സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ചരിത്രത്താളുകളിലേക്ക് പോയാല്‍ തുടര്‍ച്ചയായി രണ്ടുവര്‍ഷം, അതും രണ്ടുതവണ മേള നടന്നില്ല. 1966-ലും 67-ലും 72-ലും 73-ലുമാണിത്. എന്തുകൊണ്ടാണ് കലോത്സവം നടക്കാതെ പോയതെന്നതിനെ കുറിച്ചുള്ള കൃത്യമായ വിശദീകരണങ്ങളൊന്നും എവിടെയും രേഖപ്പെടുത്തിയിട്ടില്ല. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മേളയ്ക്ക് കൊടി ഉയര്‍ന്നത് 1968-ല്‍ തൃശ്ശൂരിലായിരുന്നു.

ജനുവരി 24 മുതല്‍ 26 വരെയായിരുന്നു മത്സരം. തൃശ്ശൂര്‍ മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന മത്സരത്തില്‍ ആകെ 30 ഇനങ്ങള്‍. 900 മത്സരാര്‍ഥികള്‍. 37 പോയിന്റ് നേടി ആലപ്പുഴ ചാമ്പ്യന്‍മാരായി. കാസര്‍കോട് ജില്ല മികച്ച പ്രകടനം കാഴ്ചവെച്ച ആദ്യ മത്സരം കൂടിയായി അത്. എറണാകുളത്തിനും കോഴിക്കോടിനുമൊക്കെ മീതെ പട്ടികയില്‍ 24 പോയിന്റോടെ കാസര്‍കോട് തിളങ്ങിനിന്നു. വിദ്യാഭ്യാസമന്ത്രി സി.എച്ച്.മുഹമ്മദ്കോയ ആദ്യാവസാനം മേളയെ നയിച്ചു. കലോത്സവവിശേഷങ്ങള്‍ ഉള്‍പ്പെടുത്തി സുവനീര്‍ ഇറക്കിയതും ഈ വര്‍ഷമാണെന്ന് കോഴിക്കോട് കുതിരവട്ടത്ത് അനൂപ് ഗംഗാധരന്റെ കലോത്സവ ഓര്‍മകള്‍ എന്ന പുസ്തകത്തില്‍ പറയുന്നു.

കോട്ടയത്തേക്ക്

കോട്ടയം എം.ഡി. സെമിനാരി ഹൈസ്‌കൂളിലായിരുന്നു 1969-ലെ 11-ാമത് കലോത്സവം. 53 പോയിന്റോടെ ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ല ജേതാക്കളായി. വിദ്യാഭ്യാസമന്ത്രി സി.എച്ച്.മുഹമ്മദ് കോയ ഉദ്ഘാടകനായി. 69-ലെ ജേതാക്കളുടെ നാടായ ഇരിങ്ങാലക്കുടയിലായിരുന്നു 70-ലെ കലോത്സവം. 70 പോയിന്റുമായി ഇവര്‍ വീണ്ടും ജേതാക്കളാകുകയും ചെയ്തു. ഒന്നാംസ്ഥാനക്കാരുടെ പകുതി പോയിന്റ് മാത്രമേ രണ്ടാം സ്ഥാനത്തെത്തിയ എറണാകുളത്തിന് കിട്ടിയുള്ളൂ. ഈ വര്‍ഷം കാസര്‍കോട് ജില്ലയ്ക്ക് 17 പോയിന്റുമാത്രമേ കിട്ടിയുള്ളൂ.

ആലപ്പുഴയില്‍

1971-ല്‍ ആലപ്പുഴയില്‍ നടന്ന 13-ാമത് മേള പതിവിന് വിപരീതമായി ഫെബ്രുവരിയിലാണ് നടന്നത്. 57 പോയിന്റ് നേടിയ ആലപ്പുഴതന്നെയായിരുന്നു ജേതാക്കള്‍. വീണ്ടും രണ്ടുവര്‍ഷത്തെ ഇടവേള. 74-ല്‍ മാവേലിക്കര ഗവ. ബോയ്സ് ഹൈസ്‌കൂളില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി. 65 പോയിന്റ് നേടി കലാപട്ടം തിരിച്ചുപിടിച്ച തിരുവനന്തപുരത്തിന്റെ വിജയഗാഥയായിരുന്നു ഈ കലോത്സവത്തില്‍. ആഭ്യന്തരമന്ത്രി കെ.കരുണാകരനായിരുന്നു ഉദ്ഘാടകന്‍. 15-ാമത് സ്‌കൂള്‍ കലോത്സവം നടന്നത് 1975-ല്‍ പാലാ സെയ്ന്റ് തോമസ് ഹൈസ്‌കൂളിലായിരുന്നു. 41 പോയിന്റ് വീതം നേടി കോട്ടയം, ഇരിങ്ങാലക്കുട സബ്ജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടുപോയിന്റ് വ്യത്യാസത്തില്‍ തിരുവനന്തപുരം രണ്ടാംസ്ഥാനത്തുമെത്തി. വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദ്കുട്ടിയായിരുന്നു ഉദ്ഘാടകന്‍.

കാല്‍നാട്ടുകര്‍മവും കൊടിമരജാഥയും

1976ല്‍ 16-ാമത് മേളയ്ക്ക് കോഴിക്കോട് ആതിഥേയത്വം വഹിച്ചു. സാമൂതിരി കോളേജ് ഹൈസ്‌കൂള്‍ ഗ്രൗണ്ടായിരുന്നു വേദി. 82 പോയിന്റോടെ വീണ്ടും തിരുവനന്തപുരം ഉജ്ജ്വലഫോമിലേക്ക് വന്ന മേള. കാല്‍നാട്ടുകര്‍മവും കൊടിമരജാഥയും നടത്തി ഉത്സവാന്തരീക്ഷത്തിലേക്ക് മേളയെ കൊണ്ടുചെന്നെത്തിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. യുവജനോത്സവ പിരിവിന്റെ ഉദ്ഘാടനം പി.വി.സാമി നിര്‍വഹിച്ചു. ജനവരി 12 മുതല്‍ മൂന്നുനാള്‍ നീണ്ട മേളയുടെ ഔപചാരികോദ്ഘാടനം മുഖ്യമന്ത്രി കെ.കരുണാകരന്‍ നിര്‍വഹിച്ചു. കലോത്സവം കഴിഞ്ഞതിന്റെ പിറ്റേദിവസം മേളയെ കുറിച്ചുള്ള മുഖപ്രസംഗത്തോടെയാണ് മാതൃഭൂമി പുറത്തിറങ്ങിയത്. ഇക്കൊല്ലത്തെ യുവജനോത്സവം ഒരു ഉത്സവം തന്നെയെന്നുപറഞ്ഞുകൊണ്ടായിരുന്നു മുഖപ്രസംഗം തുടങ്ങിയത്. സംഘാടകരെയും മത്സരാര്‍ഥികളെയും അനുമോദിച്ചുകൊണ്ടായിരുന്നു മുഖപ്രസംഗം അവസാനിപ്പിച്ചത്. 77-ല്‍ എറണാകുളത്തും 78-ല്‍ തൃശ്ശൂരിലും 79-ല്‍ കോട്ടയത്തും മത്സരം നടന്നു. 77, 78 വര്‍ഷങ്ങളില്‍ തിരുവനന്തപുരവും 79-ല്‍ കോട്ടയവും ജേതാക്കളായി.

Content Highlights: State School Kalolsavam 2019, State School Youth Festival 2019