കാഞ്ഞങ്ങാട്: കാലം ഇത്ര കഴിഞ്ഞിട്ടും ട്രാന്‍സ്ജന്‍ഡറുകളോട് സമൂഹം കാണിക്കുന്ന അനീതി വിഷയമാക്കി എട്ടാം ക്ലാസുകാരന്‍ ദീപക്ക് സുരേന്ദ്രന്റെ നാടോടി നൃത്തം ആസ്വാദകരെ കൈയിലെടുത്തു. മലപ്പുറം എആര്‍ നഗര്‍ എച്ച്എസ്എസ് വിദ്യാര്‍ഥിയായ ദീപക്ക് ഇതാദ്യമായാണ് സംസ്ഥാന കലോത്സവ വേദിയിലെത്തിയത്. 

ട്രാന്‍സ്ജന്‍ഡറുകള്‍ അനുഭവിക്കുന്ന വിഷമതകള്‍ നന്നായി തിരിച്ചറിയുന്ന ട്രാന്‍സ്ജന്‍ഡര്‍ കൂടിയായ നൃത്താധ്യാപകന്‍ ഷൈജുവിന് കീഴില്‍ മൂന്നാം ക്ലാസ് മുതല്‍ നൃത്തം അഭ്യസിക്കുന്നുണ്ട് ദീപക്ക്. 

ട്രാന്‍സ്ജന്‍ഡറിന്റെ ബുദ്ധിമുട്ടുകള്‍ നൃത്തവേദിയിലെത്തിക്കാന്‍ ദീപക്ക് കാണിച്ച മനസ്സിനെ സമൂഹം പ്രത്യേകം അഭിനന്ദിക്കണമെന്ന് പറയുകയാണ് അധ്യാപകനായ ഷൈജു. നാടോടി നൃത്തത്തിന് ഇങ്ങനെയൊരു വിഷയം കുട്ടിയോട് പറഞ്ഞപ്പോള്‍ തന്നെ അതീവ താത്പര്യത്തോടെ അത് ഏറ്റെടുക്കാന്‍ ദീപക്ക് തയ്യാറായതായും ഷൈജു പറയുന്നു. എല്ലാവരും സ്നേഹത്തോടെ വളരണം, സമൂഹത്തില്‍ ആരോടും വിദ്വേഷം പാടില്ലെന്ന സന്ദേശം ഈ കലയിലൂടെ നല്‍കാനാണ് താന്‍ ശ്രമിച്ചത് - ഷൈജു പറഞ്ഞു. 

kalolsavam
ദീപക് നൃത്താധ്യാപകന്‍ ഷൈജുവിനൊപ്പം

ഹൈസ്‌കൂള്‍ വിഭാഗം നാടോടി നൃത്തത്തില്‍ വ്യത്യസ്തമായ വിഷയം അരങ്ങിലെത്തിച്ച ദീപക്കിന് അര്‍ഹിച്ച അംഗീകാരമായി എ ഗ്രേഡും ലഭിച്ചു. നാടോടി നൃത്തത്തിന് പുറമേ ഭരതനാട്യവും ദീപക്ക് അഭ്യസിക്കുന്നുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഭരത നാട്യത്തിലും സംസ്ഥാന തലത്തിലെത്താനാണ് ദീപക്കിന്റെ ലക്ഷ്യം. 

അംഗനവാടിയില്‍ പഠിക്കുമ്പോള്‍ മുതല്‍ മകനിലുള്ള കലാതാത്പര്യത്തിന് പൂര്‍ണ പിന്തുണയാണ് അച്ഛന്‍ സുരേന്ദ്രനും അമ്മ പുഷ്പയും. ട്രാന്‍സ് വിഷയം വേദിയിലെത്തിച്ചതിലും അഭിമാനിക്കുകയാണ് ദീപക്കിന്റെ മാതാപിതാക്കള്‍.

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: nadodi nritham on transgender issues at state school youth festival