നാരേണി...നീ അറിഞ്ഞിനാ ഈ പുള്ളറെ കളിക്ക് കൊടുക്കല് 117 പവന്റെ കപ്പോലും....എന്ത്യേനിത് എന്റെ ഈശരാാ...'
തമ്പായി അമ്മയുടെ താടിക്ക് കൈയും കൊടുത്തുള്ള ചോദ്യത്തിന് മച്ചങ്ങാട്ടെ നാരായണി കൈമലര്‍ത്തി.
'എമ്മാപ്പാ... കേക്ക്ന്ന്ണ്ട് അങ്ങനെ...
നൂറ് പവന്‍ ഇണ്ടോന്ന് അറീലാ' -നാരായണി പറഞ്ഞു.
'നൂറൊന്നുണ്ടാവൂലാന്ന്. ഏട്ന്ന് ഇത്.
117 പവന് ഉറുപ്യ എത്രായീ. എനി കൊടുക്ക്ന്ന് ണ്ടോങ്ങ് തന്നെ അത് നേരാമണ്ണൂലതൊന്ന്വാരിക്കൂല, ബല്ല മുക്കോ മറ്റോ ആരിക്കും. ആ കുഞ്ഞിമാണീരെ മോന്‍ എന്ന മൊബീല് അയിന്റെ പോട്ടം കാണിച്ചിനീപ്പ. എത്രക്ക്ണ്ടത്. കൈമൊ ഒരു ശംഖ് ബെച്ചത് പോലത്തത്. നീ എന്തന്ന് ബിചാരിക്ക്ന്ന് ഇതെല്ലം സ്വര്‍ണ്ണ! -തമ്പായി അമ്മയുടെ അതിശയം തീരുന്നില്ല.
രാവണേശ്വരത്തെ തോട്ടിന്റെ കരയിലിരുന്ന് രണ്ടുപേരും ഓലമെടയുകയാണ്. കാഞ്ഞങ്ങാട്ട് നടക്കുന്ന കേരള സ്‌കൂള്‍ കലോത്സവത്തെക്കുറിച്ച് തമ്പായി അമ്മയ്ക്ക് ഒരുപാട് സംശയങ്ങള്‍. ദിവസങ്ങളായി നാട്ടില്‍ കലോത്സവ കൗതുക വാര്‍ത്തകള്‍ പരക്കുകയാണ്.
'എന്തങ്കിലാട്ട്....നമ്മക്ക് തൊയിലൊര്‍പ്പിന് പോവ്ന്ന തട്ടുമ്മലെ ശാന്തയോട് ചോയിക്കാന്ന്. ഓള് കൊറേനേരം കയിഞ്ഞാല് ഈലേ ബെരൂലെ. നല്ലോണം പേപ്പറെല്ലം ബായിക്കല്ണ്ടപ്പ ഓള്'തമ്പായിഅമ്മയെ നാരായണി സമാധാനിപ്പിച്ചു.
'നിങ്ങ ആ കോന്തല അയിച്ചിറ്റ് കൊറച്ച് തുമ്മാന്‍ താ...' രണ്ടുപേരും ചേര്‍ന്ന് വെറ്റില മുറുക്കി.
'നീ ആ തെങ്ങിന്റെ കീല്ന്ന് കൊറച്ചുംകൂട ഓല എട്ത്തിറ്റ്ബാ...ആ ഹോട്ടല്‍ലെ കുഞ്ഞമ്പൂന് ബൈന്നേരാവ്മ്പളേക്ക് നൂറ് കീറ്റ് മടഞ്ഞ ഓല കൊട്ക്കണം. ഇല്ലെങ്കില് ഓന്‍ ബയ്യെത്തും. രണ്ടീസായി ഓന്‍ ബന്നിറ്റ് ബാറാക്ക്ന്ന്.'
അതിരാവിലെ തുടങ്ങിയതാണ് തമ്പായി അമ്മയുടെ ഓലമെടയല്‍. എല്ലാകൊല്ലവും കൈരളി ക്ലബ്ബ് ഓണാഘോഷത്തിന് നടത്തുന്ന ഓലെമടയല്‍ മത്സരത്തിലെ ജേതാവാണ് തമ്പായി അമ്മ. നാരായണി കൊണ്ടുവന്ന ഓല അട്ടിവെച്ച് തമ്പായി അമ്മ പായാരം വീണ്ടും തുടങ്ങി.
