കാഞ്ഞങ്ങാട്: അറുപതാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം മദ്ദള മത്സരത്തിലെ പെണ്‍ കരുത്തായി കണ്ണൂര്‍ സെന്റ് തെരേസസ് എച്ച്എസ്എസിലെ നാല്‍വര്‍ സംഘം. രശ്മിക, ആര്യശ്രീ, അവന്തിക, അമ്പിളി എന്നിവരടങ്ങിയ ടീം തുടര്‍ച്ചയായ മൂന്ന് വര്‍ഷം എ ഗ്രേഡ് സ്വന്തമാക്കിയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയോട് വിട പറഞ്ഞത്. 

എല്‍കെജി മുതല്‍ ഒരേ ക്ലാസില്‍ തന്നെ പഠിക്കുന്ന ഉറ്റ സുഹൃത്തുക്കളാണ് ഈ നാല് പേരും. ഹയര്‍സെക്കന്‍ഡറിയില്‍ അവന്തിക കംപ്യൂട്ടര്‍ സയന്‍സും മറ്റ് മൂന്ന് പേര്‍ കൊമേഴ്സും തിരഞ്ഞെടുത്തെങ്കിലും ക്ലാസ് സമയം ഒഴികെ മറ്റെന്തിനും ഇവര്‍ ഒന്നിച്ചുണ്ട്.

പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംസ്ഥാന തല ഹൈസ്‌ക്കൂള്‍ വിഭാഗം മദ്ദളത്തില്‍ നാല്‍വര്‍ സംഘം ആദ്യമായി എ ഗ്രേഡ് നേടുന്നത്. ഹയര്‍സെക്കന്‍ഡറിയിലെത്തിയപ്പോഴും സൗഹൃദത്തില്‍ പിറന്ന മദ്ദളക്കൂട്ടിന് മാറ്റമുണ്ടായില്ല. കഴിഞ്ഞ ആലപ്പുഴ കലോത്സവത്തിലും എ ഗ്രേഡുമായി മടങ്ങി. കാസര്‍കോട്ടെ അവസാന കലോത്സവത്തിലും എ ഗ്രേഡ് ഉറപ്പിച്ച് വേദിയിലെത്തിയ രശ്മികയും സംഘവും ആ ലക്ഷ്യം നിറവേറ്റുകയും ചെയ്തു. 

ഹയര്‍സെക്കന്‍ഡറിക്ക് ശേഷം ഡിഗ്രിക്കും ഒരോ കോളേജില്‍ ഒന്നിച്ച് പഠിക്കാനാകുമെന്ന പ്രതീക്ഷയിലാണിവര്‍. അവിടെയും മദ്ദളം ഒന്നിച്ച് വേദിയിലെത്തിക്കുകയും വേണം ഇവര്‍ക്ക്. മട്ടന്നൂര്‍ സതീശന്റെ ശിക്ഷണത്തിലാണ് കഴിഞ്ഞ മൂന്ന് വര്‍ഷവും ഇവര്‍ സംസ്ഥാന കലോത്സവ വേദിയിലെത്തിയത്.

Content Highlights: maddalam contestants state school youth festival