madiyan Radhakrishna Mararകാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ കാസര്‍കോട് ജില്ലയുടെ പട്ടികയില്‍ തായമ്പകയിനത്തില്‍ അന്നും ഇന്നും തിളങ്ങി നല്‍ക്കുന്നത് മഡിയന്‍ രാധാകൃഷ്ണമാരാര്‍ മാത്രം. 1985-ല്‍ എറണാകുളത്ത് സംസ്ഥാന കലോത്സവം നടന്നപ്പോഴാണ് രാധാകൃഷ്ണ മാരാര്‍ ഈ ഇനത്തില്‍ ചാമ്പ്യനായത്. അന്ന് വെള്ളിക്കോത്ത് പി. സ്മാരക സ്‌കൂളില്‍ പത്താംതരം വിദ്യാര്‍ഥിയായിരുന്നു. ചെണ്ടമേളത്തിലൊക്കെ നേട്ടം കൊയ്തിരുന്നുവെങ്കിലും തായമ്പകയില്‍ മുന്നിലെത്താന്‍ അതിനുമുന്‍പോ പിന്നീടോ ജില്ലയിലെ മറ്റൊരു മത്സരാര്‍ഥിക്കും കഴിഞ്ഞിട്ടില്ല.

ഇന്ന് അത്യുത്തര കേരളത്തിലെ അറിയപ്പെടുന്ന വാദ്യകലാകാരനാണ് ഇദ്ദേഹം. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍നിന്ന് പട്ടുംവളയും വാദ്യരത്‌നം ബഹുമതിയും നേടിയത് അടുത്തകാലത്താണ്. അച്ഛന്‍ കാളവീട് കൃഷ്ണന്‍കുട്ടി മാരാരുടെ ശിഷ്യത്വം സ്വീകരിച്ച് കന്നിയങ്കം കുറിച്ചു. സദനം വാസുദേവന്റെ ശിക്ഷണത്തിലും പഠിച്ചു. തായമ്പകയില്‍ നവകൂറ് എന്ന പുതിയ ഇനത്തെ പരീക്ഷിക്കുകയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പഞ്ചാരി, ചെമ്പ, അടന്ത എന്നീ പതിവ് കൂറുകള്‍ക്കു പുറമെ നാലാമതൊരു കൂറ് കൂടി ഉള്‍പ്പെടുത്തിയായിരുന്നു പരീക്ഷണം. കുറുങ്കുഴലിന് പകരം സാക്‌സഫോണ്‍ ഉപയോഗിച്ചുള്ള പരീക്ഷണവും ഇദ്ദേഹം നടത്തി. ഒട്ടേറെ പുരസ്‌കാരങ്ങളും തേടിയെത്തി. ഭാര്യ: സുജാത. മക്കള്‍: ശില്‍പ, ശ്രേയ.