ദ്യ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടി ഉയര്‍ന്നത് കേരളം രൂപവത്കരിച്ച് വെറും മൂന്നുമാസം പിന്നിട്ടപ്പോള്‍. 1957 ജനുവരി 26, 27 തീയതികളില്‍ എറണാകുളം ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു കലോത്സവം. അന്നത്തെ വടക്കേ മലബാര്‍ ജില്ലയ്ക്കായിരുന്നു ചാമ്പ്യന്‍ പട്ടം.

കാസര്‍കോടും കണ്ണൂരും വയനാടിന്റെ ഒരുഭാഗവും ചേര്‍ന്നതായിരുന്നു വടക്കേമലബാര്‍ ജില്ല. 60 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 400 പേര്‍ കലോത്സവത്തില്‍ പങ്കെടുത്തുവെന്ന് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കോഴിക്കോട് കുതിരവട്ടം സ്വദേശി അനൂപ് ഗംഗാധരന്റെ-കലോത്സവങ്ങളിലൂടെ എന്ന പുസ്തകത്തില്‍ പറയുന്നു.

പ്രസംഗം, സംഗീതം, നൃത്തം, നാടകം എന്നിവയായിരുന്നു പ്രധാന ഇനങ്ങള്‍. ആദ്യസമ്മാനം കലാപ്രദര്‍ശനം ഇനത്തിലായിരുന്നു. കാസര്‍കോട് ബോര്‍ഡ് സ്‌കൂളിലെ കെ.സുരേന്ദ്രന്‍ ഒന്നാം സമ്മാനവും എറണാകുളം ഗേള്‍സ് ഹൈസ്‌കൂളിലെ രാധാമണി രണ്ടാംസ്ഥാനവും നേടി.

രണ്ടാംദിവസം വൈകീട്ട് നടന്ന സമാപനത്തില്‍ ഡെപ്യൂട്ടി വിദ്യാഭ്യാസ ഡയറക്ടര്‍ രാമവര്‍മ അപ്പന്‍ തമ്പുരാന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എം.എസ്.വെങ്കിട്ടരാമന്‍ എന്നിവര്‍ പങ്കെടുത്തു.

രണ്ടാമത് കലോത്സവം തിരുവനന്തപുരത്തായിരുന്നു. കേരളത്തിലെ ആദ്യ മന്ത്രിസഭ രൂപവത്കൃതമായശേഷം നടന്ന ആദ്യ ഉത്സവമെന്ന പ്രത്യേകതയും ഇതിനുണ്ട്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ ജനുവരി 26, 27 തീയതികളിലായിരുന്നു കൗമാര ഉത്സവം.

തിരുവനന്തപുരം സൗത്ത് ടീം ജേതാക്കളായി. കൊളീജിയറ്റ് ഡയറക്ടര്‍ സി.എസ്.വെങ്കിടേശ്വരന്‍ ഉദ്ഘാടനം ചെയ്തു. കൗരകൗശല ഇനത്തിലും ടാബ്ലോയീലൂടെയുമൊക്കെ മത്സരരംഗത്തെത്തി സമ്മാനം നേടുന്നതിലും കാസര്‍കോട്ടുകാരുടെ കൈയൊപ്പ് പതിഞ്ഞു.

പകര്‍ച്ചവ്യാധി: 59-െല മേളയുടെ വേദി മാറ്റി

പനിയും ചിക്കന്‍പോക്‌സും വ്യാപകമായി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് 1959-ലെ മൂന്നാമത് കലോത്സവത്തിന്റെ വേദി മാറ്റി. 1959 ജനുവരി 25, 26 തീയതികളിലായിരുന്നു മേള. ആദ്യം നിശ്ചയിച്ചത് പാലക്കാട്ടായിരുന്നു. എന്നാല്‍ രോഗം പടരുന്നുണ്ടെന്നറിഞ്ഞ് അവസാന നിമിഷം ചിറ്റൂരിലേക്ക് മാറ്റി.

പെട്ടെന്നുള്ള വേദിമാറ്റം സംഘാടകരെ വലച്ചു. ഒലവക്കോട്ടെ റെയില്‍വേ ഡിവിഷന്‍ മാനേജര്‍ എസ്.ചൗധരിയാണ് പതാക ഉയര്‍ത്തിയത്. 17 വിദ്യാഭ്യാസ ജില്ലകളില്‍നിന്നായി 800 പേര്‍ മാറ്റുരച്ച മത്സരമായിരുന്നു ചിറ്റൂരിലേത്. കോഴിക്കോടായിരുന്നു ചാമ്പ്യന്‍മാര്‍. കാസര്‍കോട്ടുകാര്‍ക്ക് ഒരു സമ്മാനം പോലും കിട്ടാത്ത ഉത്സവമായിരുന്നു ഇത്.

