കാഞ്ഞങ്ങാട്: കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഊട്ടുപുരയിലെത്തിയവരൊക്കെ ഒറ്റവാക്കില്‍ പറയുന്നു 'ഉഷാര്‍'. സംഘാടനത്തിലെ മികവുതന്നെയാണ് ഇതിനുപിന്നിലെന്ന് ഭക്ഷണക്കമ്മിറ്റി ചെയര്‍മാന്‍ കെ.പി.കുഞ്ഞിക്കണ്ണനും പി.ശശിധരനും പറയുന്നു. മേള മൂന്നുദിവസം പിന്നിട്ടപ്പോഴേക്കും അരലക്ഷംപേര്‍ ഭക്ഷണം കഴിച്ചെന്ന് സംഘാടകര്‍ പറഞ്ഞു.

പുട്ടും കടലയും ഇഡ്ഡലിയും ചമ്മന്തിയുമൊക്കെയായുള്ള രാവിലത്തെ പ്രാതല്‍ 11 മണിവരെ നീളുന്നു. രാത്രി പായസമൊഴികെയുള്ള സദ്യ. 18 കൗണ്ടറുകളാണ് ഒരുക്കിയിട്ടുള്ളത്. എല്ലാത്തിനും അതിന്റേതായ ചിട്ടകള്‍. 600-ഓളം അധ്യാപകരാണ് ഭക്ഷണം വിളമ്പുന്നത്. എല്ലാവര്‍ക്കും യൂണിഫോമുമുണ്ട്. കെ.പി.എസ്.ടി.എ.യാണ് ഭക്ഷണക്കമ്മിറ്റിയുടെ ഉപസമിതിക്കാര്‍. ഇവരുടെ ഓരോ ഉപജില്ലയിലെയും കീഴ്കമ്മിറ്റിക്കാരും വിദ്യാഭ്യാസവകുപ്പിന്റെ ഉപജില്ലാ നേതൃത്വവുമെല്ലാം കൈകോര്‍ത്തായിരുന്നു കലവറ നിറച്ചത്. 12 ടണ്‍ അരി, 12,500 തേങ്ങ, 750 കിലോ ഉള്ളി, 250 കിലോ ചേന, 400 കിലോ നേന്ത്രപ്പഴം തുടങ്ങി സാധനങ്ങളെല്ലാം ആവശ്യത്തിനനുസരിച്ച് ശേഖരിച്ചിരുന്നു. 212 ഗ്യാസ് സിലിണ്ടറുകളിലായാണ് പാചകം. പാചകപ്പുരയിലെ മലിനജലം ഒഴുക്കിക്കളയാനും ഭക്ഷണാവശിഷ്ടങ്ങള്‍ കൊണ്ടുപോകാനും ഏര്‍പ്പെടുത്തിയ സംവിധാനങ്ങളും മാതൃകാപരമാണ്.

മാതൃഭൂമി സീഡ് പ്രവര്‍ത്തകരും ബോധവത്കരണവുമായി ഭക്ഷണശാലയില്‍ സജീവമാണ്. ഓരോ വേദിയിലേക്കും ഒഫീഷ്യലുകള്‍ക്കുള്‍പ്പെടെ ഭക്ഷണപ്പൊതിയുമെത്തിക്കുന്നുണ്ട്. ഡി.വൈ.എഫ്.ഐ. ഉള്‍പ്പെടെയുള്ള സംഘടനകളും ഊട്ടുപുരയില്‍നിന്ന് പൊതിച്ചോറ്് എടുത്ത് വേദികളിലെത്തിക്കാന്‍ സഹായിക്കുന്നുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകുന്ന കുട്ടികള്‍ക്ക് 2000 വെജിറ്റബിള്‍ ബിരിയാണി പാര്‍സലാക്കി നല്‍കും. സ്‌കൗട്ട് ഗൈഡ്സ്, എന്‍.എസ്.എസ്-എന്‍.സി.സി-എസ്.പി.സി. യൂത്ത് വെല്‍ഫെയര്‍ ഗ്രൂപ്പ് എന്നിവരും ഭക്ഷണശാലയില്‍ സജീവമാണ്

Content Highlights: Mess kalolsavam venue  Kalolsavam 2019