ഹൊസ്ദുര്‍ഗ്: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് മാറ്റ് കൂട്ടാന്‍ കാസര്‍കോടിന്റെ തനത് പാളത്തൊപ്പി റെഡിയാവുന്നു. കവുങ്ങിന്റെ പാളയില്‍ തീര്‍ക്കുന്ന കൊട്ടന്‍ പാളയാണ് ഒരുക്കുന്നത്. തച്ചങ്ങാട് ഗവ.ഹൈസ്‌കൂളിലെ കുട്ടികള്‍ തൃക്കരിപ്പൂര്‍ ഫോക് ലാന്റുമായി ചേര്‍ന്നാണ് കൊട്ടന്‍ പാളകള്‍ നിര്‍മ്മിക്കുന്നത്. മലയോര പ്രദേശത്ത് അധിവസിക്കുന്ന മാവിലന്‍, വേട്ടുവന്‍ സമുദായ അംഗങ്ങളും നാല്‍ക്കദയ സമുദായ അംഗങ്ങളുമാണ് പ്രധാനമായി കവുങ്ങിന്‍ പാള കൊണ്ട് തൊപ്പി നിര്‍മ്മിക്കുന്നത്. പുനം കൃഷിക്കും വയല്‍കൃഷിക്കും പഴമക്കാര്‍ ധരിച്ചിരുന്നത് കൊട്ടന്‍ പാള എന്ന പാളത്തൊപ്പിയാണ്. പ്ലാസ്റ്റിക് തൊപ്പികളുടെ വരവും ചുരുങ്ങി വരുന്ന കൃഷി സമ്പ്രദായവും കൊട്ടന്‍ പാളയെ ഈ രംഗത്തു നിന്ന് എന്നന്നേക്കുമായി അപ്രത്യക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്.

പാളത്തൊപ്പി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക രീതിയിലാണ് നിര്‍മ്മിക്കുന്നത്. പാളത്തൊപ്പി നിര്‍മ്മാണം പുതു തലമുറക്ക് പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് തച്ചങ്ങാട് ഹൈസ്‌കൂളിലെ 50 ഓളം വരുന്ന കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ ഫോക് ലാന്റ് നേതൃത്വം നല്‍കിയതെന്ന് ഫോക് ലാന്റ് ചെയര്‍മാന്‍ ഡോ.വി ജയരാജന്‍ പറഞ്ഞു. സ്‌കൂള്‍ പ്രഥമാദ്ധ്യാപകന്‍ ഭാരതിഷേണായി, നിര്‍മ്മല നാരായണന്‍ ,ഉണ്ണിക്കൃഷ്ണന്‍ പൊടിപ്പളം, മനോജ് കെ.പി എന്നിവര്‍ സംസാരിച്ചു. മാധവന്‍, കൃഷ്ണന്‍, കൃഷ്ണന്‍. എന്‍, ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് പരിശീലനം നല്‍കിയത്.