rajmohan
രാജ്മോഹന്‍ നീലേശ്വരം

നാടകത്തിലലിഞ്ഞുള്ള ജീവിതം -കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് വിരമിച്ച രാജ്മോഹന്‍ നീലേശ്വരത്തിന് നാട് നല്‍കുന്ന വിശേഷണം അതാണ്. എഴുത്തും സംവിധാനവും അഭിനയവും എന്നുവേണ്ട അരങ്ങത്തും അണിയറയിലും പൂര്‍ണസമയ നാടകപ്രവര്‍ത്തകന്‍. നാടകത്തെക്കുറിച്ച് പറയുമ്പോള്‍ വര്‍ത്തമാനത്തിലെ ഉയര്‍ച്ച മാത്രമല്ല, ഭൂതകാലത്തെ കണ്ണീരോര്‍മകൂടി പങ്കുവയ്ക്കാനുണ്ട് ഈ കലാകാരന്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്കുള്ള വഴിയില്‍ നാടകത്തെ തഴഞ്ഞ സങ്കടത്തിന്റെ കഥ. നീലേശ്വരം പ്രാഥമിക വിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് നാടകാഭിനയം. അന്ന് ഏകാഭിനയത്തിലും മറ്റും കൈയടി നേടിയ പ്രകടനം. ഒട്ടേറെ സമ്മാനങ്ങള്‍. ഹൈസ്‌കൂളിലെത്തിയപ്പോള്‍ നാടകമെഴുത്തും തുടങ്ങി. താന്‍ എഴുതി അഭിനയിച്ച നാടകത്തിന് സ്‌കൂള്‍തലത്തിലും ഉപജില്ലാതലമില്ലാത്തതിനാല്‍ നേരിട്ട് ജില്ലാതല മത്സരത്തിലും എല്ലാതവണയും ഒന്നാംസമ്മാനം നേടും.

പക്ഷെ, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്കുള്ള പ്രവേശനം മാത്രം ബാലികേറാമലയായി. നൃത്ത ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലായിരുന്നു അന്ന് നാടകവും ഉള്‍പ്പെട്ടത്. ഡാന്‍സുകാരെ പങ്കെടുപ്പിക്കേണ്ടതിനാലാണ് നാടകത്തെ സംസ്ഥാനതലത്തിലേക്ക് കൊണ്ടുപോകാതിരിക്കുന്നതെന്ന് അധ്യാപകര്‍ എല്ലായ്പ്പോഴും പറയും. വലിയ സങ്കടത്തോടെ അഭിനയ ആവേശം ജില്ലാതലത്തില്‍ അവസാനിപ്പിച്ച് മടങ്ങും. പിന്നീട് ഇനങ്ങളെ ഓരോന്നിനെയും സംസ്ഥാനതലത്തിലേക്ക് പങ്കെടുപ്പിക്കാന്‍ തുടങ്ങിയപ്പോഴേക്കും സ്‌കൂള്‍ വിദ്യാഭ്യാസം കഴിയുകയുംചെയ്തു. കോളേജില്‍ പഠിക്കുമ്പോള്‍ എ സോണ്‍ മുതല്‍ ഇന്റര്‍ കോളേജിയറ്റ് മത്സരത്തില്‍വരെ ഒന്നാംസ്ഥാനം നേടി. അന്ന് സംസ്ഥാനതലത്തില്‍ കിട്ടണമെന്ന് പ്രതീക്ഷിച്ച പുരസ്‌കാരം താനെഴുതിയ എത്രയോ നാടകങ്ങളിലൂടെ നേടിയെന്ന ആത്മസംതൃപ്തികൂടിയുണ്ട് രാജ്മോഹന്‍ മാഷിന്.

40 ലധികം നാടകമെഴുതി. നിരവധി നാടകങ്ങള്‍ സംവിധാനംചെയ്തു. ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു. ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, ജി.ശങ്കരപ്പിള്ള പുരസ്‌കാരം തുടങ്ങി അംഗീരിച്ച് ആദരിച്ചതിന്റെ നീളുന്ന പട്ടികയുണ്ട് ഈ നാടകപ്രവര്‍ത്തകന്റെ നേട്ടത്തിന്റെ താളുകളില്‍. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രതീക്ഷിച്ച അംഗീകാരം കിട്ടാത്തതിലെ നിരാശയില്‍നിന്നുയര്‍ന്ന കരുത്താണ് ഇന്ന് ഈനിലയിലെത്താനിടയാക്കിയതെന്ന കൂട്ടിച്ചേര്‍ക്കല്‍കൂടിയുണ്ട് ഈ കലാകാരന്റെ അനുഭവ വിവരണത്തില്‍.