
മൂന്ന് അമ്മമാരുടെ സ്വപ്നങ്ങളുടെ ഭാരവും പേറിയാണ് രബിന്‍രാജ് കാഞ്ഞങ്ങാട്ടേക്ക് വണ്ടികയറിയത്. ഒന്ന്, സ്വന്തം അമ്മ ബിന്ദു. പിന്നെ, സംസ്ഥാനത്തില്‍ മത്സരിക്കാന്‍ പണമില്ലാതെ പിന്തിരിയാനിരുന്നപ്പോള്‍ സ്വന്തം മകനെയെന്നപോലെ സഹായിച്ച പാര്‍വതി അന്തര്‍ജനവും ഞാളൂര്‍ രാധ അമ്മയും.
മൂവരെയും രബിന്‍ നിരാശരാക്കിയില്ല. കേരളനടനത്തിനും കുച്ചിപ്പുഡിക്കും എ ഗ്രേഡ് നേടി. ശനിയാഴ്ച നടക്കാനിരിക്കുന്ന ഭരതനാട്യത്തിലും ഇതേ വിജയം ആവര്‍ത്തിക്കുമെന്ന് രബിന് ഉറപ്പുണ്ട്. ഇനിയവന് അമ്മക്കിളിക്കൂട്ടിലേക്ക് സന്തോഷത്തോടെ ചേക്കേറാം.
മലപ്പുറം കിഴിശ്ശേരിയിലെ ചീക്കോട് കെ.കെ.എം.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് പുലാമന്തോള്‍ സ്വദേശിയായ രബിന്‍രാജ്. അച്ഛന്‍ രാജന്‍ തെയ്യംകലാകാരനാണ്. അമ്മ ബിന്ദു തയ്യല്‍തൊഴിലാളിയും. രണ്ട് ചേച്ചിമാര്‍ നര്‍ത്തകിമാരും മറ്റൊരാള്‍ വയലിനിസ്റ്റുമാണ്. അതുകൊണ്ടുതന്നെ സാമ്പത്തികപ്രശ്‌നം കാരണം ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ മടിച്ചിരിക്കുകയായിരുന്നു.
എന്നാല്‍, ശിഷ്യന്റെ പ്രതിഭയറിയുന്ന ഗുരു മഞ്ചേരി ശിവദാസിന് ആ തീരുമാനത്തെ അനുകൂലിക്കാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹം തന്നെ മുന്‍കൈയെടുത്ത് ജില്ലാ മത്സരത്തില്‍ പങ്കെടുപ്പിച്ചു. അതിന് ദക്ഷിണയായി രബിന്‍ നല്‍കിയത് പങ്കെടുത്ത മൂന്നിനങ്ങളിലും ഒന്നാംസ്ഥാനമാണ്. അതോടെ അടുത്ത പ്രതിസന്ധി ഉയര്‍ന്നു. എങ്ങനെ സംസ്ഥാനത്തില്‍ മത്സരിക്കും..? തക്കസമയത്ത് 'മാതൃഭൂമി' സഹായത്തിനെത്തി. രബിന്റെ കഥ ജനത്തെ അറിയിച്ചു. അതുകണ്ട് ബെംഗളൂരുവിലുള്ള സിന്‍ഡിക്കേറ്റ് ബിസിനസ് ഗ്രൂപ്പ് ഉടമ സജിത് ഞാളൂര്‍ അവരുടെ പി.എം.ബി- സിന്‍ഡിക്കേറ്റ് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ രബിന്റെ സാമ്പത്തികച്ചെലവ് ഏറ്റെടുത്തു. ആ ട്രസ്റ്റിന്റെ രക്ഷാധികാരികളാണ് പൊയ്പ്പായ മനക്കല്‍ പാര്‍വതി അന്തര്‍ജനവും ഞാളൂര്‍ രാധയും.
അവരുടെ അനുഗ്രഹത്തോടെയാണ് രബിന്‍ മത്സരിക്കാനെത്തിയത്. മൂന്ന് അമ്മമാരും ഇപ്പോള്‍ വലിയ സന്തോഷത്തിലാണ്. 'ഇനി തിരിച്ചെത്തിയാല്‍ അവരുടെ കാല്‍ക്കല്‍ വീണ് അനുഗ്രഹം വാങ്ങണം' -ഗുരു മഞ്ചേരി ശിവദാസ് പറയുന്നു.
കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE
Content Highlights: Rabin came with the blessings of his three mothers Kalolsavam 2019