ഗണേഷിന് ചാക്യാര്‍കൂത്തില്‍ എ ഗ്രേഡെന്ന് പറയുമ്പോള്‍ അമ്മ സീനയുടെ മുഖത്ത് ഒരമ്മ പൊരുതി നേടിയ വിജയത്തിന്റെ തിളക്കമാണ്. തൃശ്ശൂര്‍ പാവറട്ടി സെന്റ് ജോസഫ് സ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഗണേഷിന്റെ രണ്ടാമത്തെ സംസ്ഥാന കലോത്സവമാണിത്. മത്സരിച്ച രണ്ട് കൊല്ലവും എഗ്രേഡ് കരസ്ഥമാക്കിയാണ് ഗണേശ് മടങ്ങിയത്. വളരെ ചെറുപ്പത്തില്‍ തന്നെ ഗണേഷിന്റെ അച്ഛന്‍ ഇവരെ ഉപേക്ഷിച്ച് പോയതാണ്. തുടര്‍ന്നങ്ങോട്ടുള്ളത്
അമ്മ സീനയുടെ അതിജീവനത്തിന്റെ കഥയാണ്. സീനയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ഇവരുടെ അമ്മ ശാന്തയുമുണ്ട്. ഒടിഞ്ഞ കൈയ്യോടുകൂടിയാണ് അമ്മൂമ്മ ശാന്ത കൊച്ചുമോന്റെ പരിപാടി കാണാനെത്തിയത്.
ഓട്ടന്‍തുള്ളല്‍ പരിശീലിനത്തിനിടയിലാണ് ഗണേഷിനെ ചാക്യാര്‍ കൂത്ത് പരിശീലിപ്പിച്ചുകൂടോയെന്ന് അധ്യാപകര്‍ പറയുന്നത്. മകന്റെ കഴിവു തിരച്ചറിഞ്ഞ സീന പൂര്‍ണ്ണ പിന്തുണയോടെ ചാക്യാര്‍ കൂത്ത് പരിശീലിപ്പിക്കുകയായിരുന്നു. എല്ലാവരേയും നിരാശരാക്കാതെ ഗണേഷ് ചാക്യാര്‍ കൂത്തില്‍ മുന്നേറുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.
വിജയങ്ങള്‍ കിട്ടുമ്പോള്‍ അച്ഛന്‍ ഇതൊക്കെ അറിയണമെന്നുണ്ട്. വിജയം അമ്മയ്ക്ക് സമര്‍പ്പിക്കുന്നു, അമ്മയ്ക്ക് നല്‍കുന്ന സമ്മാനമാണ് എന്റെ വിജയം - ഗണേഷ് പറയുന്നു
വളരെ ചെലവുകൂടിയ മത്സരയിനമാണിത്. ഒരു മൂന്ന് ലെവല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തന്നെ 65000 രൂപ മിനിമം കണ്ടെത്തണം. ഞാന്‍ നാളെ മുതല്‍ അടുത്ത കൊല്ലത്തെ മത്സരത്തിനായി പൈസ സ്വരൂപിക്കും. വളരെ ബുദ്ധിമുട്ടുണ്ട് എന്നിരുന്നാലും ഇതെല്ലാം അവന്‍ വേണ്ടിയാണല്ലോ. അച്ഛന്റെ കുറവ് അവന്‍ അറിയരുത് അങ്ങനെയാണ് ഞാന്‍ വളര്‍ത്തുന്നത് - അമ്മ സീന പറയുന്നു. ചാവക്കാട് രാജാസ് സ്‌ക്കൂളിലെ ഹയര്‍ സെക്കണ്ടറി അധ്യാപികയാണ് സീന.
ചാക്യാര്‍ കൂത്ത് പോലെ തന്നെ ഫുട്ബോളിനെയും അതിയായി പ്രണയിക്കുന്ന ഗണേഷ് കടുത്ത നെയ്മര്‍ ആരാധകന്‍ കൂടിയാണ്. ഫുട്ബോള്‍ കളിക്കിടെ ഏറ്റ പരിക്കുമായിട്ടാണ് കഴിഞ്ഞ തവണ മത്സരത്തിനെത്തിയത്. ഫുട്ബോള്‍ പരിശീലനവും ഗൗരവത്തോടെയാണ് ഗണേഷ് കാണുന്നത്
കലോത്സവ വേദി വിട്ട് ആ ഗേറ്റ് കടക്കുമ്പോള്‍ അടുത്ത കൊല്ലവും തന്റെ അമ്മയ്ക്കായി വിജയങ്ങള്‍ നേടണമെന്ന് മാത്രമാണ് ചിന്ത. തന്റെ മകന്‍ വേണ്ടത് നല്‍കാന്‍ തനിക്ക് ഒറ്റയ്ക്കാവുമെന്ന പെണ്‍കരുത്തോടെ അമ്മ സീനയും
കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
Content Highlights: Ganesh gets A Grade in Chakyarkoothu Kalolsavam 2019