കോഴിക്കോട്ടെത്തിയപ്പോള്‍

1960- ലെ നാലാമത് കലോത്സവം കോഴിക്കോട്ട് നടന്നപ്പോഴും കാസര്‍കോട്ടുകാര്‍ക്ക് സമ്മാനം കിട്ടിയില്ല. അതുവരെയുള്ള കലോത്സവങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുണ്ടായ കലോത്സവമായിരുന്നു കോഴിക്കോട്ടേത്. മാതൃഭൂമി പത്രാധിപര്‍ കെ.പി.കേശവമേനോന്‍ ആണ് കോഴിക്കോട് കലോത്സവം ഉദ്ഘാടനം ചെയ്തത്.

468 ആണ്‍കുട്ടികളും 306 പെണ്‍കുട്ടികളും മാറ്റുരച്ചു. തലശ്ശേരി വിദ്യാഭ്യാസ ജില്ലയ്ക്ക് ഒന്നാംസ്ഥാനവും തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയ്ക്ക് രണ്ടാംസ്ഥാനവും കിട്ടി. 61-ല്‍ തിരുവനന്തപുരത്ത് നടന്ന അഞ്ചാമത് കലോത്സവത്തില്‍ ആതിഥേയര്‍ ചാമ്പ്യരായി. അന്ന് രണ്ടുപോയിന്റ് നേടിയ കാസര്‍കോട് പട്ടികയില്‍ ഏറ്റവും പിറകില്‍. കലോത്സവം മൂന്നുദിവസമാക്കിയതും ഈ കലോത്സവത്തിലാണ്.

ഗവര്‍ണര്‍ വി.വി.ഗിരി ഉദ്ഘാടനം ചെയ്തു. ജനുവരി 26-ന് നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പട്ടംതാണുപ്പിള്ള ഉദ്ഘാടനം ചെയ്തു. 400 പെണ്‍കുട്ടികളും 300 ആണ്‍കുട്ടികളും മാറ്റുരച്ചു. 20 വിദ്യാഭ്യാസജില്ലക്കാരുടെ പങ്കാളിത്തമാണ് 1962-ലെ കലോത്സവത്തില്‍ ഉണ്ടായിരുന്നത്. ചങ്ങനാശ്ശേരി പെരുന്ന എസ്.എന്‍. കോളേജിലായിരുന്നു മത്സരം.

ആലപ്പുഴ ജില്ല ജേതാക്കളായി. തിരുവനന്തപുരം മൂന്നാമതും ചാമ്പ്യന്മാരായ കലോത്സവം. ഇതേവര്‍ഷം തന്നെയാണ് ഏഴാമത് സ്‌കൂള്‍ കലോത്സവവും നടന്നത്. നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന് തീയതികളിലായിരുന്നു അത്.

തിരുവനന്തപുരം തുടര്‍ച്ചയായി ഈ വര്‍ഷവും ചാമ്പ്യന്‍മാരായി. ഈ കലോത്സവത്തെ ആര്‍ഭാടമില്ലാത്ത മേള എന്നയിരുന്നു സര്‍ക്കാരും പൊതുജനങ്ങളുംവിശേഷിപ്പിച്ചിരുന്നത്. എട്ടാമത് കലോത്സവം 1964 ജനുവരി 23 മുതല്‍ 25 വരെ തിരുവല്ലയില്‍ നടന്നു.

വര്‍ഷങ്ങളുടെ പട്ടിക നോക്കിയാല്‍ അതില്‍ 1963 വര്‍ഷം ഒഴിഞ്ഞുകിടക്കും. 62-ലെ അധ്യയന വര്‍ഷത്തെ മേള അതേവര്‍ഷവും 63-ലെ അധ്യയനവര്‍ഷത്തേത്ത് തൊട്ടടുത്ത വര്‍ഷവും നടന്നു.

തിരുവല്ല കലോത്സവത്തില്‍ ആലപ്പുഴയായിരുന്നു ചാമ്പ്യന്‍മാര്‍. 1965-ല്‍ ഷൊര്‍ണൂരിലായിരുന്നു മേള. 34 പോയിന്റ് നേടി കൊല്ലം ജില്ല ചാമ്പ്യന്‍മാരായി.