ന്റെ കുട്ടിക്കാലത്ത് ഞങ്ങള്‍ ബേഡഡുക്കക്കാര്‍ക്ക് 'കലോത്സവ'ത്തില്‍ ഉത്സവം മാത്രമേ ഉണ്ടായിരുന്നുള്ളൂ, കല ഉണ്ടായിരുന്നില്ല. ഉത്സവം എന്നൊക്കെപ്പറഞ്ഞാല്‍ തെയ്യംതന്നെയാണ് മുഖ്യ ഐറ്റം- കളിയാട്ടം. പിന്നെ തിടമ്പുനൃത്തം.

അടുത്ത ഐറ്റം തോമസേട്ടന്റെ പട്ടഷാപ്പിന്റെ മുന്‍വശം നടക്കുന്ന പ്രാദേശിക കലാകാരന്മാരുടെ ആട്ടമാണ്. ചുവടുറയ്ക്കാത്ത കാലില്‍ക്കിടന്നുള്ള ഭരതനാട്യം... കുച്ചിപ്പുഡി... മോഹിനിയാട്ടം... സംഘഗാനം... ഓഫ് സ്റ്റേജ് മത്സരത്തില്‍ ഒരു മത്സരാര്‍ഥിമാത്രമേ ഉണ്ടായിരുന്നുള്ളൂ, നാരായണന്‍. വയസ്സ് 19. ഷാപ്പടച്ച് തോമസേട്ടന്‍ സ്ഥലംവിട്ടാല്‍ മദ്യവിരോധിയായ നാരായണന്‍ സ്ഥലത്തെത്തും. ഷാപ്പിന്റെ നിരപ്പലകയില്‍ അന്നെഴുതിയ കവിത കുത്തരിച്ചോറുതേച്ച് ഒട്ടിച്ചുവെയ്ക്കും. മുഖം കോട്ടുവാതം വന്ന് ഒരുവശത്തേക്ക് കോടി ചെറിയൊരു കൂനുമായി കുന്നിറങ്ങി അയാള്‍ തിരിച്ചുപോകും. ആ കവിതയ്ക്ക് ഇന്നുവരെ ഒരു ജഡ്ജസും മാര്‍ക്കിട്ടിട്ടില്ല. ഇന്നയാള്‍ ജീവിച്ചിരിപ്പുണ്ടോയെന്നും എനിക്കറിയില്ല.

പിന്നെ ഞാന്‍ കണ്ട രണ്ട് കലാകാരന്മാര്‍ ബാലന്‍ പണിക്കരും കോരന്‍ പണിക്കരുമാണ്. ഒരാള്‍ വെളുത്ത് സുന്ദരന്‍. കോരന്‍ പണിക്കരാകട്ടെ മുന്‍വരിയിലെ പല്ല് ചെറുതായിട്ടൊന്നു തള്ളി കറുത്തിട്ടാണ്. പക്ഷേ, വിഷ്ണുമൂര്‍ത്തി കെട്ടിയാല്‍ ഒന്നാം സമ്മാനവും എ ഗ്രേഡും കോരനു സ്വന്തം.

