കാസര്‍കോട്: അവരുടെ ഓര്‍മകള്‍ വര്‍ണനൂലില്‍ മെനഞ്ഞതാണ്. പൂവും പൂന്തോട്ടവും പൂമ്പാറ്റകളും നിറഞ്ഞ ഓര്‍മകള്‍. അവര്‍ വര്‍ണങ്ങള്‍ വാരിവിതറുകയായിരുന്നില്ല, അതിസൂക്ഷ്മമായി തുന്നിച്ചേര്‍ത്ത് മനോഹരചിത്രങ്ങള്‍ തീര്‍ക്കുകയായിരുന്നു. അവര്‍ ആറുസഹോദരിമാര്‍. 15 വര്‍ഷത്തോളം സംസ്ഥാന സ്‌കൂള്‍മേളകളില്‍ അലങ്കാരത്തുന്നല്‍ മത്സരത്തിലെ ഒന്നാംസ്ഥാനം അവര്‍ മറ്റാര്‍ക്കും വിട്ടുകൊടുത്തില്ല. പിന്നെ കാണാമറയത്തേക്ക് പിന്‍വാങ്ങി, സ്‌കൂള്‍മേളകളില്‍ വിരിയുന്ന മഹാഭൂരിപക്ഷം പ്രതിഭകളെപ്പോലെ.

കാഞ്ഞങ്ങാട്ടേക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവമെത്തുമ്പോള്‍ കാസര്‍കോട് താലൂക്കോഫീസിനോടുചേര്‍ന്നുള്ള പള്ളം റോഡിലെ ആരാധനവീട്ടില്‍ റീനയ്ക്ക് താനും അഞ്ചുചേച്ചിമാരും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അലങ്കാരത്തുന്നലില്‍ ഒന്നാംസ്ഥാനം നേടിയ കഥയാണ് പറയാനുള്ളത്.

''മൂത്തചേച്ചി പഴയപുരയില്‍ ഷൈലജയാണ് തുടക്കമിട്ടത്, 1976-ല്‍. ഇന്നത്തെ നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആദ്യബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു ചേച്ചി. സ്‌കൂള്‍ ആദ്യം തുടങ്ങിയത് പള്ളം റോഡിലെ കെട്ടിടത്തിലാണ്, ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത്.

കാസര്‍കോട്ട് പെണ്‍കുട്ടികള്‍ക്കായി ഹൈസ്‌കൂള്‍ വേണമെന്ന് അന്നത്തെ പ്രഗത്ഭ അധ്യാപിക നെല്ലാട്ട് കമല വാശിപിടിച്ചതിന്റെ ഫലമായിരുന്നു സ്‌കൂള്‍.

എട്ടാംക്ലാസുകാരിയായ ചേച്ചിക്ക് അലങ്കാരത്തുന്നലിലുള്ള വൈഭവം ടീച്ചറുടെ ശ്രദ്ധയില്‍പ്പെട്ടു. കുറച്ച് പരിശീലനം നല്‍കി സംസ്ഥാന കലോത്സവത്തിന് കൊണ്ടുപോയി. ആദ്യശ്രമത്തില്‍ത്തന്നെ രണ്ടാംസ്ഥാനം കിട്ടിയത് ആത്മവിശ്വാസമായി. 1978-ല്‍ രണ്ടാമതുപോയപ്പോള്‍ ഒന്നാമതെത്തി. 1979-ല്‍ വീണ്ടും ഒന്നാംസ്ഥാനം'' -റീന പറയുന്നു.

അടുത്ത ഊഴം തൊട്ടുതാഴെയുള്ള പ്രഭാവതിയുടേതായിരുന്നു. 1980-ല്‍ തിരുവനന്തപുരത്ത് നടന്ന കലാമേളയില്‍ പ്രഭാവതി ഒന്നാംസ്ഥാനം നേടി. തൊട്ടടുത്തവര്‍ഷം പാലക്കാട് മേളയ്ക്ക് പോയത് അതിനുതാഴെയുള്ള ശാലിനി.

