കാഞ്ഞങ്ങാട്: സംസ്ഥാന കലോത്സവ വേദിക്ക് സമീപത്തെ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്ത് ജില്ലാ കളക്ടര്‍ സജിത് ബാബു ഐ എ എസ്. 

കലോത്സവത്തിന്റെ പ്രധാന വേദികളിലൊന്നായ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളിന് മുന്നില്‍ രാവിലെ മത്സരങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ കനത്ത തിരക്ക് അനുഭവപ്പെട്ടു.  തുടര്‍ന്ന് അവിടേക്ക് എത്തിയ കളക്ടര്‍ നാല് മണിക്കൂറോളം ഗതാഗത നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

രണ്ടാം വേദിയായ ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗം ആണ്‍കുട്ടികളുടെ ഭരതനാട്യ മത്സരമായിരുന്നു ആദ്യം. മത്സരം ആരംഭിച്ചതുമുതല്‍ തന്നെ മത്സരവേദിയിലേക്കുള്ള ഇടറോഡില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. തുടര്‍ന്നാണ് സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ വാഹന നിയന്ത്രണം ഏറ്റെടുത്തത്. രാവിലെ ഏകദേശം പത്ത് മുപ്പത് മുതല്‍ നാല് മണിക്കൂറോളം ഗതാഗതം കളക്ടര്‍ ഏറ്റെടുക്കുകയായിരുന്നു. ഹെല്‍മറ്റില്ലാതെ ചീറിപ്പാഞ്ഞെത്തിയ കാസര്‍കോട്ടെ ഫ്രീക്കന്‍മാരെ കൈയോടെ പിടികൂടുകയും ചെയ്തു. 

കൂടാതെ കളക്ടറെ കണ്ട് എത്തിയവരോടൊപ്പം അദ്ദേഹം സെല്‍ഫിയുമെടുത്തു.  ഉച്ചക്ക് ആറുപേരുടെ അടുത്ത സംഘം എത്തിയതോടെ ഉച്ചഭക്ഷണത്തിനായി അദ്ദേഹം ഭക്ഷണ ശാലയിലേക്ക് തിരിച്ചു.