കാഞ്ഞങ്ങാട്: കാസര്‍കോട്ട് കലോത്സവ വേദികളിലെ സജീവ സാന്നിധ്യമായിരുന്നു ഈ കുട്ടി ഫോട്ടോഗ്രാഫര്‍മാര്‍. 28 വേദികളിലായി നാല് ദിവസവും ക്യാമറയും പിടിച്ച് ഒരേ യൂണിഫോമില്‍ ഇവരുണ്ടായിരുന്നു. പത്ര ഫോട്ടോഗ്രാഫര്‍മാരുടെ സമാന ജോലിയുമായി രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറ് വരെ നീളും ഈ കുട്ടി ഫോട്ടോഗ്രാഫര്‍മാരുടെ ജോലി. വേദിയിലെ എല്ലാ ഇനങ്ങളും പ്രത്യേക ഷൂട്ടുമെല്ലാം ഇവരുടെ ക്യാമറ കണ്ണില്‍ പതിയും. 

ഒമ്പത്, പത്ത് ക്ലാസ് വിദ്യാര്‍ഥികളായ ഇവര്‍ കൈറ്റിന് കീഴിലുള്ള ലിറ്റില്‍ കൈറ്റ്സ് സംഘമാണ്. ഹൈടെക് പദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി കൈറ്റ് (KITE  കേരള ഇന്‍ഫ്രാസ്ടെക്ച്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍) ആരംഭിച്ച ഐടി കൂട്ടായ്മയാണ് ലിറ്റില്‍ കൈറ്റ്സ്. പത്ത് അധ്യാപകരുടെ നേതൃത്വത്തില്‍ 110 കുട്ടികളാണ് കലോത്സവ കാഴ്ചകള്‍ പകര്‍ത്താന്‍ കാസര്‍കോട്ട് സജീവമായുണ്ടായിരുന്നത്. മൂന്ന് പേര്‍ വീതമുള്ള ചെറു സംഘങ്ങളായാണ് ഇവര്‍ മത്സര ഇനങ്ങള്‍ ഫ്രെയ്മിലാക്കിയത്. മത്സര ഇനങ്ങളുടെ വാര്‍ത്താ റിപ്പോര്‍ട്ടും ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞ് ഇവര്‍ തയ്യാറാക്കിയിരുന്നു. 

കാസര്‍കോട്ടെ വിവിധ സ്‌കൂളുകളില്‍നിന്ന് തിരഞ്ഞെടുത്ത കുട്ടികളാണിവര്‍. കൈറ്റ്സിന് കീഴില്‍ ക്യാമറയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക പരിശീലന ലഭിച്ച ശേഷമാണ് ഇവര്‍ ക്യാമറയുമെടുത്ത് കലോത്സവ നഗരിയിലേക്കിറങ്ങിയത്. മൂന്ന് പേരടങ്ങളുന്ന ഓരോ സംഘത്തിനും ഒരു ക്യാമറ നല്‍കും. വേദിയിലെ ചെറു അനക്കങ്ങള്‍ പോലും ക്യാമറക്കുള്ളിലാക്കാന്‍ കുട്ടികള്‍ പരസ്പരം മത്സരിച്ചു.

Content Highlights: kite little kites at state school youth festival