വെളുത്ത പ്രതലത്തില്‍ പലനിറത്തിലുള്ള നൂലുകള്‍ കൊണ്ട് ശാലിനി ഒന്നാംസ്ഥാനം തുന്നിയെടുത്തു. അല്പം പ്രായവ്യത്യാസമുള്ള ലീന 1985-ലാണ് പോയത്. അന്ന് എറണാകുളത്തായിരുന്നു. ലീനയും സ്ഥാനം കാത്തു. അതിനുതാഴെയുള്ള ബീനയുടെ ഊഴം 1988-ലായിരുന്നു. ബീനയും ഒന്നാമതെത്തി.

അപ്പോഴേക്കും ഇവരുടെ ഇനം കലോത്സവത്തില്‍നിന്ന് മാറ്റി പ്രവൃത്തിപരിചയമേളയുടെ ഭാഗമാക്കി. ഏറ്റവും ഇളയവളായ റീന 1990-ല്‍ തിരൂരില്‍ നടന്ന മേളയില്‍ പങ്കെടുത്ത് ഒന്നാംസ്ഥാനം നേടി.

മത്സരത്തിന് കലണ്ടറിലോമറ്റോ ഉള്ള ഒരു ചിത്രം കാണിക്കുകയാണ് ചെയ്യുക. അത് തുണിയില്‍ തുന്നിയുണ്ടാക്കണം. ഏതുനിറം നൂലും തിരഞ്ഞെടുക്കാം. മൊത്തത്തില്‍ ഭംഗിയുണ്ടാകണം. രണ്ടുമണിക്കൂറാണ് സമയം. കൈവേഗം പ്രധാന ഘടകമാണ്. ''ആരും പഠിപ്പിച്ചുതന്നില്ല. ഞങ്ങള്‍ സ്വയം പരിശീലിച്ച് വേഗം കൈവരിച്ചതാണ്. ചെറിയതോതില്‍ വര കൈവശമുള്ളതുകൊണ്ട് കുറെയൊക്കെ കലാപരമായി ചെയ്യുന്നുവെന്ന് മാത്രം'' -റീന വിശദീകരിക്കുന്നു.

geethopadesham
പ്രഭാവതി തുണിയില്‍ തുന്നിയ ഗീതോപദേശം 

കണ്ണൂരില്‍നിന്ന് കാസര്‍കോട്ടേക്ക്

കണ്ണൂരില്‍നിന്ന് കാസര്‍കോട്ടേക്ക് മാറിയ കേശവന്‍ മേസ്തിരിയുടെയും കാര്‍ത്യായനിയുടെയും മക്കളാണീ സഹോദരിമാര്‍. കരാറുകാരനായിരുന്ന കേശവന്‍ മേസ്തിരി ജോലിയുടെ ഭാഗമായാണ് ഇവിടേക്ക് പോന്നത്. അഭിഭാഷകനായ ഭര്‍ത്താവ് പി.വി.സലീലിനും മകള്‍ ദേവികയ്ക്കുമൊപ്പം പള്ളം റോഡിലെ തറവാട്ടുവീട്ടില്‍ കഴിയുന്ന റീന കാസര്‍കോട് കോടതിയില്‍ സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റാണ്. ഷൈലജ അഹമ്മദാബാദില്‍ താമസമാക്കി. വടകര എ.ഇ.ഒ. ഓഫീല്‍ ജൂനിയര്‍ സൂപ്രണ്ടാണ് പ്രഭാവതി. ശാലിനി നീലേശ്വരത്ത് സഹകരണബാങ്കില്‍ ജോലിചെയ്യുന്നു. ലീന കാസര്‍കോട്ട് പൊതുമരാമത്ത് വകുപ്പിലും ബീന കോഴിക്കോട്ട് വാട്ടര്‍ അതോറിറ്റിയിലും ജോലിക്കാരാണ്.

Content Highlights: Kerala School Youth Festival memories, Kerala School Kalolsavam