കാഞ്ഞങ്ങാട്: 'എന്നാലിനിയൊരു കഥയുര ചെയ്യാം, തുള്ളലിലുണ്ടൊരു പോലീസ്മുറയും...' എന്ന് മണലൂര്‍ ഗോപിനാഥന്‍ പാടിത്തുള്ളിയാല്‍ അദ്ഭുതപ്പെടാനില്ല.

കഴിഞ്ഞ 33 വര്‍ഷമായി തുള്ളല്‍ പഠിച്ചും പഠിപ്പിച്ചും കഴിയുന്ന ഗോപിനാഥന്‍ മുന്‍ പോലീസ് സബ് ഇന്‍സ്പെക്ടറാണ്. തൃശ്ശൂര്‍ പാവറട്ടിയില്‍നിന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ.യായി കഴിഞ്ഞവര്‍ഷം ഇദ്ദേഹം വിരമിച്ചത്.

വിരമിച്ചപ്പോള്‍ കിട്ടിയ പണംകൊണ്ട് ഇദ്ദേഹം തുള്ളല്‍ക്കളരി ഒരുക്കി. ഇദ്ദേഹം പരിശീലിപ്പിച്ച ആറുപേര്‍ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യതനേടി. അതില്‍ ഒരാള്‍ക്ക് പനികാരണം കാഞ്ഞങ്ങാട്ട് എത്താനായില്ല. വന്ന അഞ്ചുപേര്‍ക്കും എ ഗ്രേഡ്.

സ്‌കൂള്‍വേദികളിലാണ് ഗോപിനാഥ് ആദ്യം തുള്ളല്‍ കളിച്ചുതുടങ്ങിയത്. പിന്നീട് കലാമണ്ഡലം ഗോപിനാഥ പ്രഭയുടെ കീഴില്‍ പോലീസായിരിക്കെ അവധിയെടുത്ത് പഠിച്ചു. പിന്നീടങ്ങോട്ട് കാക്കിയും കലയും കൂടി കൊണ്ടുനടക്കുകയായിരുന്നു. നളചരിതം, രാമാനുചരിതം, കിരാതം, സന്താനഗോപാലം എന്നിവയാണ് പതിവായി ചൊല്ലിയാടുന്നത്.

ഗോപിനാഥിന്റെ കീഴിലുള്ള മണലൂര്‍ തുള്ളല്‍ക്കളരി 24 വര്‍ഷം കഴിഞ്ഞു. തുള്ളല്‍ പ്രൊഫഷണലാക്കിയ 12 കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്നുണ്ട്. കളരിപ്പയറ്റ്, ചെണ്ട, നൃത്തം എന്നിവയും പഠിപ്പിക്കുന്നു. ആകെ 200 കുട്ടികള്‍ പഠിക്കുന്നുണ്ട്.

''ഏഷ്യയിലെ ഏറ്റവും വലിയ മേളയാണിത്. ഇത്തരത്തിലൊന്ന് നടത്തുന്നതിനുവേണ്ടി അഞ്ചുവര്‍ഷം മുന്‍പ് തമിഴ്നാട്ടുകാര്‍ വന്ന് പഠനം നടത്തിയിരുന്നു. അവര്‍ക്ക് നാളിതുവരെ ഇത്തരത്തിലൊന്ന് നടത്താന്‍ കഴിഞ്ഞില്ല.''- ഗോപിനാഥ് പറഞ്ഞു.

Content Highlights: Ottan Thullal state youth festival 2019