കാഞ്ഞങ്ങാട്: അഭിജിത്ത് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്, പ്രായം 20 വയസ് മാത്രം. എന്നാല്‍ കാസര്‍കോട്ടെ കലോത്സവ നഗരിയിലെ വഞ്ചിപ്പാട്ട് വേദിയില്‍ ഏറെ ഉത്തരവാദിത്വങ്ങളുള്ള വഞ്ചിപ്പാട്ട് മാഷാണ് അഭിജിത്ത്. അതും ഒന്നല്ല; ആലപ്പുഴ, മലപ്പുറം, പാലക്കാട് എന്നീ മൂന്ന് ജില്ലയിലെ കുട്ടികളെയാണ് തന്റെ ശിക്ഷണത്തില്‍ അഭിജിത്ത് അറുപതാം സംസ്ഥാന കലോത്സവ വേദിയിലെത്തിച്ചത്.

മലപ്പുറം, പാലക്കാട് ടീമുകളെ അഭ്യസിപ്പിക്കാന്‍ സുഹൃത്തായ പ്രവീണും അഭിജിത്തിനൊപ്പമുണ്ടായിരുന്നു. മൂന്ന് ടീമുകളും എ ഗ്രേഡ് നേടിയതോടെ അഭിജിത്ത് മാഷ് ഏറെ സന്തോഷവാനാണ്. ഇതില്‍ ആലപ്പുഴ നായര്‍ സമാജം സ്‌കൂളിലെ പൂര്‍വ്വവിദാര്‍ഥി കൂടിയാണ് അഭിജിത്ത്. താന്‍ ഏറെ ബഹുമാനിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മനോജ് സര്‍ കുട്ടികളെ അഭ്യസിപ്പിക്കുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ തന്നെ അഭിജിത്ത് ഓടിയെത്തി. കുട്ടികള്‍ക്ക് എ ഗ്രേഡും നേടിക്കൊടുത്തു. 

ഇതേ സ്‌കൂളില്‍ എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള പഠന കാലത്ത് പൂരക്കളി, കോല്‍ക്കളി, വഞ്ചിപ്പാട്ട് എന്നീ ഇനങ്ങളില്‍ എ ഗ്രേഡ് സ്വന്തമാക്കിയ മത്സരാര്‍ഥി കൂടിയാണ് അഭിജിത്ത്. ഗുരുവിന്റെ റോളിലെത്തിയപ്പോഴും എ ഗ്രേഡില്‍ കുറഞ്ഞൊന്നും അഭിജിത്ത് നേടില്ല. ഇത്തവണത്തെ ജില്ലാതല ഹയര്‍സെക്കന്‍ഡറി മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഒന്നാം സ്ഥാനം നേടിയ സ്‌കൂളെന്ന നേട്ടവും നായര്‍ സമാജം എച്ച്എസ്എസിനുണ്ട്. 

അനീന, ദിവ്യ, അശ്വതി, ഗോപിക, മായ, ശ്രീലക്ഷ്മി എ, ശ്രീലക്ഷമി എസ്, ഇന്ദുലേഖ, ആഷ്ലി, ധനലക്ഷ്മി എന്നിവര്‍ അടങ്ങിയ ടീമാണ് ആലപ്പുഴയ്ക്കായി ആറന്‍മുള ശൈലിയില്‍ അവതരിപ്പിച്ച വഞ്ചിപ്പാട്ടില്‍ എ ഗ്രേഡ് നേടിയത്.

Content Highlights: vanchipattu trainer abhijith state school youth festival 2019