രാവണന്‍ വരണമെങ്കില്‍ ഒന്നരലക്ഷം മുടക്കണം. രാവണന്‍ ആരാ സൂപ്പര്‍സ്റ്റാറാണോ എന്ന സംശയം വരും. രാവണന്‍ സൂപ്പറാ... ഇവിടെ യക്ഷഗാനമത്സരത്തില്‍. രാവണവേഷം ഒരുക്കാന്‍ ഇത്രയും ചെലവ് വരുന്നത് കിരീടത്തിനും ചമയങ്ങള്‍ക്കുമാണ്. യക്ഷഗാന കഥാപാത്രങ്ങളെ ഒരുക്കിയിറക്കാന്‍ വേണ്ടിവരുന്ന പണച്ചെലവ് കേട്ടാല്‍ യക്ഷഗാനത്തെ കലോത്സവവേദിയിലെ ലക്ഷഗാനമെന്ന് വിളിക്കാം. ചമയം പല ടീമുകള്‍ പങ്കിടുമെന്നതിനാല്‍ വേദി വിട്ടിറങ്ങിവരുന്ന കുട്ടികളുടെ കിരീടവും ചമയവും കൊണ്ട് ഒരുക്കുമുറിയിലേക്കുള്ള നെട്ടോട്ടവും പതിവുകാഴ്ച.

ഏഴുപേരുള്ള ഒരു ടീമിറങ്ങിവരുമ്പോള്‍ വാടകയും ചമയവും കൂടി ഏതാണ്ട് അഞ്ചുലക്ഷം രൂപയുടെ മുതല്‍മുടക്ക് വരും. വലിയ തുക മുടക്കി ആശാന്‍മാരും സംഘങ്ങളും തയ്യാറാക്കിവെച്ചിരിക്കുന്ന കോപ്പുകള്‍ വാടകയ്ക്കാണ് ടീമുകള്‍ക്ക് നല്‍കുക. അഞ്ചുലക്ഷം രൂപയുടെ ചമയങ്ങള്‍ക്ക് കലോത്സവകാലത്ത് വാടക കൂടും. ലക്ഷം രൂപവരെ പലയിനം വാടക വേണ്ടിവരുമെന്നാണ് രക്ഷിതാക്കളുടെ പക്ഷം.

രാവണന്റെ ചമയത്തിന് ഒന്നരയാണെങ്കില്‍ മറ്റ് പ്രധാന നായകകഥാപാത്രങ്ങള്‍ക്കും മോശമല്ല. ശ്രീകൃഷ്ണവേഷത്തിന് മുക്കാല്‍ലക്ഷവും രാജകുമാരന്‍മാരുടെ വേഷത്തിന് അരലക്ഷവും തയ്യാറാക്കല്‍ ചെലവ് വരും. ഇത്ര മുതല്‍മുടക്കുന്ന വേഷങ്ങള്‍ക്ക് വാടക കൂടുന്നതിലും അദ്ഭുതമില്ലന്ന് ഈ രംഗത്തുള്ളവര്‍ പറയും.

കിരീടം പണിയാന്‍തന്നെ നല്ല തുക വേണ്ടിവരും. കുമിഴും പാലയും മുരിക്കുമൊക്കെയാണ് വേണ്ടിവരുക. ഇവ പലതും ഇപ്പോള്‍ അത്ര എളുപ്പത്തില്‍ കിട്ടാനില്ലാത്ത മരങ്ങളും. പ്ലാസ്റ്റിക്കും തെര്‍മോക്കോളുമൊക്കെ ഇപ്പോള്‍ പകരംവെക്കാന്‍ ശ്രമം നടക്കുന്നുണ്ട്. 1600 രൂപവരെ ചെലവ് വരുന്നതാണ് കിരീടം. 17 ഇനങ്ങള്‍കൊണ്ടാണ് വേഷംകെട്ടുക. കാലിലെ ചിലങ്കമുതല്‍ തലവരെ ആടയാഭരണങ്ങളുണ്ട്. വിലയേറിയ പട്ടുവസ്ത്രങ്ങളും മുടിക്ക് ചമരിമൃഗത്തിന്റെ രോമവുമൊക്കെ വരുമ്പോള്‍ കാശിറങ്ങും.

ചില പരിശീലകര്‍ക്ക് നാലും അഞ്ചും സെറ്റ് ചമയങ്ങളുണ്ട്. അവരുടെ കീഴില്‍ പരിശീലിച്ച സംഘങ്ങള്‍ക്ക് സമാധാനത്തോടെ വേദിയിറങ്ങി ചമയമഴിക്കാം. എന്നാല്‍ ചമയം കുറവെങ്കില്‍ വേദി വിട്ടിറങ്ങുന്നവരെ കാത്ത് അത് എടുക്കാന്‍ മറ്റുള്ളവര്‍ കാത്തിരിക്കുന്നുണ്ടാവും.

Kalolsavam
Photo:Sambhu V S 

 

ചമയവും ധരിക്കുന്നിടവും ഇങ്ങനെ

ചിലങ്ക -കാലില്‍
കാലുറ -അരമുതല്‍ കണങ്കാല്‍വരെ
പുടവ -അരയില്‍
റൗക്ക -മേല്‍വസ്ത്രം
ഡാബു -അരക്കെട്ടിലെ ആഭരണം
വീരഗസ -അരമണി
കൈക്കെട്ട് -കൈയിലെ ആഭരണം
തോള്‍ക്കെട്ട് -തോളിലെ അലങ്കാരം
ഭുജകീര്‍ത്തി -ഇതും തോളില്‍
യത്പതക്കം -നെഞ്ചിലണിയുന്ന
ആഭരണം
അഡിഗ -മാലകള്‍
കര്‍ണപത്രം -കമ്മല്‍
കിരീടം -തലയില്‍
ഒരുങ്ങാന്‍
രണ്ടുമണിക്കൂര്‍വരെ.
കഥകള്‍
മഹാഭാരതം, രാമായണം,
ദേവീപുരാണം,
ശിവപുരാണം. 

കേരളമാകെ അറിഞ്ഞത് കലോത്സവം മൂലം

കന്നഡസംസ്‌കാരത്തിലുള്ള കലാരൂപം  കേരളമാകെ അറിഞ്ഞത് കലോത്സവത്തിലൂടെയാണ്. അത് കുട്ടികളിലൂടെയായത് സന്തോഷകരം. -മാധവന്‍ നെട്ടണിയ, യക്ഷഗാന ആചാര്യന്‍

Content Highlights: yakshaganam huge expense Kerala state school youth festival 2019