വേദിയില്‍ യക്ഷഗാന മത്സരം, കൃഷ്ണനും ബലരാമനും തമ്മിലുളള ലീലകളാണ് ചുവടുകളായി അവതരിപ്പിക്കുന്നത്, അക്ഷമനായി വേദിക്ക് പുറത്ത് കാത്തിരിക്കുന്നുണ്ട് മാധവന്‍ മാഷ്.. ആദ്യ മത്സരം കഴിഞ്ഞ് രണ്ടാമത്തേയും മൂന്നാമത്തേയും നാലാമത്തേയും യക്ഷഗാനസംഘങ്ങള്‍ വേദിയിലെത്തുമ്പോഴെല്ലാം മാഷിന്റെ മുഖത്ത് ഈ ടെന്‍ഷനും പരിഭ്രമവും കാണാം. കാരണം ഒന്നും രണ്ടുമല്ല, എച്ച്.എസ് വിഭാഗം യക്ഷഗാന മത്സരത്തിനുണ്ടായിരുന്ന പന്ത്രണ്ട് ടീമുകളില്‍ ഏഴ് ടീമുകളാണ് മാധവന്‍ മാധവന്‍ മാഷിന്റെ ശിക്ഷണത്തില്‍ മത്സരവേദിയിലെത്തിയത്. ഇതില്‍ കാസര്‍ഗോഡിന്റെ സ്വന്തം ടീം മുതല്‍ തിരുവനന്തപുരത്ത് നിന്നുള്ള ടീം വരെ ഉള്‍പ്പെടുന്നു.
ഇത് പതിനഞ്ചാമത്തെ വര്‍ഷമാണ് യക്ഷഗാന കലാകാരന്‍ കൂടിയായ മാധവന്‍ മാഷ് പരിശീലകനായി കലോത്സവ വേദികളിലെത്തുന്നത്. ഇത്തവണ ടീം കുറവാണെന്നാണ് മാഷ് പറയുന്നത്. ആലപ്പുഴ കലോത്സവത്തില്‍ ഇരുപതിലധികം ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്.
ഈ രംഗത്ത് മുപ്പത്തിയഞ്ച് വര്‍ഷത്തെ പരിചയസമ്പത്തുള്ള മാധവന്‍ മാഷിന് കേരളത്തിലങ്ങളോമിങ്ങോളം ആയിരത്തിയഞ്ഞൂറോളം ശിഷ്യരാണുള്ളത്. കുട്ടികളെ പഠിപ്പിക്കാന്‍ ലഭിച്ച അവസരത്തെ തന്റെ നിയോഗവും ഭാഗ്യവുമായാണ് മാധവന്‍ മാഷ് കണക്കാക്കുന്നത്.
കാസര്‍ഗോഡുള്ള കുട്ടികളില്‍ പലരും യക്ഷഗാനം ചെറുപ്പം മുതല്‍ കണ്ടും കേട്ടും വളരുന്നവരാണ്. കലോത്സവത്തിനായി പഠിച്ചാലും അത് പിന്നീട് പലരും ഭാവിയിലും അവതരിപ്പിക്കാറുണ്ട്. എന്നാല്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള കുട്ടികളുടെ കാര്യം അതല്ല. കലോത്സവത്തിനായി മാത്രം ആഴ്ചകളോ മാസങ്ങളോ ചിലപ്പോള്‍ ദിവസങ്ങളോ കൊണ്ടാവും യക്ഷഗാനം പഠിച്ചെടുക്കുന്നത്. ചുവടുകളേക്കാള്‍ കന്നഡ ഭാഷയിലുള്ള സംഭാഷണങ്ങളാണ് പ്രയാസപ്പെടുത്തുന്നത്. എന്നിരുന്നാല്‍ പോലും ഇംഗ്ലീഷിലോ മലയാളത്തിലോ സംഭാഷണങ്ങള്‍ പഠിച്ച് കുട്ടികള്‍ മത്സരത്തിനിറങ്ങും. മികച്ച വിജയം നേടും. ചെറിയ കാലയളവിനുള്ളില്‍ അവര്‍ എടുക്കുന്ന ബുദ്ധിമുട്ട് അഭിനന്ദനാര്‍ഹമാണെന്നാണ് മാഷ് പറയുന്നത്. മത്സരത്തിനിറങ്ങുന്ന ഓരോരുത്തരും അഭിനന്ദനമര്‍ഹിക്കുന്നു.
കാസര്‍ഗോഡ് ബദിയടുക്ക സ്വദേശിയായ മാധവന്‍ മാഷിന്റെ അച്ഛനും കാരണവന്മാരും യക്ഷഗാന കലാകാരന്മാരായിരുന്നു. പാരമ്പര്യമായി ഇത് മാധവന്‍ മാഷിലേക്കും എത്തിച്ചേര്‍ന്നു.ചെറുപ്പം മുതല്‍ യക്ഷഗാനം കണ്ടും പടിച്ചുമാണ് വളര്‍ന്നത്. കാസര്‍ഗോഡും കര്‍ണാടകത്തിലും കേരളത്തിന്റെ പല ഭാഗങ്ങളിലും യക്ഷഗാനം അവതരിപ്പിച്ചിട്ടുണ്ട്. പ്രായമേറുകയാണെങ്കിലും ആവുന്നിടത്തോളം കാലം പുതിയ കാലത്തെ കുട്ടികള്‍ യക്ഷഗാനം പരിശീലിപ്പിക്കാനുള്ള ഭാഗ്യം ഇനിയും ഉണ്ടാവണേ എന്നാണ് മാഷ് പ്രാര്‍ഥിക്കുന്നത്.
കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE
Content Highlights: yakshaganam trainer madhavan master