kalolsavam
കുട്ടികള്‍ രജിത്തിന്റെ
വീട്ടുമുറ്റത്ത് പരിശീലനം നടത്തുന്നു
 

വസാനനിമിഷം ഹൈക്കോടതിവിധിയുമായി കാഞ്ഞങ്ങാട്ടേക്ക് തീവണ്ടി കയറിയതായിരുന്നു പാലക്കാട് മൗണ്ട് സീന എച്ച്.എസ്.എസിലെ കോല്‍ക്കളിസംഘം. താമസസ്ഥലത്തെക്കുറിച്ചോ എവിടെ വണ്ടിയിറങ്ങണമെന്നോ അറിയാതെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ കയറിയ സംഘത്തിന് തുണയായതാവട്ടെ മാതൃഭൂമി സബ് എഡിറ്റര്‍ രജിത് റാം.

കണ്ണൂരില്‍നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് വരവെയാണ് രജിത്ത് തീവണ്ടിയില്‍വെച്ച് കോല്‍ക്കളിസംഘത്തെ പരിചയപ്പെടുന്നത്. ആദ്യമായി കാഞ്ഞങ്ങാട്ടെത്തുന്ന, അതും വളരെ വൈകിയവേളയില്‍ കുഞ്ഞുസംഘത്തിനാകെ ആശങ്കയായിരുന്നു. കാസര്‍ക്കോട്ടെ ഒരു പള്ളിയില്‍ ആരോ വിളിച്ച് താമസം ഒരുക്കിയിരുന്നു. എന്നാല്‍ അവിടെനിന്ന് മത്സരവേദിയായ നീലേശ്വരത്ത് എത്താന്‍ 40 കിലോമീറ്ററോളം യാത്രചെയ്യണം.

രജിത്തിന്റെ വീട്ടില്‍ നിന്നാകട്ടെ മത്സരവേദിയിലേക്ക് 100 മീറ്ററും. 19 പേരടങ്ങുന്ന കോല്‍ക്കളിസംഘത്തെ രജിത് വീട്ടിലേക്ക് കൂട്ടി. വണ്ടിയില്‍വെച്ച് മണിക്കൂറുകള്‍ക്ക് മുന്നെ പരിചയപ്പെട്ട രജിത്തിനെ വിശ്വസിച്ച് അന്‍വര്‍മാഷും കുട്ട്യോളും പുലര്‍ച്ചെ മൂന്നുമണിക്ക് നീലേശ്വരത്ത് വണ്ടിയിറങ്ങി. നേരെ വീട്ടിലേക്ക്... കൊച്ചുറക്കം. പിന്നെ സമൃദ്ധമായ പ്രാതല്‍... അതുകഴിഞ്ഞ് വീട്ടുമുറ്റത്ത് കഠിനപരിശീലനം. ഒടുവില്‍ മേക്കപ്പും കഴിഞ്ഞ് വീട്ടില്‍നിന്ന് നേരെ വേദിയിലേക്ക്...

Content Highlights: Mathrubhumi sub editor Rajith Ram host to contestants State School Youth Festival 2019