Kalolsavamസംസ്ഥാന കലോത്സവത്തില്‍ ലോകായുക്തയില്‍നിന്നുള്ള അപ്പീല്‍ പ്രവാഹത്തിന് തടയിടാനുള്ള ശ്രമത്തിന് തിരിച്ചടി. അവധിദിനങ്ങള്‍ വന്നതിനാല്‍ ഹൈക്കോടതിയില്‍ കേസ് എത്തിക്കാനാവാതെ പോയതാണ് കാരണം.

കലോത്സവം നടക്കുമ്പോള്‍ മാത്രമേ ഹര്‍ജി ഫയല്‍ ചെയ്തിട്ട് കാര്യമുള്ളൂ. കലോത്സവ നഗരിയില്‍ എത്തുന്ന ലോകായുക്ത അപ്പീല്‍ ഉത്തരവ്, കുട്ടി വേദിയില്‍ കയറും മുന്‍പ് ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തണം.

ഒരോ കുട്ടിയും കൊണ്ടുവരുന്ന ഉത്തരവ് പ്രത്യേകം കേസാക്കി ഫയല്‍ ചെയ്യുകയും വേണം. കുറച്ച് ഉത്തരവുകളെങ്കിലും റദ്ദാക്കാനായാല്‍ അത് രക്ഷിതാക്കള്‍ക്കിടയില്‍ ഒരു സന്ദേശം നല്‍കാനാവുമെന്ന കണക്കുകൂട്ടലിലാണ് വിദ്യാഭ്യാസവകുപ്പ് നീങ്ങിയത്.

2018-ല്‍ തൃശ്ശൂരില്‍ നടന്ന കലോത്സവത്തില്‍ നാല് ലോകായുക്ത അപ്പീല്‍ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കിയ നടപടിയുടെ ശൈലിയാണ് ഇത്തവണയും സ്വീകരിച്ചത്. ലോകായുക്തയ്ക്ക് കലോത്സവ അപ്പീല്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്നത് ചൂണ്ടിക്കാട്ടുകയായിരുന്നു അന്ന് ചെയ്തത്.

ഇക്കൊല്ലം കലോത്സവം തുടങ്ങിയ 28-ന് വ്യാഴാഴ്ച ഉച്ചവരെ കിട്ടിയ 20-ഓളം ലോകായുക്ത അപ്പീല്‍ ഉത്തരവുകളുമായിട്ടാണ് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ കൊച്ചിക്ക് പുറപ്പെട്ടത്. അന്ന് രാത്രി 10 മണിയോടെയാണ് അവിടെ എത്തിയത്. പിറ്റേന്ന് വെള്ളിയാഴ്ച പ്രത്യേകം പ്രത്യേകം ഹര്‍ജികള്‍ ഫയല്‍ ചെയ്യാനുള്ള നടപടികള്‍ നടത്തി. പക്ഷേ, അന്നുതന്നെ ജഡ്ജിയുടെ പരിഗണനയില്‍ എത്തിക്കാന്‍ ചട്ടം അനുവദിക്കുന്നില്ല. അടുത്തദിവസങ്ങളായ ശനിയും ഞായറും കോടതി അവധിയാണ്. ഞായറാഴ്ച കലോത്സവം തീരുകയും ചെയ്യും. അതിനാല്‍ തിങ്കളാഴ്ച ഹര്‍ജി ഫയല്‍ ചെയ്തിട്ട് കാര്യമില്ല. അങ്ങനെ വിദ്യാഭ്യാസവകുപ്പിന്റെ നീക്കം പാളുകയും ചെയ്തു.

2018- ജനുവരിയില്‍ തൃശ്ശൂര്‍ കലോത്സവത്തില്‍ എറണാകുളം ജില്ലയില്‍നിന്നുവന്ന നാല് അപ്പീലുകളാണ് ഹൈക്കോടതിയുടെ മുന്നിലെത്തിച്ചത്. സംസ്ഥാന കലോത്സവത്തില്‍ ലോകായുക്ത അപ്പീല്‍ ഉത്തരവുകള്‍ മാത്രം ഇതുവരെ 317 ആയിട്ടുണ്ട്. മൊത്തം 629 അപ്പീലുകളാണ് വന്നത്.

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: Appeals State School Youth Festival 2019