കാഞ്ഞങ്ങാട്: ജില്ലാതല ഹയര്‍ സെക്കന്‍ഡറി മത്സരത്തില്‍ ഒപ്പന നന്നായി കളിച്ചെങ്കിലും ഫലപ്രഖ്യാപനത്തില്‍ പിന്തള്ളപ്പെട്ടതിന്റെ സങ്കടവുമായാണ് ലൗലിയും അധ്യാപകരും അഡ്വ. എ.വി.കൃഷ്ണറാവുവിന്റെ മുന്‍പിലെത്തിയത് -അഭിഭാഷകവൃത്തിയില്‍ മുന്‍ മന്ത്രി കെ.ചന്ദ്രശേഖരന്റെ ശിഷ്യന്‍ കൂടിയായ കൃഷ്ണറാവു പറഞ്ഞു. 'കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കാം. അതിനു മുന്‍പ് ഇവളൊന്നു പാടട്ടെ'. ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടുക്കാരി ലൗലി രണ്ടാമതൊന്ന് ആലോചിച്ചില്ല. കൃഷ്ണറാവുവിന് മുന്‍പില്‍ ഒപ്പനഗീതം മനോഹരമായി ആലപിച്ചു.

പാട്ടുകേട്ടപ്പോള്‍ കൃഷ്ണറാവുവിന്റെ ചോദ്യം ഗാനാലാപനത്തിലൊന്നും പങ്കെടുത്തില്ലേ? ലളിതഗാനത്തിലും മാപ്പിളപ്പാട്ടിലും പങ്കെടുത്തിരുന്നുവെന്നും ഒന്നിനും സമ്മാനം കിട്ടിയില്ലെന്നും ലൗലിയുടെ മറുപടി. നിര്‍ധന കുടുംബാംഗമാണെന്നുകൂടി അധ്യാപകര്‍ ലൗലിയെക്കുറിച്ച് പറഞ്ഞതോടെ ഫീസൊന്നും വേണ്ട അപ്പീല്‍ഹര്‍ജി നല്‍കാമെന്ന് കൃഷ്ണറാവു. ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍നിന്ന് അപ്പീല്‍ നേടി ലൗലി 1998-ല്‍ തൃശ്ശൂരില്‍ നടന്ന സംസ്ഥാന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മത്സരത്തിനെത്തി.

ലളിതഗാനത്തില്‍ ഒന്നാംസ്ഥാനം. മാപ്പിളപ്പാട്ടില്‍ രണ്ടാംസ്ഥാനം. ലൗലിയും ടീമും അവതരിപ്പിച്ച ഒപ്പനയ്ക്കും രണ്ടാംസ്ഥാനം. അന്നത്തെ അനുഭവം പറയുമ്പോള്‍ അഡ്വ. കൃഷ്ണറാവുവിന്റെ പേര് ലൗലിക്ക് ആവര്‍ത്തിച്ചു പറയാതിരിക്കാനാകില്ല.

കൊളവയലിലെ ചെത്തുതൊഴിലാളി വി.എം.രവിയുടെയും ബീഡിത്തൊഴിലാളി കാര്‍ത്യായനിയുടെയും മകള്‍ക്ക് അപ്പീല്‍ ഹര്‍ജി കൊടുക്കാനുള്ള പണമൊന്നും ഉണ്ടായിരുന്നില്ല. ഒപ്പന ടീമിനുവേണ്ടി അഡ്വക്കറ്റിന്റെ മുന്‍പിലെത്തിയതുതന്നെ പ്രഥമാധ്യാപകന്‍ കൃഷ്ണന്‍ മാഷിന്റെയും ക്ലാസ് അധ്യാപിക ഉഷ ടീച്ചറുടെയും നിര്‍ബന്ധം കൊണ്ടുമാത്രം. ആ വര്‍ഷം ഹയര്‍ സെക്കന്‍ഡറി കലോത്സവത്തില്‍ കാസര്‍കോട് ജില്ലയ്ക്കായിരുന്നു കലാകിരീടം. ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ ആണ് ലൗലിയുടെ ഭര്‍ത്താവ്. മക്കള്‍: നന്ദിത് രാജ്, സൂര്യജിത്ത് രാജ്.

കലോത്സവ പ്രചാരണത്തിന് സൈക്കിള്‍റാലിയും കാളവണ്ടിയാത്രയും
കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചാരണത്തിന് ജില്ലയിലെ ക്ലബ്ബുകളും സന്നദ്ധസംഘടനകളും പബ്ലിസിറ്റി ഉപസമിതിയുമായി കൈകോര്‍ക്കും.

1500-ലധികം പേര്‍ അണിനിരക്കുന്ന സൈക്കിള്‍ റാലി, ഗ്രാമഗ്രാമാന്തരങ്ങളില്‍ വിളംബര കുടില്‍കെട്ടല്‍, കാളവണ്ടിയിലൂടെ പ്രചാരണമെത്തിക്കല്‍, ഗ്രാമങ്ങളിലും നഗരങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് ശില്പങ്ങള്‍, കലോത്സവ വേദിയിലും മറ്റും ഉപയോഗിക്കാന്‍ ആവശ്യമായ 1000 വിത്തുപേന എന്നിങ്ങനെയുള്ള വ്യത്യസ്ഥ ആശയങ്ങളാണ് വിവിധ ക്ലബ്ബുകാര്‍ നടപ്പാക്കുന്നത്.

പബ്ലിസിറ്റി വൈസ് ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാടിന്റെ അധ്യഷതയില്‍ ചേര്‍ന്ന യോഗം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു.

കണ്‍വീനര്‍ ജിജി തോമസ്, സമീല്‍ അഹമദ്, പി.രതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.