കാഞ്ഞങ്ങാട്: പെണ്ണുങ്ങള്‍ ചെയ്യുന്ന ജിമ്മൊന്നും ഇന്നുവരെ ഒറ്റ ആണുങ്ങളും ചെയ്തിട്ടില്ല ആണുങ്ങളേ എന്ന് ജാനു സദസ്സിനോട് വിളിച്ച് പറയുമ്പോള്‍ ഇളകി മറിയുകയായിരുന്നു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം നാടക സദസ്സ്.

ആര്‍ത്തവവും തീണ്ടാരി തുണിയുമൊന്നും മാറ്റി നിര്‍ത്തപ്പെടേണ്ടതല്ല മറിച്ച് ചേര്‍ത്ത് നിര്‍ത്തേണ്ടതാണ് എന്ന് ഓര്‍മപ്പെടുത്തി പെണ്ണിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ റഫീഖ് മംഗലശ്ശേരി എന്ന നാടക സംവിധായകന്‍  ജിം എന്ന നാടകത്തിലൂടെ ഒരു മധുരപ്രതികാരം വീട്ടുകയായിരുന്നു. പെണ്ണ് ബാങ്ക് വിളിച്ചതിന്റെ പേരില്‍ മതമൗലിക വാദികളുടെ വേട്ടയ്ക്ക് ഇരയായ കിത്താബ് നാടകത്തിന് വേണ്ടിയുള്ള മധുര പ്രതികാരം. 

പുരുഷന്‍മാര്‍ക്ക് മാത്രം പ്രവേശിക്കാന്‍ അധികാരമുള്ള ഒരു ജിമ്മില്‍ പെണ്‍കുട്ടി എതിര്‍പ്പുകള്‍ ലംഘിച്ച് കയറുന്നതും അവള്‍ സമൂഹത്തില്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങളെയുമാണ് ജിം എന്ന നാടകത്തിലൂടെ റഫീഖ് മുന്നിലെത്തിച്ചത്. ആര്‍ത്തവവും തീണ്ടാരിപ്പെണ്ണും സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടേണ്ടതാണെന്ന സങ്കല്‍പ്പങ്ങളെ അപ്പാടെ തകര്‍ത്തുകളയുന്നുണ്ട് ഈ നാടകത്തില്‍. ആണിന് ലഭിക്കുന്ന വിശ്വാസ സ്വാതന്ത്ര്യവും പിന്തുണയും പെണ്ണിനും ലഭിക്കുന്നതിന് വേണ്ടി പോരാടേണ്ടി വന്ന ശബരിമല സ്ത്രീ പ്രവേശന വിഷയം അടക്കമുള്ള സംഭവ വികാസങ്ങളെ നാടകം ഓര്‍മിപ്പിക്കുന്നുണ്ട്. കള്ളതാക്കോലിട്ട് രാത്രി ജിം തുറന്ന് പരിശീലനം ചെയ്യുന്ന പെണ്ണിലൂടെ റഫീഖ് അവതരിപ്പിച്ചപ്പോള്‍ ആണിന്റേത് മാത്രമായി ഈ ലോകത്ത് ഒന്നുമില്ലെന്ന ആവര്‍ത്തനം കൂടിയായി മാറി നാടകം.

മലപ്പുറം പന്തല്ലൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ജിമ്മില്‍ വേഷമിട്ടിരിക്കുന്നത്. സാന്ദ്ര ശിവകുമാര്‍ ജാനുവായി കയ്യടി നേടിയപ്പോള്‍ അളകനന്ദയാണ് പുരുഷകേന്ദ്രീകൃത ജിമ്മിന്റെ പരിശീലകനായി തകര്‍ത്തത്. അര്‍ജുന്‍, നീഹാര്‍, കിരണ്‍,ശ്രീരാഗ്, നികില്‍, കൃഷ്ണപ്രസാദ്, എമില്‍സി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. റഫീഖ് സംവിധാനം ചെയ്ത നാടകത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത്‌ ശരദ് പ്രകാശ് ആണ്.

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: Rafeeq Mangalassery's Drama Gym won the hearts of audience Kalolsavam 2019