കാഞ്ഞങ്ങാട്: മധ്യപ്രദേശാണ് സ്വദേശം, പക്ഷേ പന്ത്രണ്ട് വയസുകാരന് സോനുവിന് അത്യാവശ്യം മലയാളം അറിയാം. ഒരു വര്‍ഷത്തോളമായി അച്ഛനൊപ്പം കാസര്‍കോട്ടുണ്ട് സോനു. പഠനവും ഇവിടെതന്നെ. വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് സോനു. കാസര്‍കോട് കലോത്സവത്തിലെ ആറാം വേദികൂടിയാണ് ഈ സ്കൂള്‍.
സ്വന്തം സ്കൂളില്‍ കലോത്സവം അരങ്ങേറുമ്പോള്‍ സോനു എങ്ങനെ വിട്ടുനില്‍ക്കും. എല്ലാ ദിവസവും കൂട്ടുകാര്‍ക്കൊപ്പം നടന്ന് സ്കൂളിലെത്തും. അഞ്ചാം ക്ലാസ് വരെ മധ്യപ്രദേശില്‍ പഠിക്കുമ്പോള്‍ അവിടെയും കലോത്സവങ്ങളുണ്ടായിരുന്നെങ്കിലും ഇത്ര വലിയ കലാപൂരം സോനു ആദ്യമായി കാണുകയാണ്. വേദിയിലെ എല്ലാ ഇനങ്ങളും ആസ്വദിച്ച് കണ്ട ശേഷം മാത്രമേ സോനു വൈകീട്ട് വീട്ടിലേക്ക് മടങ്ങുകയുള്ളു. അമ്മ വിമലയും രണ്ട് ചേച്ചിമാരും സഹോദരനും മധ്യപ്രദേശിലാണുള്ളത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ എല്ലാവരെയും പോലും രണ്ട് കണ്ണിനും കാഴ്ചയുണ്ടായിരുന്നു സോനുവിന്. മാര്‍ബിള്‍ പണിക്കാരനാണ് സോനുവിന്റെ അച്ഛന് ടീക്കാറാം. നാട്ടില്‍നിന്ന് ഏട്ടനുമായി കളിക്കുന്നതിനിടയിലുണ്ടായ ചെറിയൊരു അബദ്ധമാണ് സോനുവിന്റെ ഒരു കണ്ണിന്റെ കാഴ്ച കവര്‍ന്നത്. സഹോദരന് ആസിഡ് പദാര്‍ഥം അടങ്ങിയ കുപ്പി പെട്ടെന്ന് കയ്യിലെടുത്തപ്പോള്‍ മൂടി തുറന്ന് സോനുവിന്റെ ഇടം കണ്ണിലേക്ക് തെറിക്കുകയാണുണ്ടായത്.
ഡല്‍ഹി എയിംസില്‍ കുറച്ചുനാള്‍ ചികിത്സിക്കുകയും ചെയ്തു. പിന്നീട് അച്ഛനൊപ്പം കേരളത്തിലേക്ക് വന്നു. ഇവിടെ ചികിത്സ ഇപ്പോഴും തുടരുന്നുണ്ട് സോനു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം വേദന സുഖപ്പെട്ടെന്നും സ്കൂളില്‍ എല്ലാ സഹായത്തിനും കൂട്ടുകാരും ടീച്ചര്‍മാരും തനിക്കൊപ്പമുണ്ടെന്നും സോനു പറയുന്നു.
Content highlights: sonu from madhyapradesh at state school youth festival