'പുള്ളറെ കളിക്ക് വേണ്ടീറ്റ് ആട ഐങ്ങോത്ത് ബെല്യ പന്തല് ഇടന്ന്ണ്ട്.. ആരോ കണ്ടപ്യ പറഞ്ഞു പെരുങ്കളിയാട്ടംപോലെ ഇണ്ട്ന്ന്. ഈ ബെര്ന്ന പുള്ളര്‍ക്കെല്ലം ഈടീം ചോറും കറീം കൊടുക്ക്ന്ന്ണ്ടോലും. പായസൂണ്ട്! കല്യാണത്തിന്റെ സദ്യപോലെന്നെ! എത്ര അരി ബെക്കണോപ്പ. അങ്ങ്ന്ന് ബെല്യെ ദേഹണ്ണക്കാരും ബെരൂന്നാ കേക്ക്ന്ന് -തമ്പായി അമ്മ മുറുക്കി നീട്ടിത്തുപ്പി.
'നമ്മളെ നീലിശരത്തെ കാവ്യ മാധവനും മഞ്ജു ഭാര്‍ഗവിയെല്ലം സിനിമേല് വന്നത് പണ്ട് ഈ കളീല് സമ്മാനം കിട്ടിറ്റാന്നോലും'.തമ്പായി അമ്മ ഇത് പറഞ്ഞപ്പോള്‍ നാരായണി തിരുത്തി -'മഞ്ജു ഭാര്‍ഗവി അല്ല തമ്പായ്യമ്മെ മഞ്ജു വാര്യര്‍.
'നമ്മളെ കാഞ്ഞങ്ങാട് ഇപ്പൊ ടിവില് നല്ലോണം ബെര്ന്ന്ണ്ട്. നാട്ട്ള് അടങ്ങ സ്റ്റേജ്ണ്ട്. അങ്ങ് നീലീശരം ബരെ ഇണ്ടോലും കളി. കളീരെ പന്തല്‍ന്റെ മുമ്പില് കൊടിമരം നാട്ടാന്‍ കൊണ്ടന്നത് ഒരു പെന്‍സല് പോലത്തെ തൂണാന്ന്. ലോറീലാന്ന് ആ തൂണ് കൊണ്ടന്നത്. സെറ്റും മുണ്ടും ഉടുത്തെ പെണ്ണ്ങ്ങളെല്ലം ഘോഷയാത്രീല് ഇണ്ടായിനി. കാണാന്‍ നല്ലോണം ആളും ബന്നിനി. ബേറൊര് ഭയങ്കര അതിശ്യൂണ്ട്. ഒര് ക്ലബ്ബ്കാറ് 120 പച്ചോലകൊട്ട മടഞ്ഞ് കൊണ്ടന്നിനി. ചോറ് ബെയ്ച്ച എലീം, കാട്ടുംപൊടീം ഇടാനോലും ഇത്'... നാരായണി കൗതുകങ്ങള്‍ നിരത്തുമ്പോള്‍ പഞ്ചായത്ത് മെമ്പര്‍ ശാന്ത വന്നു.
'അല്ല മെമ്പറെ ഈ 117 പവന്റെ കപ്പ് സ്വര്‍ണം തന്നെയാ. ഇത് കിട്ടിയാല് പുള്ളറ് ഏടയാ ബെക്കല്. കള്ളമ്മാറ് എടുക്കൂലെ' -തമ്പായിഅമ്മ സംശയം ചോദിച്ചു.
'എന്റെ തമ്പായ്യമ്മെ കപ്പ് സ്വര്‍ണത്തിന്റെതന്നെ. ഇത് പണം സൂക്ഷിക്ക്ന്ന ട്രഷറീലാന്ന് ബെക്കല്. കലോത്സവത്തിന് എടുത്ത് കൊണ്ടുവരും. എന്നിറ്റ് നാട്ട്കാരെയെല്ലം കാണിക്കും. സ്റ്റേജ്മന്ന് പുള്ളര്‍ക്ക് ഇത്പോലത്തെ ബേറൊരു ടൂപ്ലിക്കേറ്റ് കപ്പാന്ന് കൊടുക്കല്. സ്വര്‍ണക്കപ്പ് കൊടുത്തപോലെയാക്കീറ്റ് സര്‍ക്കാറ് അങ്ങോട്ടന്നെ ഇത് മേണിക്കും.
അടുത്തകൊല്ലത്തെ കലോത്സവത്തിനേ പിന്ന കപ്പ് ബെളിച്ചം കാണിക്കൂ. മനസ്സിലായ' -ശാന്ത സംശയം തീര്‍ത്തുകൊടുത്തപ്പോള്‍ തമ്പായി അമ്മ തലയാട്ടി. എന്നിട്ട് അടുത്ത ഡയലോഗും -'ഓ... അപ്പ പിന്നയിത് പുള്ളറെ കളിയന്നെ.'