കാഞ്ഞങ്ങാട്: ഇരുപത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പ്, 239 ഇനങ്ങളും പതിനായിരം വിദ്യാര്‍ഥികളും 28 വേദികളും. കാസര്‍കോടുകാര്‍ സ്വപ്നം കണ്ടിരുന്ന കലയുടെ സംഗമോത്സവം നാല് ദിവസത്തെ നിറഞ്ഞാട്ടത്തിന് ശേഷം ഉപചാരം ചൊല്ലിപ്പിരിയുമ്പോള്‍ 'ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍' എന്ന മട്ടിലായി കാഞ്ഞങ്ങാട് കലോത്സവം. നാല് ദിവസവും അതിന്റെ എല്ലാ ആവേശത്തോടെയും മേളയെ ഓരോ കാസര്‍കോടുകാരനും ഏറ്റെടുത്തപ്പോള്‍ പഴിയായി നിന്നത് ഗതാഗത കുരുക്കുമാത്രം. 

സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും മറ്റേത് ജില്ലയോടും കാസര്‍കോട് മുട്ടി നിന്നപ്പോള്‍ പാളിപ്പോയത് ഗതാഗത കരുക്കുലാണെന്ന് അധികൃതരും സമ്മതിക്കുന്നുണ്ടെങ്കിലും അതിനെ മറികടന്ന് ജോറാക്കി നാലാം ദിവസവും പൂര്‍ത്തിയാക്കിയതിന്റെ തൃപ്തിയിലാണ് അതിഥികളെ കാസര്‍കോട് പറഞ്ഞയക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് സ്വന്തം വീടുപോലും അഭയം നല്‍കി ഓരോ കാസര്‍കോടുകാരനും മേളയുടെ ഭാഗമായപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട് വടക്കിന്റെ നന്മയും സ്നേഹവും ഓരോരുത്തരുടേയും മനസ്സില്‍. ആദ്യ ദിവസം മുതല്‍ വേദികളിലെല്ലാം അനുഭവപ്പെട്ട വന്‍ ജനത്തിരക്ക് തങ്ങളെ ഇതുവരെ മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കുള്ള മറുപടി കൂടിയായി മാറിയെന്ന് പറയാതെ പറയുന്നുണ്ട് കാസര്‍കോടുകാര്‍. 28 വേദികളിലായി നാല് ദിവസവും മത്സരങ്ങള്‍ അരങ്ങ് തകര്‍ത്തപ്പോള്‍ കനത്ത ചൂടിനേയും പൊടിയേയും വകവെക്കാതെയാണ് ആസ്വാദകര്‍ കലോത്സവത്തെ ഏറ്റെടുത്തത്.

കലയുടെ കളിയാട്ടം കണ്ട് മനം നിറഞ്ഞവര്‍ക്ക് കുടുംബശ്രീയും ജയില്‍ വകുപ്പും രുചിമേളം കൂടി ഒരുക്കിയപ്പോള്‍ തട്ടിക്കൂട്ട് കടകളുടെ കൊള്ളയില്‍ നിന്ന് മേളക്കെത്തിയവര്‍ക്ക് കൈപൊള്ളാതെ ഭക്ഷണം  കഴിക്കാനുമായി  എന്നത്  പറയാതെ വയ്യ. ഇതോടെ കുട്ടികളുടെ മാത്രമല്ല കുടുംബശ്രീക്കാരുടേയും ജയില്‍ വകുപ്പിന്റേയും ഞങ്ങള്‍ ഓരോരുത്തരുടേയും കൂടെയായി സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറിയെന്ന് പറയുന്നു കാസ്രോട്ടുകാര്‍. ഇനി കൊല്ലത്ത് കാണാമെന്ന ധാരണയില്‍ കലോത്സവം ഉപചാരം ചൊല്ലിപ്പിരിയുമ്പോള്‍ 'കാസ്രോട്ടാരെ മറക്കല്ലെ കുഞ്ഞ്യേളേ' എന്ന് സങ്കടത്തോടെ  പറയുന്നുമുണ്ട് ഇവിടേയുള്ളവര്‍. ആളും ആരവവും ഒഴിയുമ്പോള്‍ തങ്ങള്‍ മാറ്റി നിര്‍ത്തപ്പെട്ടവരായി മാറുമെന്ന് ഇവര്‍ക്കറിയാമെങ്കിലും ഒരു കൂട്ടം കുട്ടികളെ ആതിഥ്യമരുളിയതിന്റെ തൃപ്തിയിലാണ് ഓരോ കാസ്രോട്ടുകാരനും. 

