ആശാനും മകനും ചേര്‍ന്ന് പരിശീലിപ്പിച്ച കുട്ടിക്ക് എ ഗ്രേഡ്. ആശാനും മകളും ചേര്‍ന്ന് പരിശീലിപ്പിച്ച ശിഷ്യര്‍ക്കും എ ഗ്രേഡ്. സംഭവം തുള്ളലിലും കഥകളിയിലും.

കലാമണ്ഡലത്തിലെ തുള്ളല്‍വിഭാഗം മേധാവി കലാമണ്ഡലം മോഹനകൃഷ്ണനും മകന്‍ എം.എം. യദുകൃഷ്ണനുമാണ് പരിശീലകരായി വന്നത്. ശിഷ്യനായ വടകര മേമുണ്ട എച്ച്.എസിലെ അനജ് മനോജിന് എ ഗ്രേഡ് കിട്ടുകയും ചെയ്തു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലായിരുന്നു മത്സരം. യദുകൃഷ്ണന്‍ കലാമണ്ഡലത്തില്‍ ബി.എ. തുള്ളല്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. 2013 മുതല്‍ 17 വരെ തുടര്‍ച്ചയായി സംസ്ഥാനതല വിജയിയായിരുന്നു യദുകൃഷ്ണന്‍.

കഥകളിയിലെ കഥാനായകന്‍ ഗുരു ചേമഞ്ചേരിയുടെ ഗുരുകുലത്തില്‍നിന്നാണ്. ഗുരുവിന്റെ അനന്തിരവന്‍ കലാമണ്ഡലം പ്രേംകുമാറും പ്രേംകുമാറിന്റെ മകള്‍ ആര്‍ദ്രാ പ്രേമും ഈ വിജയകഥയില്‍ കഥാപാത്രങ്ങളാണ്. 30 വര്‍ഷമായി മത്സരരംഗത്തുള്ള പ്രേംകുമാറിന് മുന്‍കലാതിലകം ആദര്‍ശ് അടക്കമുള്ള ശിഷ്യരുണ്ട്. മകള്‍ ആര്‍ദ്ര സ്‌കൂള്‍, കോളേജ് കഥകളിമത്സരങ്ങളില്‍ തുടര്‍ച്ചയായി സമ്മാനം നേടി. എട്ടാംക്ലാസ് മുതല്‍ ബിരുദം അവസാനവര്‍ഷംവരെ തുടര്‍ച്ചയായ വിജയങ്ങള്‍. ഇക്കുറി അച്ഛനൊപ്പം കളരിയില്‍ പരിശീലനത്തിന് സഹായിയായി മകളുമെത്തി. അവര്‍ പരിശീലിപ്പിച്ച കോഴിക്കോട് ബാലുശ്ശേരി വി.എച്ച്.എസ്., കോഴിക്കോട് തിരുവങ്ങൂര്‍ എച്ച്.എസ്.എസ്. എന്നീ ടീമുകള്‍ക്ക് എ ഗ്രേഡും ലഭിച്ചു.

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: Kerala State School youth Festival 2019