കാഞ്ഞങ്ങാട്: നീലേശ്വരം റെയില്‍വേ സ്റ്റേഷനെങ്ങോട്ടാ...ചോദ്യംകേട്ട അപരിചിതന്‍ എന്നെയും കൂട്ടി റെയില്‍വേസ്റ്റേഷനിലെത്തി. സാറേ വണ്ടിവരാന്‍ താമസമുണ്ട്. ഒരു ചായകുടിക്കാം. വടക്കന്‍ മണ്ണിന്റെ ഈ സ്‌നേഹം മനസ്സില്‍നിന്ന് എങ്ങനെയാണ് മാഞ്ഞുപോവുക'-പാലക്കാട്ടെ ആലത്തൂര്‍ ഗുരുകുലം സ്‌കൂള്‍ അധ്യാപകന്‍ ഡോ. വിജയന്‍ വി. ആനന്ദിന് കാഞ്ഞങ്ങാട്ടെയും നീലേശ്വരത്തെയും ആളുകളുടെ സ്‌നേഹമയമായ മനസ്സിനെ എത്ര പ്രകീര്‍ത്തിച്ചിട്ടും മതിയാകുന്നില്ല.

25 രൂപ സര്‍വീസ് ചാര്‍ജെന്നുപറയുമ്പോള്‍ 30 രൂപ കൊടുത്ത് എടുത്തോട്ടെ എന്നുകരുതി കൊടുത്താലും വേണ്ട സര്‍, ഇതാ ബാക്കി അഞ്ചുരൂപ എന്നുപറയുന്ന ഓട്ടോറിക്ഷക്കാരാണിവിടെയുള്ളതെന്ന് ബോധ്യപ്പെട്ടു -തെക്കന്‍ ജില്ലയില്‍നിന്നെത്തിയ അധ്യാപകന്‍ ശ്രീനിവാസന്‍ പറഞ്ഞു. താമസിക്കുന്ന വീടുകളില്‍നിന്ന് റോഡിലിറങ്ങി നില്‍ക്കുന്നത് കണ്ടാല്‍ അതുവഴിവന്ന ബൈക്കുകാര്‍ അപ്പോള്‍ത്തന്നെ നിര്‍ത്തി പിറകില്‍ കയറ്റി വേദിയിലെത്തിക്കും. ഞങ്ങള്‍ മിഠായിവാങ്ങി ബാഗിലിടും. അവര്‍ ബൈക്കില്‍ കൊണ്ടുചെന്നാക്കുമ്പോള്‍ അത് കൊടുക്കും. ഒരു മധുരംകൊടുത്തുവെന്ന സംതൃപ്തി-കലോത്സവത്തിനെത്തിയ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പറഞ്ഞു. കാഞ്ഞങ്ങാട്ടുകാരുടെ സ്‌നേഹം വിവരിക്കുകയാണ് കലോത്സവത്തില്‍ പങ്കെടുക്കാനായി ഇതര ജില്ലകളില്‍നിന്നെത്തിയവര്‍.

താമസിക്കാന്‍ മുസ്ലിം പള്ളി തുറന്നുകൊടുത്തതും വായനശാലയിലും മറ്റും കട്ടിലും കിടക്കയുമെത്തിച്ച് സൗകര്യമൊരുക്കിയതും ബസ്സില്‍ കയറിയാലുള്ള നല്ല അനുഭവങ്ങളും വിവരിക്കുന്നു അതിഥികള്‍. ഹോട്ടലില്‍ കയറിയാല്‍ വയറുനിറച്ച് കഴിച്ചാലും അത്രയൊന്നുമധികമാകില്ലെന്ന് പരസ്പരം പറഞ്ഞും തീരാത്തത്രയും വിശേഷങ്ങള്‍ പങ്കുവെച്ചുമാണ് എല്ലാവരും മടങ്ങിയത്.

ഗ്രാമീണതയുടെ നൈര്‍മല്യംതുളുമ്പിയ ഈ ഉത്സവത്തെ ഗ്രാമീണ കലോത്സവമെന്ന് വിളിക്കാമെന്ന് ഇതരജില്ലക്കാരെ യാത്രയാക്കാന്‍ അതിയാമ്പൂരില്‍ നടത്തിയ ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശനെ മന്ത്രി പൊന്നാട അണിയിച്ചു. ഈ പ്രദേശത്തെ വീടുകളില്‍ താമസമൊരുക്കാന്‍ മേല്‍നോട്ടംവഹിച്ച പാര്‍ക്കോ ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി.

Content Highlights:Kanhangad's hospitality Kerala State School Kalolsavam 2019