തെക്കുനിന്ന് കലോത്സവവണ്ടി കാസര്‍കോട്ടെത്താന്‍ ഓടിയത് 28 വര്‍ഷങ്ങള്‍. പാളത്തിലെ തടസ്സങ്ങളില്‍ അവ കുരുങ്ങിക്കിടന്നു. ഒടുവില്‍ വീണ്ടും ഒരു കലോത്സവവണ്ടി 2019-ല്‍ കൂകിപ്പാഞ്ഞുവരികയാണ്. മാറ്റങ്ങള്‍ നിരവധിയാണ്.

അതില്‍ ഏറ്റവും പ്രധാനം പണ്ടത്തെ കരിവണ്ടിയില്‍നിന്ന് വൈദ്യുതി എന്‍ജിനിലേക്കുള്ള മാറ്റംതന്നെ. തെക്കുനിന്ന് കാസര്‍കോട്ടേക്ക് 1991-ല്‍ ഓടിയത് മൂന്നുവണ്ടികള്‍മാത്രം. അതില്‍ പ്രധാനി മലബാര്‍ എക്‌സ്പ്രസ്. രണ്ടെണ്ണം മദ്രാസില്‍(ചെന്നൈ)നിന്ന്. മദ്രാസ് മെയിലും വെസ്റ്റ് കോസ്റ്റും. ഒപ്പം കണ്ണൂരില്‍നിന്ന് രണ്ട് പാസഞ്ചറുകളും. ഇന്ന് കാഞ്ഞങ്ങാട്ടുനിര്‍ത്തുന്നത് 54 പ്രതിദിനവണ്ടികള്‍.

ഒപ്പം 24 പ്രതിവാരവണ്ടികളും. കാസര്‍കോട്ടുനിര്‍ത്തുന്നത് 72-ഓളം വണ്ടികള്‍. 1991-ലെ കരിവണ്ടിയിലെ കലോത്സവബോഗികളെക്കുറിച്ച് അന്ന് കാസര്‍കോട്-കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിരുന്ന ടി.ഹംസ ഓര്‍ക്കുന്നു...

മൂന്ന് കരിവണ്ടികള്‍

പുകയുമായി ഓടിവരുന്ന മൂന്ന് യാത്രാവണ്ടികള്‍. കലോത്സവത്തിന് തിരുവനന്തപുരം ഭാഗത്തുനിന്നുള്ളവര്‍ വന്നത് മലബാറിലായിരുന്നു. ചിലര്‍ രണ്ടുദിവസം മുമ്പ് എത്തി. ഇന്നത്തെ 22 കോച്ചുകള്‍ അന്നുണ്ടായിരുന്നില്ല. ഏറിയാല്‍ 14 എണ്ണം.

ചിലപ്പോള്‍ 12. റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ കുറവ്. എ.സി.യില്ല. ഫസ്റ്റ് ക്ലാസ് കൂപ്പെയായിരുന്നു. വണ്ടി എത്തുന്നതും പുറപ്പെടുന്നതും ഏതാണ്ട് ഇതേസമയം തന്നെ. എന്നാല്‍ ഒറ്റപ്പാളവും ചരക്കുവണ്ടികളുടെ ക്രോസിങ്ങും നിമിത്തം വണ്ടി എപ്പോഴും വൈകും. അതിനാല്‍ കലോത്സവക്കാര്‍ പലരും സമയത്തെത്താന്‍ മലബാറിനെ ഒഴിവാക്കിയിരുന്നു. ചിലര്‍ നേരത്തേ വന്ന് മുറിയെടുത്തു തങ്ങി.

മദ്രാസില്‍നിന്നുള്ള വെസ്റ്റ്കോസ്റ്റിന് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. കാസര്‍കോട്ട് ഉണ്ടായിരുന്നു. വെള്ളം കയറ്റാന്‍ നിര്‍ത്തുന്ന ചെറുവത്തൂരിലും ഈ മദ്രാസ് വണ്ടി നിര്‍ത്തിയിരുന്നു. നമ്പര്‍ 20 മദ്രാസ് (ചെന്നൈ) മെയിലിന് കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും സ്റ്റോപ്പ് ഉണ്ടായിരുന്നു. കോച്ചുകള്‍ കുറവാണെങ്കിലും ഏതാണ്ട് ഇന്നത്ത അതേസമയം. വണ്ടി നിര്‍ത്തിയിടുമ്പോള്‍ കുട്ടികള്‍ സ്റ്റേഷനുകളില്‍ ഇറങ്ങി കാഴ്ചകാണുമായിരുന്നു. പാലക്കാട് ഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് ആശ്രയം ഈ വണ്ടികളായിരുന്നു. കണ്ണൂരും മലയോരത്തും ഉള്ളവര്‍ക്ക് രണ്ടു പാസഞ്ചറുകള്‍ ആശ്രയമായിരുന്നു. ഒന്ന് രാവിലെയും മറ്റൊന്ന് ഉച്ചക്കും കാഞ്ഞങ്ങാട്ട് എത്തിയിരുന്നു.

ഇന്ന് കാണുന്ന സ്റ്റേഷന്‍മാസ്റ്ററുടെ ഓഫീസല്ല അന്ന്. കാഞ്ഞങ്ങാട് ഇന്നത്തെ രണ്ടാം പ്ലാറ്റ്‌ഫോമിലായിരുന്നു ഓഫീസ്. ഒരു മെയിന്‍പാളവും വണ്ടി പിടിച്ചിടാന്‍ ഒരു ലൂപ്പ് പാളവും മാത്രം. യാത്രക്കാര്‍ക്ക് ഒപ്പംതന്നെ മത്സ്യം, പച്ചക്കറികള്‍, കുരുമുളക് തുടങ്ങിയവയും ഈ വണ്ടികളില്‍ കടത്തിയിരുന്നു. കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്കായിരുന്നു ഇവ കൂടുതല്‍ കൊണ്ടുപോയത്.

അന്ന് തിരുവനന്തപുരം ഭാഗത്തുള്ളവര്‍ വന്നതും പോയതും ഒറ്റവണ്ടിക്കാണെങ്കില്‍ ഇന്ന് 10-ല്‍പ്പരം ദിനവണ്ടികള്‍ കാസര്‍കോട് ഭാഗത്തേക്കുണ്ട്. രണ്ടുഭാഗങ്ങളിലായി 82 വണ്ടികള്‍ കാസര്‍കോട്ട് നിര്‍ത്തുന്നു. 78 വണ്ടികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്റ്റോപ്പുണ്ട്. യാത്ര ഇന്ന് ഒരു പ്രശ്‌നമേയല്ല.