പൂരക്കളിയുടെ ഫലപ്രഖ്യാപനം കഴിഞ്ഞതും ഒരു കൂട്ടര്‍ സംഘടിച്ചെത്തി മുഖ്യവിധികര്‍ത്താവിനെ തടഞ്ഞുവെച്ചു. അവര്‍ കൂടുതല്‍ പ്രകോപിതരായിക്കൊണ്ടിരിക്കുന്നു. സ്ഥലത്ത് പോലീസുമില്ല. ചിലര്‍ കൈയാങ്കളിയിലേക്കും മുതിര്‍ന്നു. രണ്ടും കല്‍പ്പിച്ച് വിധികര്‍ത്താവിനെ വട്ടംചുറ്റിപ്പിടിച്ച് ജീപ്പിലേക്കെത്തിച്ചു. ഒന്നോ രണ്ടോ ഇടി എന്റെ പുറത്തുവീണിരുന്നു. പിന്തിരിഞ്ഞ് നോക്കാതെ എങ്ങനെയൊക്കെയോ ജീപ്പ് മുന്നോട്ടെടുത്തു.

വിദ്യാഭ്യാസ ഓഫീസിലെത്തിയപ്പോഴാണ് ഞങ്ങള്‍ രണ്ടുപേര്‍ക്കും ശരിക്കും ശ്വാസം വീണത്....'ജില്ലാ-സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അനുഭവങ്ങള്‍ പറയുമ്പോള്‍, കാസര്‍കോട് വിദ്യാഭ്യാസവകുപ്പിലെ ജീപ്പ് ഡ്രൈവര്‍ രാജേഷ് മയ്യിച്ചയുടെ മുഖം ചുവന്നുതുടിക്കും.

വേദിയില്‍ തകര്‍പ്പന്‍ മത്സരം കാഴ്ചവെച്ചതും നേട്ടങ്ങളുടെ നെറുകയിലെത്തിയതും ഒന്നും നേടാതെ പോയതിന്റെ വേദനകളും നിറയുന്ന കലയോര്‍മയില്‍ അരങ്ങിനും അണിയറയ്ക്കുമപ്പുറത്തുമുണ്ട് അനുഭവങ്ങളുടെ കൂമ്പാരമെന്ന് ഓര്‍മിപ്പിക്കുന്നു ഇദ്ദേഹം. പൂരക്കളി ആചാര്യനെ തല്ലുകൊള്ളാതെ രക്ഷപ്പെടുത്തിയ അനുഭവം കണ്ണൂരിലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലായിരുന്നു. തൃശ്ശൂരില്‍ സംസ്ഥാന സ്‌കൂള്‍ 'കലോത്സവത്തിന്റെ നെട്ടോട്ടത്തിനിടയിലായിരുന്നു അമ്മാവന്റെ മരണം. വിവരം കിട്ടുമ്പോഴേക്കും മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു. പെട്ടെന്ന് നാട്ടിലെത്താന്‍ വാഹനം കിട്ടിയില്ല. വീട്ടിലെത്തിയപ്പോള്‍ അന്ത്യകര്‍മങ്ങള്‍ കഴിഞ്ഞു'-അനുഭവ വിവരണത്തിനിടെ കൊച്ചു കൊച്ചു സങ്കട ഓര്‍മകളും രാജേഷിന്റെ വാക്കുകളില്‍ നിറയുന്നു. കലോത്സവനാളുകളില്‍ കെ.ജയകുമാര്‍ മുതല്‍ ഇങ്ങോട്ട് എത്രയോ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സാരഥിയായി. ഇക്കുറി നറുക്കുവീണിരിക്കുന്നത് പൊതുവിദ്യാഭ്യാസവകുപ്പിന്റെ അഡീഷണല്‍ ഡയറക്ടര്‍ ആര്‍.എസ്.ഷിബുവിന്റെയും ജോയിന്റ് ഡയറക്ടര്‍ എം.കെ.ഷൈന്‍മോന്റേയും സാരഥി പട്ടികയിലേക്കാണ്. സ്‌കൂള്‍ കലോത്സവങ്ങളെത്തിയാല്‍ പൊതുവിദ്യഭ്യാസവകുപ്പിലെ ജില്ലാതല ഓഫീസിലെ ഡ്രൈവറെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് പതിവാണ്. 15-ലേറെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട് രാജേഷ്. സര്‍വശിക്ഷാ അഭിയാന്‍ വിഭാഗത്തില്‍ 1999-ലാണ് രാജേഷ് ഡ്രൈവറായി നിയമിതനാകുന്നത്. താത്കാലിക നിയമനമായിരുന്നു അന്ന്. ഇന്നും സ്ഥിരപ്പെടാത്ത 'ഓട്ടം' ജോലി.