ജഗോവിന്ദം...ഭജഗോവിന്ദം... ഗോവിന്ദം ഭജ മൂഢമതേ...' 1980-ല്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ലളിതഗാനാലാപന മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ പാട്ട്. പാടിയത് കാസര്‍കോട്ടെ കിഴക്കന്‍ മലയോരം ബന്തടുക്ക ഗവ. ഹൈസ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥി പടുപ്പ് ശങ്കരമ്പാടി കുക്കംകയയിലെ എം.ധനഞ്ജയന്‍.

എന്നാല്‍ അന്ന് പാട്ടുകാരനായിരുന്ന ധനഞ്ജയന്‍ ഇന്ന് അറിയപ്പെടുന്ന തെയ്യക്കാരനായി; ധനഞ്ജയ പണിക്കരായി. ലളിതഗാനം ഹൈസ്‌കൂള്‍ വിഭാഗത്തിലായിരുന്നു ഒന്നാംസ്ഥാനം. കാസര്‍കോട് ജില്ല നിലവില്‍വരുന്നതിന് മുന്‍പായതിനാല്‍ കണ്ണൂര്‍ ജില്ലയ്ക്കുവേണ്ടിയായിരുന്നു മത്സരിച്ചത്. ഗവര്‍ണര്‍ ജ്യോതി വെങ്കടാചലത്തില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത് ധനഞ്ജയന്‍ ഇന്നും ഓര്‍ക്കുന്നു.

അധ്യാപകരുടെ പ്രോത്സാഹനമുള്ളതിനാലാണ് ഒന്നാംസ്ഥാനം നേടാനായത്. പ്രഥമാധ്യാപകന്‍ പി.വി.സി. നമ്പ്യാര്‍, സംഗീത അധ്യാപകന്‍ വേണുഗോപാലന്‍, അധ്യാപകരായ കേശവന്‍ നമ്പൂതിരി, ദാസ്, ബി.മുത്തണ്ണ ഗൗഡ, ശേഷപ്പ, സഹപാഠികള്‍ തുടങ്ങിയവരെല്ലാം ആത്മവിശ്വാസം നല്‍കി. 1979, 80, 81 വര്‍ഷങ്ങളില്‍ ജില്ലാ കലോത്സവത്തില്‍ ലളിതഗാന മത്സരത്തിലും ഒന്നാംസ്ഥാനമായിരുന്നു. 1982-ല്‍ രണ്ടാംസ്ഥാനത്തായി.

പടുപ്പ് തവനത്തെ തെയ്യക്കാരന്‍ കുമാരന്‍ പണിക്കരുടെയും പരേതയായ തമ്പായിയുടെയും മകനാണ്. പിതാവില്‍നിന്നാണ് സംഗീതത്തിന്റെ ബാലപാഠം പഠിച്ചത്. കുണ്ടംകുഴി കൃഷ്ണന്‍ ഭാഗവതരുടെയടുത്താണ് സംഗീതം അഭ്യസിച്ചത്.

ആകാശവാണിയില്‍ ഗായകനായി. ഭജന, സ്റ്റേജ് ഷോ, കാസറ്റ് ട്രൂപ്പ് തുടങ്ങിയവയ്ക്കായി പാടിയിട്ടുണ്ട്.

നീലേശ്വരം മര്‍ച്ചന്റ്സ് അസോസിയേഷന്‍, കണ്ണൂര്‍ മംഗളം കലാസാഹിത്യവേദി എന്നിവയുടേത് ലഭിച്ച അംഗീകാരങ്ങളില്‍ ചിലത്. പാട്ടുകാരനെ നാട്ടുകാരറിഞ്ഞതുടങ്ങാന്‍ ഏറെനാളെടുത്തു. പ്രശസ്തനാകാന്‍ ഇന്നത്തെതുപോലെ അവസരങ്ങളുമില്ല. പിന്നീട് സ്ഥിരം തെയ്യക്കാരനായി. നീലേശ്വരം കോവിലകമാണ് പണിക്കര്‍സ്ഥാനം നല്‍കിയത്. വിഷ്ണുമൂര്‍ത്തി, ഒറ്റക്കോലം, രക്തേശ്വരി, പൊട്ടന്‍, ചാമുണ്ഡി തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്നു. ഭാര്യ പുഷ്പലത.