Santhosh Echikkanam

തെയ്യത്തില്‍ ആളൊരു കലാപ്രതിഭയാണ്. ഹിരണ്യകശിപുവിനെ പീഠത്തിലിട്ട് ലഗോണ്‍ കോഴിയെപ്പോലെ വലിച്ചുകീറുന്നതുകണ്ട് പേടിച്ച് ഞാനടക്കമുള്ള കൊച്ചുകുട്ടികളുടെ ജട്ടി നനഞ്ഞിട്ടുണ്ട്. ഇങ്ങനെയൊക്കെയല്ലാതെ ഞങ്ങളുടെ നാട്ടില്‍ ഓര്‍ക്കാന്‍തക്ക കലയോ കലാപമോ ഉത്സവമോ ഒന്നും ഉണ്ടായിട്ടില്ല. ഒന്‍പതാംതരത്തില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ഒരു കഥാമത്സരത്തില്‍ പങ്കെടുക്കുന്നത്. അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റല്ല. കുണ്ടംകുഴി ഹൈസ്‌കൂളിലെ മലയാളം അധ്യാപകന്‍ രാജന്‍മാഷ് ഉച്ചയ്ക്ക് സ്‌കൂള്‍വരാന്തയിലൂടെ ചുമ്മാ നടന്നുപോവുകയായിരുന്ന എന്റെ കഴുത്തിനുപിടിച്ച് പൊക്കി സ്റ്റാഫ്‌റൂമില്‍ കൊണ്ടുപോയി തന്ന മുട്ടന്‍ പണിയാണ്. എഴുതെടാ കഥ -ഗുരു ആജ്ഞാപിച്ചു. അവിടെ എട്ടുപത്തുപേര്‍ ഇരുന്ന് വെള്ളക്കടലാസില്‍ ചറപറാന്ന് എഴുതുന്നു. ഞാന്‍ മാഷിനുനേരേ വിതുമ്പലോടെ കൈകൂപ്പി: എനിക്ക് കഥയെഴുതാന്‍ അറിയില്ല സാറേ... അതെനിക്കറിയാമെടാ. പക്ഷേ, ആളുകുറവായതോണ്ട് നിന്നെ പൊക്കിയതാ. നീ എഴുതീട്ടിവിടന്നു പോയാമതി. അങ്ങനെ രണ്ടും കല്പിച്ച് ഞാനെഴുതി. നാലഞ്ചുദിവസം കഴിഞ്ഞ് ഫലപ്രഖ്യാപനം വന്നപ്പോള്‍ എനിക്കായിരുന്നു ഫസ്റ്റ്. കലോത്സവവേദിയിലെ കോളാമ്പിമൈക്കിലൂടെ വലിയ ശബ്ദത്തില്‍ എന്റെ പേരുപറയുന്നത് കേട്ടപ്പോള്‍ ഞാന്‍ രോമാഞ്ചകഞ്ചുകനായിപ്പോയി. അന്നുമുതല്‍ രാജന്‍മാഷിന്റെ കണ്ടകശ്ശനി തുടങ്ങി. കഥയും കവിതയും നാടകവും ഡിറ്റക്ടീവ് നോവലുകളും എഴുതി അഭിപ്രായം പറയാന്‍ കൈയില്‍ക്കൊടുത്ത് ഞാനദ്ദേഹത്തിന്റെ സൈ്വരംകെടുത്തി. പിന്നെ ജില്ലയാണ്. അവിടേക്കൊന്നും എന്നെയാരും കൊണ്ടുപോയില്ല. അവിടെ അവസാനിച്ചു എന്റെ കലോത്സവം.

കലോത്സവങ്ങള്‍ ഭാവിയിലെ കലാകാരന്മാരെ സൃഷ്ടിക്കാനുള്ള പ്രാഥമികമായ കളരിയാണെന്നൊന്നും എനിക്കിതുവരെ തോന്നിയിട്ടില്ല. പക്ഷേ, മത്സരമെന്നത് വേദിയില്‍ നിര്‍ത്തണം. അല്ലാതെ വേദിക്കുപുറത്തും കോടതിയിലും നടത്തുന്ന തെരുവുയുദ്ധങ്ങളാകരുത്. ഇന്ന് കൊണ്ടാടപ്പെടുന്ന ജേതാക്കള്‍ മണ്‍മറയുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ കാഴ്ചക്കാരനായ ഒരു പാവം കുട്ടിയായിരിക്കാം ഭാവിയില്‍ കലയുടെ ചക്രവര്‍ത്തിയായി കിരീടം പിടിച്ചെടുക്കുന്നത്. എല്ലാവരും ഒത്തുചേരുന്ന സ്‌നേഹത്തിന്റെ, സൗഹാര്‍ദത്തിന്റെ സംഗമനിമിഷങ്ങളായി നമ്മള്‍ കലോത്സവത്തെ കാണുക. ഇത്തവണ എന്റെ നാടായ കാസര്‍കോട് അതിനൊരു വേദിയാകുമ്പോള്‍ ആനന്ദം ഇരട്ടിയാകുന്നു.

Content Highlights: Santhosh Echikkanam about kalolsavam, Kalolsavam 2019, Kerala State School Youth Festival 2019 Kanhangad, KL60KaLa60