ഐങ്ങോത്ത് ഗ്രൗണ്ടില്‍ സജ്ജമാക്കിയ പ്രധാന വേദിക്ക് തൊട്ടു മുന്നിലായുള്ള കാഞ്ഞങ്ങാട് നീലേശ്വരം ദേശീയ പാതമാത്രമാണ് നാല് ദിവസത്തെ മേളയ്ക്ക് പഴിയായി നിന്നത്. മേള ദിനങ്ങളിലെല്ലാം വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞ് കവിഞ്ഞു. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ പോലീസും ബന്ധപ്പെട്ടവരും ആവുന്നതെല്ലാം ചെയ്തെങ്കിലും അവസാന ദിവസവും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. കലോത്സവത്തിനെത്തുന്നവര്‍ക്ക് നല്ല ഭക്ഷണം  ലക്ഷ്യമിട്ട് തട്ടുകള്‍ അടപ്പിച്ച് ഭക്ഷണ വിതരണം പൂര്‍ണമായും കുടുംബശ്രീ അംഗങ്ങളെ ഏല്‍പ്പിച്ചത് മുതല്‍ തുടങ്ങിയ സംഘാടന മികവ് ക്രമസമാധാന പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ വലിയൊരു മേള പൂര്‍ത്തിയാക്കിയത് വരെ എത്തി നില്‍ക്കുന്നുണ്ട്. 

എന്ത് സഹായത്തിനും കാസര്‍കോട്ടെ ഓരോ ഭാഗത്തേയും ആളുകള്‍ എപ്പോള്‍ വേണമെങ്കിലും സജ്ജമായിരുന്നു. പലയിടങ്ങളിലും വാഹന നിയന്ത്രണങ്ങള്‍ വരെ നാട്ടുകാരും ഡ്രൈവര്‍മാരും ഏറ്റെടുത്തപ്പോള്‍ കാസര്‍കോട്ടുകാര്‍ സ്വപ്നം കണ്ടതിനേക്കാള്‍ അപ്പുറമുള്ള മേളയായി അറുപതാം സംസ്ഥാന സ്‌കൂള്‍ കലോത്സവം. കലയുടെ  കളിയാട്ടം വിടപറഞ്ഞ് കാഞ്ഞങ്ങാട് വിടുമ്പോള്‍ കുട്ടികള്‍ പറയുന്നു നന്ദി തങ്ങളെ ചേര്‍ത്ത് നിര്‍ത്തിയതിനും കൂടെ കൂട്ടിയതിനും.

മത്സരങ്ങള്‍ ഇഞ്ചോടിഞ്ച് നീങ്ങിയപ്പോള്‍ പലക്കാടും കോഴിക്കോടും മാറി മാറി വന്നുവെങ്കിലും അന്തിമഫലം പാലക്കാടിനൊപ്പമായിരുന്നു. ആതിഥേയരായ കാസര്‍കോടിന് എട്ടാം സ്ഥാനമാണ്.

പോയിന്റ് നില

പാലക്കാട്-951
കോഴിക്കോട്-949, കണ്ണൂര്‍-949
തൃശ്ശൂര്‍-940
മലപ്പുറം-909
എറണാകുളം-904
തിരുവനന്തപുരം-898
കോട്ടയം-894
കാസര്‍കോട്-875
വയനാട്-876
ആലപ്പുഴ-868
കൊല്ലം-860
പത്തനംതിട്ട-773
ഇടുക്കി-722

സംസ്‌കൃതോത്സവത്തില്‍ എറണാകുളവും തൃശ്ശൂരും 95 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. 93 പോയിന്റുമായി കാസര്‍കോടാണ് രണ്ടാം സ്ഥാനം. അറബിക് കലോത്സവത്തില്‍ 95 പോയിന്റ് നേടി പാലക്കാടും കണ്ണൂരും കാസര്‍കോടും കോഴിക്കോടും ഒന്നാം സ്ഥാനത്തെത്തി. 93 പോയിന്റുമായി വയനാട്, തൃശ്ശൂര്‍, മലപ്പുറം, കൊല്ലം എന്നിവര്‍ രണ്ടാം സ്ഥാനം നേടി.

Content Highlights: kerala school kalolsavam, state school youth festival 2019