാഗം മത്സരത്തിലുമുള്ളതെങ്കില്‍ എങ്ങനെ നീതിപൂര്‍വമാവുമെന്ന് തൃശ്ശൂര്‍ ജില്ലയുടെ ആശാന്‍ ദിനേശന്‍ ചോദിച്ചു. ബഹളം വീണ്ടും കാലംകയറിയതോടെ ഉയര്‍ന്ന പോലീസുദ്യോഗസ്ഥരും വിദ്യാഭ്യാസവകുപ്പധികൃതരുമെല്ലാം സ്ഥലത്തെത്തി. ഇതിനിടെ കുട്ടികള്‍ ബഹളത്തിന്റെ വീഡിയോ ലൈവായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. അധികൃതര്‍ കുട്ടികളുമായി ചര്‍ച്ചനടത്തി. ടീം മാനേജര്‍മാരെ പ്രത്യേകം വിളിച്ച് ചര്‍ച്ചചെയ്തു.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവുമായും ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം നിലവിലുള്ള അപ്പീല്‍ത്തുകയായ പതിനായിരം രൂപ അയ്യായിരമാക്കി കുറച്ച് പരാതിയുള്ളവര്‍ക്കെല്ലാം അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കി. അങ്ങനെ 3.15 ഓടെ ബഹളത്തിന് കൊട്ടിക്കലാശമായെങ്കിലും രക്ഷിതാക്കളുടെയും ആശാന്‍മാരുടെയും പരാതി തീര്‍ന്നിരുന്നില്ല. അപ്പീല്‍ത്തുക കിട്ടാനുള്ള അടവാണെന്നും പ്രളയവും സാമ്പത്തികപ്രതിസന്ധിയും മറികടന്ന് മത്സരത്തിനെത്തിയവരോടുള്ള ദ്രോഹമാണിതെന്നുമായിരുന്നു അവരുടെ അഭിപ്രായം.

Content Highlights: Dispute Over Chenda Melam Results Kalolsavam 2019