കാഞ്ഞങ്ങാട്: കലോത്സവ വേദിയില്‍ ഇത്തവണ മിമിക്രിയെ വ്യത്യസ്തമാക്കിയത് വിഷയങ്ങളിലെ വൈവിധ്യങ്ങള്‍ തന്നെയാണ്. പതിവ് ഉമ്മന്‍ചാണ്ടിയേയും വെള്ളാപ്പള്ളി നടേശനേയും വി.എസിനേയുമെല്ലാം മാറ്റിവെച്ച് വിദ്യാര്‍ഥികള്‍ വേദികളില്‍ പുതുവിഷയങ്ങളുമായി സജീവമായപ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മിമിക്രി മത്സരം കാണികളെ ആവേശഭരിതരാക്കി. ഒരു മിമിക്രിക്കാരനെ വിഷയമാക്കിയാണ് കട്ടപ്പനയില്‍ നിന്നും അജസ് എന്ന പത്താംക്ലാസുകാരന്‍ മിമിക്രിയുമായി കാഞ്ഞങ്ങാട് സ്‌കൂള്‍ കലോത്സവ വേദിയില്‍ എത്തിയത്.  നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മിമിക്രി വേദിയില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച അജസിന് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.

മിമിക്രിയെ  ജീവന് തുല്യം സ്നേഹിച്ച് ഉറക്കത്തില്‍ പോലും മിമിക്രി അവതരിപ്പിക്കുന്ന ഒരു കലാകാരനെയാണ് അജസ് അവതരിപ്പിച്ചത്. ഒടുക്കം അയാളുടെ മിമിക്രി ശല്യമായതോടെ വീട്ടുകാര്‍ ചായ്പ്പില്‍ കിടാത്താന്‍ തീരുമാനിക്കുകയാണ്. അങ്ങനെ ചായ്പ്പിൽ കിടന്നുള്ള ഉറക്കത്തിനിടയിൽ അയാൾ കാണുന്ന സ്വപ്നമാണ് അജസിന്റെ വിസ്മയ ശബ്ദത്തിലൂടെ വേദി കീഴടക്കിയത്.

തന്റെ സ്വപ്നത്തില്‍ എ.കെ 47 നും പി.വി.സി പൈപ്പ് മുറിക്കലും ഹൃദയമിടിപ്പുമെല്ലാം അവതരിപ്പിക്കുന്ന വലിയൊരു കലാകാരനായി അജസിന്റെ കഥാപാത്രം മാറുമ്പോള്‍ കണ്ടുനിന്ന പ്രേക്ഷകരും ആവേശത്തിലായി.അച്ഛന്റെ തല്ല് കിട്ടുന്നതോടെ ഉറക്കത്തില്‍ നിന്ന് ഞെട്ടുന്നിടത്ത് പ്രഭാതം പൊട്ടിവിടരുകയും ചെയ്യുന്നു. മറ്റുള്ള മിമിക്രി അവതരണത്തില്‍ നിന്നും അജസിനെ വ്യതസ്തമാക്കിയതും ഈയൊരു അവതരണമായിരുന്നു. വിധി നിര്‍ണയിച്ചപ്പോള്‍ എഗ്രേഡ് ലഭിക്കുകയും ചെയ്തു.

കട്ടപ്പന സെന്റ്ജോര്‍ജ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് അജസ്. ജെല്ലിക്കെട്ട് സിനിമയില്‍ അടക്കം അഭിനിയിച്ച ജി.കെ പൊന്നാംകുഴിയാണ് പരിശീലകന്‍. പൈനാവ് എസ്.പി ഓഫീസിലെ കാഷ്യര്‍ ആയ റെജിയുടേയും എല്‍സിയുടേയും മകനാണ്. മൂന്നാംക്ലാസ് വിദ്യാര്‍ഥിയും കലാകാരനുമായ അജുല്‍ അനുജനും, ആഷ്ലി സഹോദരിയുമാണ്. രണ്ടാംക്ലാസ് വിദ്യാര്‍ഥിയായിരിക്കുന്ന സമയം മുതലേ മിമിക്രിയെ ഇഷ്ടപ്പെട്ടിരുന്ന  അജസ് കഴിഞ്ഞ തവണത്തെ ആലപ്പുഴ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും പങ്കെടുത്തിട്ടുണ്ട്.

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം

Content Highlights: Ajas gets A Grade HS. Mimicry Kalolsavam 2019