1990-ല്‍ ഉദുമ ഗവ. എല്‍.പി. സ്‌കൂളില്‍നിന്ന് പ്രഥമാധ്യാപകനായി വിരമിച്ച കണ്ടത്തുവളപ്പില്‍ കരുണാകരന്‍ മാഷിനു പ്രായം 85. 1986-ലെ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ ഇദ്ദേഹത്തിന് സംസ്ഥാന സ്‌കൂള്‍ കലോത്സവം വീണ്ടും ജില്ലയിലേക്ക് എത്തുമ്പോള്‍ ഓര്‍മയിലേക്കെത്തുന്നത് 1968-69 വര്‍ഷം സംസ്ഥാനത്ത് ആദ്യമായി നടന്ന ബാലകലോത്സവമാണ്.

ബേക്കല്‍ ഉപജില്ലയില്‍ പരീക്ഷണാര്‍ഥം നടന്ന ആ കലോത്സവത്തിന്റെ മുഖ്യസംഘാടകരിലൊരാളായിരുന്നു മാഷ്. ഇദ്ദേഹം പ്രഥമാധ്യാപകനായിരുന്ന കോട്ടിക്കുളം ഗവ. യു.പി. സ്‌കൂളിലായിരുന്നു ബാലകലോത്സവം നടന്നത്. ഉദ്ഘാടനം ചെയ്യാന്‍ കോട്ടിക്കുളത്തെത്തിയത് മഹാകവി പി.കുഞ്ഞിരാമന്‍ നായരായിരുന്നു. അന്നത്തെ ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന കെ.സി.നായരുടെ നേതൃത്വത്തില്‍ മാസംതോറും നടക്കാറുള്ള പ്രഥമാധ്യാപകരുടെ യോഗത്തില്‍വച്ചാണ് ആശയം പിറവിയെടുക്കുന്നത്. .

'സംഘാടനത്തില്‍ മികവുണ്ടായിരുന്നെങ്കിലും എനിക്ക് പ്രസംഗപാടവം കുറവായിരുന്നു. അതുകൊണ്ടുതന്നെ നന്നായി സംസാരിക്കുന്ന എന്‍.മാധവന്‍ നായര്‍ സെക്രട്ടറിയും ഞാന്‍ ജോ. സെക്രട്ടറിയുമായാണ് ഏഴംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് രൂപം നല്‍കിയത്' -കരുണാകരന്‍ മാഷ് ഓര്‍മിക്കുന്നു.

രണ്ടുദിവസങ്ങളിലായി

ഇന്നത്തെപ്പോലെ വിദ്യാഭ്യാസ വകുപ്പിന്റെ അകമഴിഞ്ഞ പിന്തുണയോ ഫണ്ടോ അന്നത്തെ കലോത്സവത്തിന് ലഭിച്ചിരുന്നില്ല. എന്നിട്ടും പൊതുജനങ്ങളില്‍നിന്ന് പിരിവെടുക്കാതെ അധ്യാപകരും വിദ്യാര്‍ഥികളും പൈസ സ്വരൂപിച്ച് നാടിന്റെ ഉത്സവംതന്നെയാക്കി കലോത്സവം നടത്തി.

ഒരു അവധിദിനത്തിലും പ്രവൃത്തിദിനത്തിലുമായി രണ്ടുദിവസങ്ങളിലായാണ് ഇത്. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ശാസ്ത്ര പ്രദര്‍ശനവും ആദ്യ കലോത്സവങ്ങളില്‍ പതിവായിരുന്നു. ക്രമേണ കലാമത്സരങ്ങള്‍ വര്‍ധിച്ചതോടെ പ്രദര്‍ശന മേള നിലച്ചു. പരീക്ഷണമായി കോട്ടിക്കുളത്ത് നടത്തിയ കലോത്സവം അടുത്ത വര്‍ഷങ്ങളില്‍ മാവുങ്കാല്‍ രാമനഗര്‍, മാലക്കല്ല് രാജപുരം എ.യു.പി. സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളിലായി നടത്തി.

ഹൊസ്ദുര്‍ഗ്, കുമ്പള തുടങ്ങിയ ഉപജില്ലകളും ഇതിനെ മാതൃകയാക്കി കലോത്സവങ്ങള്‍ സംഘടിപ്പിച്ചതോടെ ജില്ലയില്‍ മുഴുവനായി വ്യാപിച്ചു. തുടക്കത്തില്‍ സ്വകാര്യ ഹോട്ടലുകളെ ഏല്‍പ്പിച്ചിരുന്ന ഭക്ഷണവിതരണം 1980-ഓടെ മാറി. കോട്ടിക്കുളം പ്രഥമാധ്യാപകനായിരുന്ന കരുണാകരന്‍ മാഷ് ഉദുമ ജി.എല്‍.പി. സ്‌കൂളിലേക്ക് സ്ഥലം മാറിയെത്തി. 1980-ല്‍ ഇവിടെ നടന്ന കലോത്സവത്തിലാണ് കലോത്സവപ്പന്തലില്‍ത്തന്നെ അധ്യാപകര്‍ക്കും മത്സരാര്‍ഥികള്‍ക്കും സൗജന്യ ഭക്ഷണപ്പന്തിയൊരുങ്ങുന്നത്.

ക്രമേണ സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലേക്കും ബാലകലോത്സവത്തിന്റെ പ്രശസ്തി വ്യാപിച്ചുതുടങ്ങിയതോടെ 1980-നുശേഷം വിദ്യാഭ്യാസവകുപ്പ് ഏറ്റെടുത്ത് സംസ്ഥാന യുവജനോത്സവത്തിന്റെ ഭാഗമാക്കി.

Content Highlights: Kalolsavam Flashback, State School Kalolsavam 2019