'മയം ഉച്ചകഴിഞ്ഞിട്ടുണ്ടാകും. അരവിന്ദന്‍ മാഷ് വന്നുപറഞ്ഞു എല്ലാവരും റെഡിയാകണം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ കോടതിയുടെ അനുമതി കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ ഏഴുപേരും കാഞ്ഞങ്ങാട്ടെ ദുര്‍ഗ സ്‌കൂളില്‍നിന്ന് നേരെ പോയത് റെയില്‍വേ സ്റ്റേഷനിലേക്കാണ്. മാറ്റിയുടുക്കേണ്ട ഡ്രസ്സൊക്കെ വീട്ടുകാര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. അരവിന്ദന്‍ മാഷിനും ജഗദമ്മ ടീച്ചര്‍ക്കുമൊപ്പം തീവണ്ടിയില്‍ യാത്രയായി കോട്ടയത്തേക്ക്....'1969-ല്‍ കോട്ടയത്തുനടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് കാസര്‍കോട് ജില്ലയിലേക്ക് ആദ്യത്തെ സംഘഗാനസമ്മാനമെത്തിച്ച അന്നത്തെ അഭിമാനതാരങ്ങള്‍ക്ക് അരനൂറ്റാണ്ടിനപ്പുറത്തെ ഓര്‍മകള്‍ എത്രപറഞ്ഞാലും തീരുന്നില്ല. എല്ലാവരും ഇന്ന് മുത്തശ്ശിമാര്‍. 'മാതൃഭൂമി'യിലെ കലയോര്‍മ പംക്തി കണ്ടപ്പോഴാണ് ഞങ്ങളും ഒരുമിക്കാന്‍ തീരുമാനിച്ചത് -കാഞ്ഞങ്ങാട് പടിഞ്ഞാറെക്കരയിലെ എ.എം.ഗിരിജ പറഞ്ഞു. '51 വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ഞങ്ങള്‍ കൂടിയിരിക്കുന്നതും പഴയ ഓര്‍മകള്‍ പങ്കുവെക്കുന്നതും' -ഗിരിജയുടെ വര്‍ത്തമാനത്തിനൊപ്പം ചേര്‍ന്ന് നീലേശ്വരം ചീര്‍മക്കാവിലെ ശ്യാമള കൂട്ടിച്ചേര്‍ത്തു.

ഗിരിജയ്ക്കും ശ്യാമളയ്ക്കും പുറമെ കെ.ശോഭന, ടി.കെ.സുമതി, എം.ഗീത എന്നിവരാണ് ഒന്നിച്ചിരുന്ന് സല്ലപിക്കാനും സ്‌നേഹം പങ്കിടാനുമെത്തിയത്. അന്നത്തെ ഗായകസംഘത്തില്‍ ഏഴുപേരായിരുന്നു. കൂട്ടുകാരി പി.എസ്.ഉഷ രണ്ടുവര്‍ഷംമുമ്പ് മരിച്ചു. അട്ടേങ്ങാനം ബേളൂരിലുള്ള എം.രാഗിണിക്ക് കൂടിച്ചേരലില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഗീതയും സുമതിയും അഞ്ചാംക്ലാസിലും ശോഭന എട്ടാംക്ലാസിലും മറ്റുള്ളവര്‍ വിവിധ ഡിവിഷനുകളിലായി പത്താം ക്ലാസിലുമായിരുന്നു അന്ന്. അതുകൊണ്ടുതന്നെ ഇവരില്‍ പാതിയും കാഞ്ഞങ്ങാട്ടുകാര്‍ തന്നെയാണെങ്കിലും ക്ലാസ്മേറ്റുകളെപ്പോലെ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നില്ല. ശോഭനയുടെ കാഞ്ഞങ്ങാട് സൗത്തിലെ 'കൃഷ്ണം' വീട്ടിലായിരുന്നു ഓര്‍മകള്‍ പെയ്തിറങ്ങിയ സംഗമത്തിന് വേദിയായത്. അവിഭക്ത കണ്ണൂര്‍ ജില്ലയിലെ മറ്റൊരു സ്‌കൂളിനായിരുന്നു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സെലക്ഷന്‍ കിട്ടിയിരുന്നത്. അതിനാലാണ് ദുര്‍ഗ സ്‌കൂള്‍ ടീം കോടതിയെ സമീപിച്ചത്. 'വ്യാസഭാരതഭൂമിയില്‍ നിന്നൊരു യാഗവേദിയുയര്‍ന്നു....കോടിയുഗങ്ങള്‍ക്കകലെ പണ്ടൊരു ഇതിഹാസോജ്ജ്വലയാഗം....' അന്നു പാടിയ വരികള്‍ ഇവര്‍ ഒരിക്കല്‍ക്കൂടി ആലപിച്ചു. ശനിയാഴ്ചത്തെ പകല്‍ മണിക്കൂറുകളോളം ഇവര്‍ സ്‌കൂള്‍ കാലത്തെ മനസ്സുമായി സൗഹൃദത്തിന്റെ ആഴത്തിലലിഞ്ഞു. 'അരപ്പാവാടയും ഷര്‍ട്ടുമായിരുന്നു സംഘഗാനത്തിന്റെ യൂണിഫോം-'അടുത്തുനില്‍ക്കുന്ന കൊച്ചുമോളുടെ തലയില്‍ തലോടിക്കൊണ്ട് പേരാമ്പ്രയില്‍ നിന്നെത്തിയ ഗീതയുടെ കമന്റ്. 'ജഗദമ്മ ടീച്ചര്‍ കോട്ടയത്തുകാരിയാണ്. അവിടെ താമസിക്കാനുള്ള ഇടമൊക്കെ ടീച്ചര്‍ ശരിയാക്കിത്തന്നു' -കാഞ്ഞങ്ങാട് കുശവന്‍കുന്നില്‍ താമസിക്കുന്ന ടി.കെ.സുമതിയും ഓര്‍മകള്‍ അയവിറക്കി. സംഗീതകുലപതി ദക്ഷിണാമൂര്‍ത്തിയായിരുന്നു മുഖ്യ ജഡ്ജ്. മറ്റു ടീമുകള്‍ക്കെല്ലാം ഓര്‍ക്കസ്ട്രയുണ്ടായിരുന്നു. ഞങ്ങള്‍ താളമേളത്തിന്റെ ഒരു പിന്തുണയുമില്ലാതെയാണ് പാടിയത്. സമ്മാനം നല്‍കുമ്പോള്‍ സി.എച്ച്.മുഹമ്മദ്കോയ പറഞ്ഞത് എല്ലാവര്‍ഷവും ഇതേനേട്ടം കൊയ്യണമെന്നാണ്. തിരിച്ച് കാഞ്ഞങ്ങാട്ടെത്തി എല്ലാവരും നേരേ പോയത് അരവിന്ദാക്ഷന്‍ മാഷിന്റെ വീട്ടിലേക്കാണ്. ഈ പാട്ട് പാടാന്‍ ഞങ്ങളെ പ്രാപ്തരാക്കിയതും അതിന് ഈണം നല്‍കിയതുമൊക്കെ മാഷു തന്നെ...' മാറിമാറി പറഞ്ഞ് അന്നത്തെ കാര്യങ്ങളെല്ലാം അഞ്ചുപേരും ഓര്‍മകള്‍ കൊണ്ട് പൂരിപ്പിച്ചു.