ന്ത്രണ്ട് പേരുണ്ട് അവര്‍, സെറിബ്രല്‍ പാള്‍സി, പക്ഷാഘാതം, ഓട്ടിസം തുടങ്ങി പലതരം രോഗാവശതകളാല്‍ ബുദ്ധിമുട്ടുന്നവര്‍. രോഗം മൂലംവീടിന്റെ ചുമരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടവര്‍, ആഘോഷങ്ങളിലോ പരിപാടികളിലോ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിട്ടും അത് സാധിക്കാത്തവര്‍.. പക്ഷെ കലാമാമാങ്കം കാഞ്ഞങ്ങാട് എത്തുമ്പോള്‍ അവര്‍ക്ക് വരാതിരിക്കാനായില്ല. അവശതകളെ മറന്ന് അവര്‍ കലോത്സവം കാണാനെത്തി. കലയും കാഴ്ചകളും കണ്‍നിറയെ കണ്ട് മനംനിറച്ച് മടങ്ങി. 

കാസര്‍ഗോഡ് കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന അക്കര ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പന്ത്രണ്ടോളം രോഗികളുമായി വളണ്ടിയര്‍മാര്‍ കലോത്സത്തിന്റെ നാടകവേദിയായ വെള്ളിക്കോത്ത് എം.പി.എസ്.ജി.വി.എച്ച്.എസ്.എസിലെത്തിയത്. വീല്‍ചെയറിന്റേയും വാക്കറിന്റേയും വാക്കിങ് സ്റ്റിക്കിന്റേയും സഹായത്തോടെയാണ് ഓരോരുത്തരും സദസ്സിലേക്കെത്തിയത്. 

മത്സരാര്‍ഥികളുടെ സംഭാഷണങ്ങള്‍ക്ക് കാതോര്‍ത്തും തമാശ കേള്‍ക്കുമ്പോള്‍ ചിരിച്ചും, പരിപാടി തീര്‍ന്നപ്പോള്‍ കയ്യടിച്ചും അവരും നാടകം കണ്ടു. പരിപാടി 'നല്ലയിണ്ടേര്ന്നു' എന്നായിരുന്നു നാടകം തീര്‍ന്നപ്പോള്‍ കൂട്ടത്തിലെ കാവേരി അമ്മയുടെ കമന്റ്. ചിലര്‍ക്കാവട്ടെ ചൂടും പൊടിയും മൂലമുള്ള അസ്വസ്ഥത അല്‍പം മൂഡോഫും ഉണ്ടാക്കി. ആള്‍ക്കൂട്ടത്തെ കണ്ട ആവേശമോ സന്തോഷമോ ഒക്കെയായിരുന്നു സെറിബ്രല്‍ പാള്‍സി ബാധിച്ച ഷഹീദിന്റേത്. പരിപാടിയൊന്നും കാണാതെ ആള്‍ക്കാരോട് ചിരിച്ചും സംസാരിച്ചും അവനങ്ങനെ നിന്നു. സീറ്റ് കിട്ടിയത് അല്‍പം ദൂരെ ആയതിനാല്‍ കാഴ്ചകള്‍ അല്‍പം മങ്ങിപ്പോയെന്നായിരുന്നു അപ്പൂപ്പന്മാരിലൊരാളുടെ സങ്കടം. എന്തായാലും ഒരു മണിക്കൂറോളം നാടകവേദിക്ക് സമീപത്തും കലോത്സവം എക്‌സ്‌പോ സെന്ററിലും ചെലവഴിച്ചാണ് സംഘത്തേയും കൊണ്ട് വളണ്ടിയര്‍മാര്‍ മടങ്ങിയത്. 

akkara
കലോത്സവം കാണാനെത്തിയ സംഘം.ചിത്രം: ശംഭു വിഎസ്‌

വീടിനുള്ളില്‍ മാത്രം കഴിയുന്ന രോഗികളുടെ ആഗ്രഹങ്ങളേയും പരിഗണിച്ചുകൊണ്ടാണ് സംഘത്തേയും കൊണ്ട് കലോത്സവ വേദിയിലെത്തിയതെന്ന് അക്കര ഫൗണ്ടേഷന്റെ പ്രോജക്ട് മാനേജര്‍ യാസിര്‍ പറഞ്ഞു. മുന്‍പും ഇതുപോലെ എക്‌സിബിഷന്‍ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. രോഗികള്‍ക്ക് വലിയ സന്തോഷമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അവരുടെ സന്തോഷത്തിനും ആരോഗ്യത്തിനുമാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. അതിനാലാണ് അല്‍പം ബുദ്ധിമുട്ടിയെങ്കിലും നകലോത്സവ വേദിയിലെത്തിയതെന്നും യാസീര്‍ വ്യക്തമാക്കി.

Content Highlights: State School Youth Festival 2019, Akkara Charitable Foundation, Physically Disabled people