കാഞ്ഞങ്ങാട്: മത്സരിക്കാനെത്തിയത് വിവിധ ജില്ലകളില്‍ നിന്ന്, ഒരേ മത്സരയിനം. സ്വാഭാവികമായി എതിരാളികള്‍ തമ്മില്‍ നല്ല ഫൈറ്റിനുള്ള സാധ്യത. പക്ഷെ കാഞ്ഞങ്ങാട് സംസ്ഥാന സ്‌കൂള്‍ കലോത്സവ മത്സരത്തിലെ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്ടില്‍ ഒരു രസകരമായ സംഭവം നടന്നു. വിവിധ ജില്ലകളില്‍ നിന്ന് വന്നെത്തിയ മത്സരാര്‍ഥികളായ ഏഴു പേര്‍ ഒരു ഗ്രൂപ്പുണ്ടാക്കി. പേര് 'മോണോ ആക്ട് താരങ്ങള്‍'. അവസാനം മത്സര ഫലം വന്നപ്പോള്‍ ഗ്രൂപ്പ് അംഗങ്ങളായ എല്ലാവര്‍ക്കും എ ഗ്രേഡ്.
കണ്ണൂര്‍ ജില്ലക്കാരിയായ പാര്‍വണ, വയനാട് ജില്ലക്കാരിയായ സരോണ, തൃശ്ശൂര്‍ ജില്ലക്കാരിയായ ദേവിക, കോട്ടയം ജില്ലക്കാരിയായ പവിത്ര, തിരുവനന്തപുരം ജില്ലക്കാരിയായ ആസിയ, കാസര്‍കോട് ജില്ലക്കാരിയായ തേജസ്വിനി, ഇടുക്കി ജില്ലക്കാരിയായ അന്ന എന്നീ ഏഴുപേരാണ് കലോത്സവ വേദിയിലെത്തി ചങ്ക് ബ്രോകളായത്. ആരും മുന്നെ പരിചയമില്ലാത്തവര്‍. പല ഭാഷ സംസാരിക്കുന്നവര്‍. എങ്കിലും തങ്ങള്‍ കട്ടക്കമ്പനിയായതാണ് മോണോ ആക്ട് മത്സരത്തില്‍ ഗ്രേഡ് ലഭിച്ചതില്‍ കൂടുതല്‍ സന്തോഷം നല്‍കുന്നതെന്ന് ഗ്രൂപ്പ് അഡ്മിന്‍ കൂടിയായ കോട്ടയം സ്വദേശി പവിത്ര ചൂണ്ടിക്കാട്ടുന്നു.
സ്ത്രീസ്വാതന്ത്രവും ലൗജിഹാദും ഷെഹ്ല ഷെറിനും റാനു മുണ്ടേലുമെല്ലാം ഇവര്‍ വിഷയമാക്കിയപ്പോള്‍ വ്യത്യസ്ഥമായതും 'മോണോ ആക്ട് താരങ്ങളുടെ' പ്രകടനം തന്നെ. അതുകൊണ്ടു തന്നെ ഇവര്‍ എ ഗ്രേഡിന് പൂര്‍ണ അര്‍ഹരുമായിരുന്നു. വെറും കലോത്സവത്തിലെ ഗ്രൂപ്പ് എന്നതിലപ്പുറം മോണോ ആക്ട് താരങ്ങളെ നല്ല സൗഹൃദത്തോടെ മുന്നോട്ട് കൊണ്ടുപോവാനാണ് തങ്ങളുടെ ശ്രമമെന്ന് ആതിഥേയ ജില്ലക്കാരി തേജസ്വിനി പറയുന്നു. വിവിധ ജില്ലകളില്‍ നിന്നുള്ളവരായത് കൊണ്ടുതന്നെ ആദ്യം ഭാഷകള്‍ മനസ്സിലാക്കാനായിരുന്നു ബുദ്ധിമുട്ട്. പക്ഷെ പരസ്പരം സംസാരിച്ച് തുടങ്ങിയതോടെ അത് ശരിയായെന്നും ഇവര്‍ പറയുന്നു.
കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE
Content Highlights: mono act contestants became friends state school youth festival