p balakrishnanനീലേശ്വരം: നീലേശ്വരം മന്നന്‍പുറത്തെ പി.ബാലകൃഷ്ണന് പറയാനുള്ളത് കലോത്സവത്തിന്റെ നടത്തിപ്പിനെക്കുറിച്ച്. അതും 1991-ല്‍ കാസര്‍കോട്ട് നടന്ന കലോത്സവത്തെപ്പറ്റി. കാസര്‍കോട് വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ബാലകൃഷ്ണനായിരുന്നു സംസ്ഥാന കലോത്സവത്തിന്റെ അക്കൗണ്ട്സ് ഓഫീസര്‍.

അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന കെ.വി.മദനന്‍, ഉപ ഡയറക്ടര്‍ സി. ചന്ദ്രന്‍, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കുഞ്ഞപ്പ പൊതുവാള്‍ എന്നിവരായിരുന്നു നടത്തിപ്പിന്റെ ഉത്തരവാദിത്വമുള്ള മറ്റുള്ളവര്‍. അന്ന് 35 ലക്ഷം രൂപയായിരുന്നു കലോത്സവത്തിനായി വകയിരുത്തിയിരുന്നത്.

വരവിനേക്കാള്‍ ചെലവുവരുന്ന കാലത്ത് 32.86 ലക്ഷം രൂപയ്ക്ക് ചെലവ് നിയന്ത്രിച്ചത് അദ്ദേഹം ഇന്നും ഓര്‍ക്കുന്നു. ഇതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ലഭിച്ച ഉപഹാരമാണ് വീണ്ടുമൊരു കലോത്സവകാലത്ത് ഇക്കാര്യം ഓര്‍ത്തെടുക്കാന്‍ കാരണമായത്.

അന്ന് താളിപ്പടപ്പ് മൈതാനത്തായിരുന്നു പ്രധാന വേദി. ഇനങ്ങള്‍ കുറവായതിനാല്‍ ആകെ നാലോ അഞ്ചോ വേദികളേ അന്ന് വേണ്ടതുള്ളൂ -അദ്ദേഹം പറഞ്ഞു. ചെലവ് പ്രധാനമായും വരുന്നത് ഭക്ഷണം, ഗതാഗതസൗകര്യം, താമസം, പന്തലും സ്റ്റേജും എന്നീ വിഭാഗമായിട്ടാണ്. അന്ന് ഭക്ഷണ കമ്മിറ്റി ചെയര്‍മാനായിരുന്നത് മരവ്യാപാരിയായിരുന്ന ഹരിറായ കമ്മത്തായിരുന്നു.

അദ്ദേഹത്തിന് സ്വന്തമായി ഒട്ടേറെ ലോറികളും ഉണ്ടായിരുന്നു. കിഴക്കന്‍ദേശത്തുനിന്ന സ്‌കൂളുകള്‍ മുഖാന്തരം ഭക്ഷണത്തിനാവശ്യമായ പച്ചക്കറികളും ഇലയുമൊക്കെ ശേഖരിക്കാന്‍ നിര്‍ദേശംകൊടുക്കുകയും അത് എത്തിക്കാന്‍ കമ്മത്തിന്റെ വാഹനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു.

ഏറ്റവും കൂടുതല്‍ ചെലവ് പ്രതീക്ഷിച്ചിരുന്ന ഭക്ഷണത്തിന് ഇക്കാരണത്താല്‍ ചെലവ് ചുരുക്കാന്‍ സാധിച്ചു. ഗതാഗതത്തിനായി അന്ന് സ്‌കൂളുകളുടെ ബസ് ഏറ്റെടുത്ത് മത്സരാര്‍ഥികള്‍ക്ക് വിവിധ സ്റ്റേജുകളിലേക്ക് പോകാനും മറ്റുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയതും ചെലവുകുറയ്ക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട്ട് ഹോട്ടല്‍ മുറികള്‍ക്കൊന്നും അക്കാലത്ത് വലിയ നിരക്കില്ലാത്തതും ഗുണംചെയ്തുവെന്ന് അദ്ദേഹം പറയുന്നു.